കൊച്ചി > മഹാരാജാസ് കോളേജിലെ മാർക്ക് ലിസ്റ്റ് വിവാദത്തിൽ അന്വേഷണം ആവശ്യപ്പെടുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ. വ്യക്തിപരമായ ആക്രമണം പ്രസ്ഥാനത്തെ ലക്ഷ്യംവെച്ചുള്ളതാണ്. പ്രചരിപ്പിക്കപ്പെടുന്ന മാര്ക്ക് ലിസ്റ്റിന്റെ പരീക്ഷ എഴുതേണ്ട ആളല്ല താനെന്നും ആര്ഷോ വ്യക്തമാക്കി. ആർഷോയുടെ വാദം ശരിവച്ച് മഹാരാജാസ് കോളേജ് പ്രിൻസിപ്പലും രംഗത്തെത്തിയിരുന്നു.
ചില മാധ്യമങ്ങൾ തെറ്റായ വാർത്ത നൽകി. പ്രിൻസിപ്പൽ പറഞ്ഞ കാര്യങ്ങളിൽ നിന്നും മലക്കം മറിയുകയാണ്, ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും സംഭവിക്കാത്ത തെറ്റാണ് മഹാരാജാസ് കോളേജിലെ പ്രിൻസിപ്പലിൻ്റെ ഭാഗത്തു നിന്നുണ്ടായത് എന്നും ആർഷോ പറഞ്ഞു. 2021 ബാച്ചിനോടൊപ്പം വീണ്ടും പരീക്ഷക്ക് അപ്ലൈ ചെയ്തെങ്കിൽ പരീക്ഷ ഫീസ് അടച്ചതിന്റെ റസീപ്റ്റ്, അപ്ലൈ ചെയ്തതിന്റെ രേഖ ഹാജരാക്കണമെന്ന് ആർഷോ പ്രിൻസിപ്പലിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മാധ്യമങ്ങൾക്ക് നൽകിയ രേഖയിൽ പിഴവുണ്ടായെന്ന് സമ്മതിച്ച് പ്രിൻസിപ്പൽ രംഗത്തെത്തിയത്.
കോളേജ് വെബ്സൈറ്റ് പ്രകാരം 2021 ബാച്ചിനൊപ്പം പരീക്ഷ എഴുതിയ 20 ബാച്ചിലെ വിദ്യാർത്ഥികളുടെ ലിസ്റ്റും ആർഷോ ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടു. ഇതിലും ആർഷോയുടെ പേരില്ല.