കൊച്ചി> ഗസ്റ്റ് ലക്ചറർ തസ്തികയ്ക്ക് അപേക്ഷിക്കാൻ കാസർകോട് സ്വദേശിനി കെ വിദ്യ എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖ ചമച്ചെന്ന പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ജാമ്യം ലഭിക്കാത്ത വകുപ്പുൾപ്പെടെ ചുമത്തിയാണ് കേസെടുത്തത്. ഇന്ത്യൻ ശിക്ഷാനിയമം 465, 471, 468 വകുപ്പുകളാണ് ചുമത്തിയത്. ഇതുപ്രകാരം രണ്ടുമുതൽ ഏഴുവർഷംവരെ തടവ് ലഭിക്കാം.
സംഭവത്തിൽ പരാതിക്കാരനായ മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ ഡോ. വി എസ് ജോയിയുടെ മൊഴിയെടുത്തു. വരുംദിവസം പൊലീസ് കോളേജിലെത്തി പരിശോധന നടത്തും. അട്ടപ്പാടി ആർജിഎം ഗവ. കോളേജിൽനിന്ന് അയച്ച എക്സ്പീരിയൻസ് സർട്ടിഫിക്കറ്റും പ്രിൻസിപ്പൽ പൊലീസിന് കൈമാറി. ഇത്തരമൊരു സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെന്നും വ്യാജമാണെന്നും പ്രിൻസിപ്പൽ മൊഴി നൽകി.
പ്രാഥമികാന്വേഷണം നടത്തി ലഭിക്കുന്ന തെളിവുകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിൽ അന്വേഷണം അട്ടപ്പാടി പൊലീസിന് വിടുന്നതിൽ തീരുമാനമെടുക്കും. വ്യാജരേഖയുമായി വിദ്യ അഭിമുഖത്തിനെത്തിയത് ആർജിഎം ഗവ. കോളേജിലായതിനാലാണ് അന്വേഷണം അവിടേക്ക് കൈമാറാൻ ആലോചിച്ചത്. മഹാരാജാസ് കോളേജിലെ മലയാളം വിഭാഗത്തിൽ രണ്ടുവർഷം അതിഥി അധ്യാപികയായിരുന്നുവെന്ന് വിദ്യ വ്യാജരേഖയുണ്ടാക്കിയെന്നാണ് പ്രിൻസിപ്പലിന്റെ പരാതി. ഇക്കാലയളവിൽ മഹാരാജാസിൽ അതിഥി അധ്യാപകനിയമനം നടന്നിട്ടില്ലെന്നും സർട്ടിഫിക്കറ്റിലെ കോളേജിന്റെ എംബ്ലവും സീലും വ്യാജമാണെന്നും പരാതിയിലുണ്ട്.















