ന്യൂഡൽഹി> നെല്ലടക്കമുള്ള ഖാരിഫ് വിളകൾക്ക് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച താങ്ങുവില വഞ്ചാപരമെന്ന് അഖിലേന്ത്യ കിസാൻ സഭ. അന്യാമായ താങ്ങുവില പ്രഖ്യാപനം കർഷകർക്ക് നഷ്ടം വരുത്തുന്നതാണെന്ന് കുറ്റപ്പെടുത്തിയ കിസാൻ സഭ , നടപടി ചെറുകിട, ഇടത്തരം കർഷകരെ കടക്കെണിയിലേയ്ക്ക് തള്ളിവിടുന്നതാണെന്നും പ്രസ്താവനയിൽ കുറ്റപ്പെടുത്തി. കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം തട്ടിപ്പാണെന്ന് വീണ്ടും തെളിയിക്കപ്പെട്ടു. എല്ലാ കൃഷിച്ചെലവും സമഗ്രമായി ഉൾക്കൊള്ളുന്ന സി2 ഫോർമുലയേക്കാൾ 50 ശതമാനംകൂടി അധികമായാണ് താങ്ങുവില നിർണയിക്കേണ്ടതെന്ന സ്വാമിനാഥൻ കമീഷൻ ശുപാർശ ബിജെപി വീണ്ടും അട്ടിമറിച്ചു.
ഫോർമുല കേന്ദ്രം നടപ്പാക്കത്തിനാൽ നെൽ കർഷകന് ഒരു ക്വിന്റലിനുള്ള നഷ്ടം നിലവിൽ 683.5 രൂപയാണ്. കരാളെ, പരുത്തി എന്നിവയ്ക്ക് 2000 മുതൽ 3000രൂപവരെയാണ് നഷ്ടം . കേന്ദ്രം താങ്ങുവിലയായി പ്രഖ്യാപിച്ചിരിക്കുന്ന 776 രൂപ സംസ്ഥാന ശരാശരിയേക്കാളും വളരെ താഴെയാണ്. അതോടാപ്പം സംസ്ഥാനങ്ങൾ നൽകുന്ന ബോണസും ഇൻസെന്റീവും കേന്ദ്രം നിരുത്സാഹപ്പെടുത്തുന്നു. ഉടൻ താങ്ങുവില പുന:പരിശോധിച്ച് സി2 + 50 ഫോർമുല പ്രകാരം പ്രഖ്യാപിക്കണെമെന്നാവശ്യപ്പെട്ട അഖിലേന്ത്യ കിസാൻ സഭ പ്രസിഡന്റ് അശോക് ധാവ്ലെയും ജനറൽ സെക്രട്ടറി വിജൂ കൃഷ്ണനും, സിഎസ് ഡേറ്റ സംവിധാനത്തിൽ ജമ്മുകശ്മീരിനെയും ഉൾപ്പെടുത്തണമെന്നും അവിടുത്തെ കർഷകരിൽ നിന്ന് വിളകൾ സംഭരിക്കണമെന്നും ആവശ്യപ്പെട്ടു.