മനാമ> ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിൽ സൗദി, ബഹ്റൈൻ എംബസികൾക്ക് നേരെ സായുധാക്രമണം. തലസ്ഥാനമായ ഖാർത്തൂമിലെ സൗദി എംബസിയിലും സൗദി അറ്റാഷെകളിലും സൗദി ജീവനക്കാരുടെ താമസസ്ഥലത്തും ആക്രമണം ഉണ്ടായി. എംബ ജീവനക്കാരുടെ വസതിയും സ്വത്തുക്കളും നശിപ്പിക്കുകയും കെട്ടിടം തകർത്തതായും സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ബഹ്റൈൻ എംബസിയും അംബാസഡറുടെ വസതിയും ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്തതായും കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചതായും ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
എംബസികൾക്ക് നേരെ നടന്ന സായുധ ആക്രമണത്തെ സൗദിയും ബഹ്റൈനും ശക്തമായി അപലപിച്ചു. നയതന്ത്ര കാര്യാലയങ്ങൾക്കും അതിന്റെ പ്രാതിനിധ്യത്തിനും നേരെയുള്ള എല്ലാത്തരം അക്രമങ്ങളും അട്ടിമറികളും സൗദി പൂർണ്ണമായും നിരാകരിക്കുന്നതായി സൗദി വിദേശ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. സുഡാനിൽ സുരക്ഷയും സമാധാനവും തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങൾക്ക് തുരങ്കം വെക്കാൻ ശ്രമിക്കുന്ന ഇത്തരം സായുധ ഗ്രൂപ്പുകളെ ചെറുക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. നയതന്ത്ര ദൗത്യങ്ങളുടെയും സിവിലിയൻ സൗകര്യങ്ങളുടെയും ആസ്ഥാനത്തിന് പൂർണ്ണ സംരക്ഷണം നൽകണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
ബുധനാഴ്ചയാണ് ബഹ്റൈൻ എംബസിക്കും ജീവനക്കാരുടെ താമസ സ്ഥലങ്ങൾക്കും നേരെ ആക്രമണം ഉണ്ടായത്. അന്താരാഷ്ട്ര നിയമങ്ങളുടെയും നയതന്ത്ര കരാറുകളുടെയും ഗുരുതരമായ ലംഘനമാണ് ആക്രമണമെന്ന് ബഹ്റൈൻ വിദേശ മന്ത്രാലയം വ്യക്തമാക്കി. ആക്രമണം അവസാനിപ്പിക്കണമെന്നും നയതന്ത്ര കാര്യാലയങ്ങൾക്കും സിവിലിയൻ സ്ഥാപനങ്ങൾക്കും പൂർണ സുരക്ഷ ഒരുക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. ആക്രമികളെ ശിക്ഷിക്കണം. സംവാദങ്ങളിലൂടെ സൈനിക നടപടികൾ അവസാനിപ്പിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
ആക്രമണത്തെ അറബ് ലീഗ, അറബ് പാർലമെന്റ് എന്നിവയും യുഎഇ, ഖത്തർ, ജോർദ്ദാൻ തുടങ്ങിയവ രാജ്യങ്ങളും അപലപിച്ചു. സുഡാനിൽ കുവൈത്ത്, ജോർദ്ദാൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങളുടെ എംബസികൾ മെയിൽ ആക്രമിക്കപ്പെട്ടിരുന്നു. സൈനീക തലവൻ അബ്ദുൾ ഫത്താഹ് അൽ ബുർഹാനും അർദ്ധസൈനിക കമാൻഡർ മുഹമ്മദ് ഹംദാൻ ദഗാലോയും തമ്മിലുള്ള അഭിപ്രായ വിത്യാസം രൂക്ഷമായതോടെയാണ് ആക്രമണം പൊട്ടിപുറപ്പെട്ടത്. സൗദിയും യുഎസും മറ്റ് രാജ്യങ്ങളും വെടിനിർത്തൽ കരാർ ഉണ്ടാക്കാൻ ശ്രമിങ്കെിലും പോരാട്ടം ഏപ്രിൽ പകുതി മുതൽ തുടരുകയാണ്.