കൊച്ചി > എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ വാദം ശരിവച്ച് മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ വി എസ് ജോയി. ആർഷോ മൂന്നാം സെമസ്റ്റർ പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തെന്ന മുൻ നിലപാടാണ് മാറ്റിയത്. മാധ്യമങ്ങൾക്ക് നൽകിയ രേഖയിൽ ആശയകുഴപ്പമുണ്ടെന്നാണ് കോളേജ് അധികൃതർ ഇപ്പോൾ പറയുന്നത്. “ഫീസ് അടച്ചിട്ടില്ല എന്ന് ആർഷോ പറയുന്നത് ശരിയാണ്. നേരത്തെ മാധ്യമങ്ങൾക്ക് നൽകിയ രേഖ എൻഐസി സൈറ്റിൽ നിന്നുള്ളതാണ്. എന്നാൽ അക്കൗണ്ട്സ് സെക്ഷൻ വഴി പരിശോധിച്ചപ്പോൾ ആർഷോ ഫീസ് അടച്ചിട്ടില്ല എന്ന് വ്യക്തമായി. എൻഐസി സോഫ്റ്റ്വെയർ പിഴവാണിത്’ – പ്രിൻസിപ്പൽ പറയുന്നു.
റീ അഡ്മിഷൻ എടുത്തതിനാലാണ് 2021 ബാച്ചിനൊപ്പം ഫലം വന്നതെന്നും പി എം ആർഷോ റീ അഡ്മിഷൻ എടുത്തതിന്റെയും പരീക്ഷയ്ക്ക് അപേക്ഷിച്ചതിന്റെയും തെളിവെന്നും പറഞ്ഞ് രേഖകളും പ്രിൻസിപ്പൽ പുറത്തുവിട്ടിരുന്നു. ഈ രേഖകളിലാണ് ആശയക്കുഴപ്പമുള്ളത്. സംഭവത്തിൽ മഹാരാജാസ് കോളേജ് ആഭ്യന്തര അന്വേഷണം നടത്തുന്നുണ്ട്.
മഹാരാജാസ് കോളേജ് പ്രിൻസിപ്പാൾ ഉന്നയിച്ച കാര്യങ്ങൾ കള്ളമെന്ന് പറഞ്ഞ ആർഷോ താൻ പരീക്ഷയ്ക്ക് അപേക്ഷിച്ചെങ്കിൽ അതിന്റെ രേഖകൾ പുറത്ത് വിടണമെന്ന് പറഞ്ഞിരുന്നു. ‘ഞാൻ പരീക്ഷ ഫീസ് അടച്ചതിന്റെ റസീപ്റ്റ്, അപ്ലൈ ചെയ്തെങ്കിൽ അത് സൈറ്റിൽ കാണും, എക്സാം അപ്ലിക്കേഷൻ ഫോം പൂരിപ്പിച്ചത്തിന്റെ കോപ്പി കാണും, അതൊക്കെയല്ലേ തെളിവായി പുറത്ത് വിടേണ്ടത്…’ – എന്നും ആർഷോ ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മഹാരാജാസ് കോളേജ് തങ്ങളുടെ മുൻ വാദങ്ങൾ തിരുത്തി രംഗത്ത് വന്നത്.