കോഴിക്കോട് > കോ ഓർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസുമായി (സിഐസി)അനുരഞ്ജനത്തിന് മുസ്ലിംലീഗ് മുൻകൈയിലെടുത്ത തീരുമാനങ്ങൾ സമസ്ത കേരള ജംഇയത്തുൽ ഉലമ അംഗീകരിച്ചില്ല. അനുരഞ്ജനത്തിന് കൂടുതൽ സമയം വേണമെന്ന് സമസ്ത മുശാവറ യോഗം വ്യക്തമാക്കി. തുടർ നടപടിക്ക് ഏഴംഗ സമിതിയെയും മുശാവറ ചുമതലപ്പെടുത്തി. കഴിഞ്ഞ ദിവസം സിഐസി സെനറ്റ് അംഗീകരിച്ച പ്രമേയങ്ങളെ അപലപിച്ചു. സമസ്തയെ എതിർത്ത് പ്രമേയം അവതരിപ്പിച്ചവർക്കെതിരെ കർശന നടപടിയും ആവശ്യപ്പെട്ടു.
പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന മുശാവറ യോഗമാണ് ലീഗ് നേതൃത്വത്തിലുള്ള സമവായ നീക്കങ്ങളിൽ തീരുമാനം നീട്ടിവെച്ചത്. സമസ്ത – -സിഐസി തർക്കം തീർക്കാൻ സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ്തങ്ങളും അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും കൂടിയാലോചിച്ചെടുത്ത തീരുമാനങ്ങൾ അംഗീകരിക്കാതിരുന്നത് ലീഗിന് തിരിച്ചടിയാണ്. സാദിഖലി തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന സെനറ്റ് യോഗ പ്രമേയത്തിൽ പ്രതിഷേധിക്കുന്നതായും സമസ്ത മുശാവറ വ്യക്തമാക്കി. ഇതും ലീഗിനെ അലോസരപ്പെടുത്തുന്നതാണ്.
സിഐസി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നുള്ള ഹക്കീം ഫൈസി ആദൃശേരിയുടെ രാജിയെക്കുറിച്ച് സെനറ്റിൽ ചർച്ചചെയ്തത് ശരിയായില്ലെന്നും മുശാവറ വ്യക്തമാക്കിയിട്ടുണ്ട്. ലീഗ് ഇക്കാര്യത്തിൽ ‘രണ്ടുതോണി’ സമീപനമെടുക്കുന്നതായ വിമർശനം മുശാവറയിൽ ഉയർന്നു. ചർച്ചകൾക്കൊടുവിലാണ് പ്രസിഡന്റ് ജിഫ്രിതങ്ങൾ, ജനറൽ സെക്രട്ടറി കെ ആലിക്കുട്ടി മുസ്ല്യാർ, എം ടി അബ്ദുല്ല മുസ്ല്യാർ തുടങ്ങിയവരടങ്ങിയ ഏഴംഗ സമിതിയെ ഭാവി ചർച്ചകൾക്കായി മുശാവറ നിയോഗിച്ചത്.