തിരുവനന്തപുരം> വയനാട് അട്ടമല അങ്കണവാടി വർക്കർ ആത്മഹത്യ ചെയ്ത സംഭവത്തിൽ വിശദമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി വീണാ ജോർജ് വനിത ശിശുവികസന വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി.
മേപ്പാടി പഞ്ചായത്ത് പത്താം വാർഡ് അട്ടമല അങ്കണവാടി വർക്കർ ചൂരൽമല ചൈതന്യത്തിൽ കെ കെ ജലജ (53) ആണ് കഴിഞ്ഞ ദിവസം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അച്ചടക്ക ലംഘനം നടത്തിയെന്ന പരാതിയിൽ കഴിഞ്ഞ മൂന്നിന് ജലജയെയും അങ്കണവാടി ഹെൽപ്പറെയും സസ്പെൻഡ് ചെയ്തിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് ജീവനൊടുക്കിയതെന്നാണ് ആക്ഷേപം.
ജലജയും ഹെൽപ്പറും തമ്മിൽ അങ്കണവാടിയിൽവച്ച് നിരന്തരം വാക്കുതർക്കമുണ്ടാകുന്നെന്ന പരാതിയിൽ നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഡ് ചെയ്തതെന്ന് കൽപ്പറ്റ അഡീഷണൽ ഐസിഡിഎസ് പ്രൊജക്ട് ഓഫീസറുടെ ഉത്തരവിലുണ്ട്. സംഭവത്തിൽ ജലജയുടെ കുടുംബം മേപ്പാടി പൊലീസിൽ പരാതി നൽകി. ഭർത്താവ്: കൃഷ്ണകുമാർ. മകൾ: അശ്വതി.