തിരുവനന്തപുരം
പുനഃസംഘടനയിൽ പൊട്ടിത്തെറിയുടെ വക്കിൽ നിൽക്കുന്നതിനിടെ പുതുതായി നിയമിച്ച ബ്ലോക്ക് പ്രസിഡന്റുമാർക്കായി പഠനക്യാമ്പുമായി കെപിസിസി നേതൃത്വം. പരാതികൾ പരിഹരിക്കുംവരെ ക്യാമ്പ് നടത്തരുതെന്ന നേതാക്കളുടെ മുന്നറിയിപ്പ് അവഗണിച്ചാണ് നേതൃത്വത്തിന്റെ നീക്കം.
ബ്ലോക്ക് പ്രസിഡന്റ് നിയമനത്തിൽ പരാതിയുമായി മുതിർന്ന നേതാക്കളടക്കം രംഗത്തെത്തിയിരുന്നു. പുനഃസംഘടനയിൽ അവഗണിച്ചതായി എ ഗ്രൂപ്പ് നേതാക്കൾ പരസ്യ നിലപാടെടുത്തു. ഇക്കാര്യത്തിൽ ഉമ്മൻചാണ്ടിയുമായി ആലോചിച്ച് നേതൃത്വത്തെ സമീപിക്കാൻ നീക്കം നടത്തുന്നതിനിടെയാണ് ബ്ലോക്ക് പ്രസിഡന്റുമാർക്ക് ക്യാമ്പ് സംഘടിപ്പിക്കുന്ന അറിയിപ്പ് കെപിസിസി നേതൃത്വം പുറത്തിറക്കിയത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ ക്യാമ്പ് 12, 13 തീയതികളിൽ ആലുവയിലും തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലേത് 14നും 15നും കോഴിക്കോടും നടക്കും. കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും പങ്കെടുക്കുമെന്നാണ് അറിയിപ്പ്.
ഡിസിസി യോഗങ്ങളിൽപ്പോലും പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ച സാഹചര്യത്തിൽ ക്യാമ്പുമായി സഹകരിക്കുന്നത് ആലോചിച്ചശേഷം മതിയെന്നാണ് എ ഗ്രൂപ്പിന്റെ നിലപാട്.