ലക്ഷദ്വീപിന്റെ പ്രാദേശികമായ ഭൂപ്രകൃതിയെ പശ്ചാത്തലമാക്കിയ നാടോടിപ്പാട്ടിനെ അധികം ഭേദഗതികളൊന്നും വരുത്താതെയാണ് അൻവർ അലി നാടകഭാഷയിലെത്തിക്കുന്നത്. ജലബന്ധിതമായ ജീവിതത്തിൽ കടലും കരയും തമ്മിൽ അതിർത്തികളില്ലാതാക്കുന്ന ബില്ലത്തെ അഥവാ ലഗൂണിനെ (കടലിനോട് ചേർന്ന് ദ്വീപുകളിൽ കാണുന്ന തിരകളില്ലാത്ത ആഴം കുറഞ്ഞ കടലിടമാണ് ഇത്) പ്രധാന രംഗവേദിയാക്കിക്കൊണ്ട് അൻവർ അലി ഞാനും പോട്ടേ ബാപ്പാ ഒൽമാരം കാണുവാൻ എന്ന നാടകത്തിന് രൂപകല്പനയൊരുക്കുന്നു.
ലക്ഷദ്വീപ് മലയാളികൾക്ക് ഒരു ടൂറിസ്റ്റ് കേന്ദ്രമാണ്. നീലനിറത്തിലുള്ള ഭൂമിയും ആകാശവും ട്യൂണ മത്സ്യവും രുചിച്ചാസ്വദിച്ച് മടങ്ങിവരാനുള്ള ഒരിടം. അവിടെ പിറവിയെടുത്ത ഒരു നാടോടിപ്പാട്ടിന് എത്ര സാംഗത്യമുണ്ടെന്നൊന്നും നമ്മളാരും വേവലാതിപ്പടുന്നില്ല.ഞാനും പോട്ടെ ബാപ്പാ ഒൽമാരം കാണുവാൻ എന്ന നാടോടിപ്പാട്ട് അൻവർ അലി ഒരു യാത്രക്കിടയിൽ ലക്ഷദ്വീപിലെ ഒരു ലൈബ്രറിയിൽനിന്ന് കണ്ടെടുത്തതാണ്. തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ അധ്യാപികയായ നജ്മുൽ ഷാഹി ഈ നാടകവുമായി വിദ്യാർഥികൾക്ക് മുന്നിലെത്തിയപ്പോൾ ആദ്യം നേരിട്ട ചോദ്യം ഇതിലെ രാഷ്ട്രീയമെന്ത് എന്നതായിരുന്നു. ഒരു രാഷ്ട്രീയത്തിലേക്ക് എത്തിക്കുന്ന തരത്തിൽ മുദ്രാവാക്യങ്ങളൊന്നുമില്ലാത്ത ഇങ്ങനെയൊരു നാടൻ ഗാനത്തെ എന്തിനവതരിപ്പിക്കുന്നു എന്ന കുട്ടികളുടെ ചോദ്യത്തിന് ഇതിന്റെ രാഷ്ട്രീയം നിങ്ങളറിയുക തന്നെ ചെയ്യും എന്നതായിരുന്നു നജ്മുൽ ഷാഹിയുടെ മറുപടി.
നജ്മുൽ ഷാഹി
എന്തിനാണ് അവരുടെ തനിമയിൽ ഉദയംകൊണ്ട അവരുടെ സംസ്കാരത്തിന്റെ സർഗാമയിലെത്തിക്കുകയാണ് കവിയും ഗാനരചയിതാവുമായ അൻവർ അലി ചെയ്തത്. സന്ദേഹങ്ങളും ചോദ്യങ്ങളും ആത്മവിശ്വാസമില്ലായ്മയുടെ പുറകോട്ടുവലിയലുമായി ആദ്യമൊന്നും നാടകവുമായി പൊരുത്തപ്പെടാതെ നിന്ന 44 കുട്ടികളെയും പടിപടിയായി ഇതിലേക്കൊരുക്കിയെടുക്കുകയെന്ന ശ്രമത്തിൽ വിജയിച്ച സംവിധായിക നജ്മുൽ ഷാഹിക്ക് മുന്നിൽ ഇപ്പോൾ കുട്ടികൾക്ക് സംശയങ്ങളൊന്നും ബാക്കിയില്ല. തങ്ങളുടെ ടീച്ചറുടെ നേതൃത്വത്തിൽ ഒരു തിര പോലെ ആടിത്തീർത്ത ഞാനും പോട്ടെ ബാപ്പാ ഒൽമാരം കാണുവാൻ എന്ന നാടകത്തിന്റെ വിജയത്തിൽ ആത്മവിശ്വാസവും അഭിമാനവും അവർ ഓരോരുത്തരും നേടിക്കഴിഞ്ഞു.
മിത്തുകളും ഐതിഹ്യങ്ങളും ചേർന്ന് എഴുതപ്പെടാത്ത ആദിമചരിത്രമാണ് കേരളത്തിന് സമാന്തരമായി അറബിക്കടലിൽ ചിതറിക്കിടക്കുന്ന ദ്വീപസമൂഹങ്ങളുടേത്. കേരളവുമായി ഏറ്റവുമടുത്ത ബന്ധമുള്ള ലക്ഷദ്വീപിനാകട്ടെ അധിനിവേശത്തിന്റെയും ആധിപത്യത്തിന്റെയും വലിയൊരു പിന്തുടർച്ചയുമുണ്ട്. ജലത്തോട് ചേർന്നുകിടക്കുന്ന ഒരു സംഘജീവിതമാണ് ഇവിടത്തെ ജനതയുടേത്. ജലനിയമങ്ങൾ നിറഞ്ഞ അവരുടെ വിശ്വാസജീവിതത്തെ കണക്കിലെടുക്കാതെ പുറംലോകത്തുനിന്ന് അടിച്ചേൽപ്പിക്കുന്ന പരിഷ്കാരങ്ങൾ ദ്വീപുജീവിതത്തിൽ സംഭവിപ്പിച്ചതൊക്കെയും അവരുടെ സ്വാഭാവികമായ ജൈവികതയെ തകർക്കുന്നതായിരുന്നു. വിമലമായ അന്തരീക്ഷത്തെ മലിനീകൃതമാക്കുന്ന അന്യതയുടെ ആഴ്ന്നിറങ്ങലുകൾ.
കേരളത്തിൽ രാജഭരണത്തിന്റെ അവസാനഘട്ടത്തിൽ ലക്ഷദ്വീപിൽ സെറ്റിൽമെന്റുകൾ സ്ഥാപിച്ചുവെന്ന് പറയുന്ന ചേരമാൻ പെരുമാളുടെ കാലം മുതൽ പിന്നീടങ്ങോട്ട് പോർച്ചുഗീസുകാരും ബ്രിട്ടീഷുകാരും നടത്തിയ അധിനിവേശവും ചിറക്കൽ രാജാക്കന്മാരുടെയും അറക്കൽ ബീവിമാരുടെയും മേൽഭരണവും മാത്രമല്ല, 1956‐ൽ യൂനിയൻ ടെറിട്ടറി രൂപീകൃതമായ ശേഷം 1973‐ൽ അഗത്തി, കവരത്തി, അമിനി, കടമത്, കല്പേനി, പെറ്റ്ലാത്, ബിത്ര, മിനിക്കോയ് എന്നിങ്ങനെ മുപ്പത്തിയാറോളം ദ്വീപുകൾ ലക്ഷദ്വീപ് എന്ന പേരിൽ കൂട്ടിയിണക്കി അഡ്മിനിസ്‌ട്രേറ്റർമാർ ഇന്നോളം നടത്തിക്കൊണ്ടിരിക്കുന്ന ഭരണവും ഈ മുറിവേൽപ്പിക്കലുടെ ചരിത്രത്തിന്റെ തുടർച്ചയാണ്.
ഗ്രീൻ സോൺ ആയി പ്രഖ്യാപിക്കപ്പെട്ട ലക്ഷദ്വീപിൽ ഭരണകൂടം നിരുത്തരവാദിത്തപരമായി നടത്തുന്ന കടന്നുകയറ്റങ്ങളെ വിമർശിച്ച ലക്ഷദ്വീപിന്റെ ആദ്യ ചലച്ചിത്രകാരി ഐഷാ സുൽത്താനക്കെതിരെ നടക്കുന്ന പ്രതികാരനടപടികൾക്ക് ഇന്നും പൂർണവിരാമമായിട്ടില്ല. പ്രകൃതിയും ജീവിതവും ഒന്നാകുന്ന ഒരു ജനതയുടെ നൈർമല്യത്തെ പുറത്തുനിന്ന് ഭരിക്കുന്നവർ അറിയുന്നില്ല എന്ന വേദനയാണ് കാലങ്ങളായി ലക്ഷദ്വീപിന്റെ ചരിത്രം പേറുന്നത്.
ഈ ചരിത്രത്തിന്റെ ആഴത്തിൽ അലിഞ്ഞുചേർന്ന ഒരു മിത്തോളജിക്കൽ ആശയത്തെയാണ് അവിടത്തെ നാടോടിഗാനത്തെ ആസ്പദമാക്കി തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ അധ്യാപിക‐വിദ്യാർഥി സംഘം നാടകമാക്കുന്നത്. ലക്ഷദ്വീപിന്റെ പ്രാദേശികമായ ഭൂപ്രകൃതിയെ പശ്ചാത്തലമാക്കിയ നാടോടിപ്പാട്ടിനെ അധികം ഭേദഗതികളൊന്നും വരുത്താതെയാണ് അൻവർ അലി നാടകഭാഷയിലെത്തിക്കുന്നത്.
അൻവർ അലി
ജലബന്ധിതമായ ജീവിതത്തിൽ കടലും കരയും തമ്മിൽ അതിർത്തികളില്ലാതാക്കുന്ന ബില്ലത്തെ അഥവാ ലഗൂണിനെ (കടലിനോട് ചേർന്ന് ദ്വീപുകളിൽ കാണുന്ന തിരകളില്ലാത്ത ആഴം കുറഞ്ഞ കടലിടമാണ് ഇത്) പ്രധാന രംഗവേദിയാക്കിക്കൊണ്ട് അൻവർ അലി ഞാനും പോട്ടേ ബാപ്പാ ഒൽമാരം കാണുവാൻ എന്ന നാടകത്തിന് രൂപകൽപ്പനയൊരുക്കുന്നു. നജ്മുൽ ഷാഹിയുടെ സംവിധാനത്തിൽ സ്കൂൾ ഓഫ് ഡ്രാമയിലെ കുട്ടികൾ അതൊരു അനതിസാധാരണമായ നാടകമാക്കുകയും ചെയ്യുന്നു.
2023 ഏപ്രിൽ രണ്ടാം വാരത്തിൽ തൃശൂർ സ്കൂൾ ഓഫ് ഡ്രാമ ക്യാമ്പസിലാണ് ഞാനും പോട്ടേ ബാപ്പാ ഒൽമാരം കാണുവാൻ അരങ്ങേറിയത്. സ്കൂൾ ഓഫ് ഡ്രാമയുടെ കുടുസ്സു തിയറ്റർ തേടി നാടകം കാണാനെത്തിയപ്പോൾ അവിടമെല്ലാം ആളും അരങ്ങുമില്ലാതെ ഒഴിഞ്ഞുകിടക്കുന്നു. ക്യാമ്പസിന്റെ പിറകുവശത്തായി കുറെ കസേരകൾ നിരനിരയായി കിടക്കുന്നത് കണ്ടപ്പോൾ അങ്ങോട്ടു ചെന്നു. കുറ്റിക്കാടുകൾ നിറഞ്ഞുനിന്നിരുന്ന ആ ഭാഗം മുഴുവൻ വെട്ടിവെടുപ്പാക്കി നാടകപ്രവർത്തകർ ഒരു ഔട്ട് ഡോർ തിയറ്ററാക്കിയിരിക്കുന്നു. ബി സി ആറാം നൂറ്റാണ്ടിലെ ഗ്രീക്ക് തിയറ്ററുകളെ ഓർമിപ്പിക്കുന്ന ആമ്പിയൻസ്. ഗ്രീക്ക് നാടകവേദിയിൽ ഓർക്കസ്ട്ര എന്ന് വിളിച്ചിരുന്ന രംഗവേദിക്ക് സമാനമായി വൃത്താകൃതിയിൽ ഒരുക്കിയിരിക്കുന്ന 36 അടി വീതിയുള്ള സ്റ്റേജിന് മൂന്നു തട്ടുകളുണ്ട്.
ഞാനും പോട്ടെ ബാപ്പാ ഒൽമാരം കാണു-വാൻ നാടകത്തിൽ നിന്ന് ഒരു രംഗം
ലക്ഷദ്വീപിന്റെ ജലജീവിതത്തിന്റെ പ്രതീകമായ പവിഴപ്പുറ്റുകളും വർണമീനുകളും ജലസസ്യങ്ങളും നീരാളികളും കുഞ്ഞുചെടികളുമെല്ലാമുള്ള ബില്ലമാണ് ഏറ്റവും താഴത്തെ നിലയിൽ. നാടകത്തിന്റെ പ്രധാനഭാഗങ്ങളെല്ലാം നടക്കുന്നത് അവിടെയാണ്. തൊട്ടുമുകളിൽ ഈ ജലജീവിതത്തിനപ്പുറമുള്ള സാധാരണ ജീവിതത്തിന്റെ പ്രതിഫലനങ്ങൾക്കുള്ള ഇടമാണ്. പ്രധാന കഥാപാത്രങ്ങൾമാത്രം കടന്നുവരുന്ന ഒരിടം. അതിനും തൊട്ടുമുകളിലുള്ള വൃത്തഭാഗം ലക്ഷദ്വീപിന്റെ ജനജീവിതത്തിന്റെ പ്രതീകമായി നില്ക്കുന്നു.
വീടും വീട്ടിടങ്ങളുമുള്ള ഒരു ഭാഗം. ഗാർഹികമായ വ്യവഹാരങ്ങൾ നടക്കുന്നത് ഈ ഭാഗത്താണ്. അടുക്കളയും ഉറക്കറകളും കിളിവാതിലുകളുമൊക്കെ അതിന് സാക്ഷികളാകുന്നു. ക്യാമ്പസിന്റെ ഈ ഭാഗത്തിന് തൊട്ടുപുറകിലൂടെ ഒഴുകുന്ന പുഴയും നാടകത്തിന്റെ ഭാഗമാക്കാൻ സംവിധായിക ശ്രമിച്ചിരുന്നതായി തോന്നി. പക്ഷേ രംഗവേദിയുടെ ഒരുക്കത്തിൽ മുകൾഭാഗം ഉയർന്നപ്പോൾ പുഴയ്ക്ക് അർഹിക്കുന്ന പ്രാധാന്യം ലഭിക്കാതെ വന്നു.
വേദിക്കുമുന്നിലുള്ള കാഴ്ചദേശത്തിനും വൃത്താകൃതി വിടാത്ത തട്ടുകളായിരുന്നു. അവ മൊത്തം തിയറ്റർ അന്തരീക്ഷത്തോട് ഇണങ്ങിച്ചേർന്നുനിന്നു. നാടകത്തിനിടയിൽ കോറസ്സിനും അഭിനേതാക്കൾക്കും കാണികൾക്കിടയിൽനിന്ന് കയറി വരാവുന്ന പരൊഡോസ് എന്ന് വിളിക്കുന്ന കോറിഡോറും ഗ്രീക്ക് നാടകങ്ങളെ അനുസ്മരിപ്പിക്കുന്നതായിരുന്നു.
അധ്യാപനത്തിനിടയിലെ ഒരു പ്രോജക്ടിന്റെ ഭാഗമായാണ് സ്കൂൾ ഓഫ് ഡ്രാമയിലെ അസിസ്റ്റന്റ് പ്രൊഫസറായി നജുമൽ ഷാഹി ഈ നാടകത്തിലെത്തുന്നത്.
കോവിഡ് കാലത്ത് തിയറികൾമാത്രം പഠിച്ച് നാടകലോകത്തിന്റെ ക്രിയാത്മകപ്രവർത്തനങ്ങളുമായി അധികം പരിചയവും ബന്ധവുമില്ലാത്ത ഒരു ബാച്ചായിരുന്നു കൂടെ നില്ക്കുന്ന കുട്ടികൾ. അവരെ നാടകലോകത്തിന്റെ സർഗാത്മക പ്രവർത്തനങ്ങളുമായി ബന്ധിപ്പിക്കുന്നതിന് ഒരു പ്രത്യേക രൂപരേഖ തന്നെ സംവിധായിക തയ്യാറാക്കി. പരമ്പരാഗത രീതിയിൽ നിരന്തരം കണ്ടുകൊണ്ടിരുന്ന മലയാള നാടകങ്ങളിൽനിന്ന് വ്യത്യസ്തമായിരിക്കണം ഈ നാടകസങ്കൽപ്പമെന്ന് നജ്മുൽ ഷാഹിക്ക് നിർബന്ധമുണ്ടായിരുന്നു.
അതുകൊണ്ടുതന്നെ മലയാളികൾക്ക് അധികം പരിചയമില്ലാത്ത ഈ മിത്തിക്കൽ ഫോമിനെ രംഗതലത്തിലേക്ക് എത്തിക്കുമ്പോൾ അതിന്റെ സങ്കേതങ്ങൾക്കായി പുതിയ പരീക്ഷണങ്ങളിലേർപ്പെടാൻ അവർ തയ്യാറായി. തന്റെ ഭാവനയിലുള്ള ഒരു ഓപ്പറ നാടകത്തെ പെട്ടെന്ന് ഉൾക്കാള്ളാൻ കുട്ടികൾ തയ്യാറാവില്ല എന്ന് മനസ്സിലാക്കിയ സംവിധായിക നാടോടിപ്പാട്ടിലെ ചില വരികളെ രംഗഭാഷയിലേക്ക് പാകപ്പെടുത്തിയെടുക്കാനാണ് കുട്ടികളോട് ആദ്യം ആവശ്യപ്പെട്ടത്.
കുട്ടികൾ അവരുടേതായ സ്വാതന്ത്ര്യത്തോടെ അത് നിർവഹിച്ചുകൊണ്ടിരുന്നപ്പോൾ നാടോടിപ്പാട്ടിലെ മിത്തുമായി അത് കൂട്ടിയിണക്കി ആവശ്യമായ ഭേദഗതികൾ ടീച്ചർ വരുത്തിക്കൊണ്ടിരുന്നു. ആദ്യമൊക്കെ തങ്ങൾക്ക് വശമില്ലെന്നും വഴങ്ങില്ലെന്നും പറഞ്ഞ് ഒഴിഞ്ഞുമാറിയവരെല്ലാം അഭിനയത്തിന്റെ നവ്യമായ വഴികൾ കണ്ട് അമ്പരന്ന് ആഹ്ലാദിക്കുന്നതിന്റെ അനുഭവത്തെ നജ്മുൽ ഷാഹി ചേർത്തുപിടിക്കുന്നു. പിന്നെ സംഭവിച്ചത് യഥാർഥമായ നാടകരുചികളിലേക്ക് അഭിനയവും സംഗീതവും നൃത്തവും വേഷവിധാനവും രംഗസജ്ജീകരണവുമെല്ലാം ഉൾച്ചേർത്തുകൊണ്ട് കുട്ടികൾ അണിചേരുന്നതാണ്.
ഞാനും പോട്ടെ ബാപ്പാ ഒൽമാരം കാണു-വാൻ നാടകത്തിൽ നിന്ന്
രംഗസംവിധാനത്തിൽ ഫൈൻ ആർട്സ് കോളേജിലെ കുട്ടികളും സംഗീതമൊരുക്കുന്നതിൽ പി കെ സുനിൽകുമാറും വാദ്യോപകരണ സംഗീതത്തിൽ മിഥുൻ മലയാളവും ലൈറ്റ് ഡിസൈനിങ്ങിൽ ഷൈമോൻ ചേലാടും നല്കിയ നേതൃത്വസഹായങ്ങൾ സംവിധായികയുടെ ആശയങ്ങൾക്കനുസരിച്ച് നാടകത്തിന്റെ ആകമാനതയിൽ ഇണങ്ങിച്ചേർന്നു.
കുട്ടികളെ മുൻകൂട്ടി തീർത്ത ധാരണകളിൽനിന്ന് വിമുക്തമാക്കുക എന്ന വെല്ലുവിളിയാണ് നാടകഘട്ടത്തിൽ സംവിധായികക്ക് ആദ്യം ഏറ്റെടുക്കേണ്ടി വന്നത്. നിലനില്ക്കുന്ന ഏതെങ്കിലും ആശയരാഷ്ട്രീയത്തിന്റെ കൂട്ടിലേക്ക് ഇണങ്ങിച്ചേരുന്നതായിരിക്കണം കലാപ്രവർത്തനമെന്ന ധാരണയോടെ പങ്കുചേർന്ന കുട്ടികൾക്ക് അവരാവശ്യപ്പെട്ട വിശദീകരണങ്ങളൊന്നും നല്കാതെ നാടോടിപ്പാട്ടിന്റെ പ്രാഥമികരൂപത്തിൽനിന്ന് വ്യതിചലിക്കാത്ത അതിന്റെ രംഗപാഠത്തിലേക്ക് അവരെ എത്തിച്ചതുപോലെതന്നെ അതിന്റെ രാഷ്ട്രീയത്തിലേക്കും അവർ എത്തിച്ചേരണം എന്ന നയമാണ് നജ്മുൽ ഷാഹി കൈക്കൊണ്ടത്.
അവസാനം നാടകത്തിലെ പങ്കാളികളെല്ലാം എത്തിച്ചേർന്നതും അതിൽ തന്നെ. എന്നാൽ ഒരു സ്ത്രീ എന്ന നിലയിൽ തനിക്ക് പറയാനുള്ള രാഷ്ട്രീയത്തെ നാടകത്തിൽ നജ്മുൽ ഷാഹി മറച്ചുവയ്ക്കുന്നില്ല. വളർന്നുവരുന്ന ഒരു പെൺകുട്ടി സ്വന്തം സ്വാതന്ത്ര്യത്തെ എങ്ങനെ കാണുന്നു എന്നടയാളപ്പെടുത്തുന്നതിനുള്ള ശ്രമമായി നാടകം മുന്നോട്ട് നിർത്തപ്പെടുന്നു. ഉറാവിയ എന്ന പ്രധാന കഥാപാത്രത്തിലൂടെയാണ് സംവിധായിക ഇത് സാധ്യമാക്കുന്നത്. പവിഴപ്പുറ്റുകളും കടൽച്ചെടികളും മീനുകളും നിറഞ്ഞ ഒരു ബില്ലത്തിൽ കുഞ്ഞിച്ചെടിയോടും അപ്പലി (നീരാളി) നോടും കൂട്ടുകൂടുമ്പോൾ പശ്ചാത്തലത്തിൽ ഉയരുന്ന ഉമ്മയുടെ കാറ്റുവിളിപ്പാട്ടുമായാണ് നാടകമുണരുന്നത്. മോളെ ഉറാവിയാ, എന്ന് വിളിക്കുന്ന ഉമ്മ മറുവിളി കിട്ടാതെയായപ്പോൾ ഇവളേത് കടലിനടീപ്പോയീ എന്നാണ് ആത്മഗതം ചെയ്യുന്നത്.
പിന്നീട് അപ്പലും കുഞ്ഞിച്ചെടിയും ഉറാവിയയും തമ്മിലുള്ള സംഭാഷണത്തിലൂടെ, അവരുടെ ബന്ധത്തിന്റെ ഊഷ്മളതയിലൂടെ നാടകം പുരോഗമിക്കുന്നു. പ്രകൃതിയുടെ താളവും നൃത്തവും സംഗീതവും ഇഴുകിച്ചേർന്ന രംഗഭാഷയായി അത് മുന്നോട്ട് പോകുന്നു. ഉറാവിയയുടെ സ്വപ്നസദൃശമായ ആഗ്രഹങ്ങളിൽ നാടകം പ്രകൃതിയുടെ ഉന്മത്തതയിൽനിന്ന് അതിന്റെ ഒരു വെള്ളിടി വെട്ടി ഉണരും പോലെയാണ് ഒൽമാരം എന്ന മായാമരം പ്രത്യക്ഷപ്പെടുന്നത്.
അരങ്ങുനിറഞ്ഞ് വടിവുള്ള ചില്ലകളോടെ, ചെറു പായ്വഞ്ചി രൂപത്തിലുള്ള ഇലകളോടെ, വെള്ള നിറമുള്ള പൂക്കളോടെ നിന്ന അത്ഭുതമരം അവരുടെ അതുവരെയുള്ള ജീവിതത്തെ മാറ്റിമറിക്കുന്നു. അത് കാണാൻ പോകാത്തവർ ആരുമില്ലെന്നാണ് പാട്ടുകാർ പറയുന്നത്. ആന്ത്രോത്തെ ബീവിയും അമിനീലെ ബീവിയും അറയ്ക്കലെ ബീവിയും ചിറയ്ക്കലെ ബീവിയുമെല്ലാം അവിടെ എത്തിക്കഴിഞ്ഞു. എത്താത്ത ഊഴം ഉറാവിയയുടെയും കൂട്ടുകാരുടെയുമാണ്. ഞാനും പോട്ടേ ഉമ്മാ ഒൽമാരം കാണുവാൻ എന്ന ഉറാവിയയുടെ ആദ്യത്തെ ചോദ്യം ഉമ്മയോടാണ്. ബാപ്പ വന്നാലേ, നീ അപ്പോ പോ മോളേ നീ എന്നാണ് കിളിവാതിൽ തുറന്നുകൊണ്ടുള്ള ഉമ്മയുടെ മറുപടി. അതവൾക്ക് സമ്മതവുമാകുന്നു.
കടൽ മീനുകളും കക്കകളും തെങ്ങുകൃഷിയുമൊക്കെയാണ് ദ്വീപിന്റെ സാമ്പത്തിക ഉറവിടങ്ങൾ. അവ പുറംലോകത്തെത്തിച്ച് ക്രയവിക്രയം നടത്തുന്നത് പുരുഷന്മാരാണ്. ഉപ്പയുടെ പോക്കുവരവുകൾ അതിനോട് ബന്ധപ്പെട്ടാണ്. ഈ സമ്പത്തിന്റെയും ക്രയവിക്രയത്തിന്റെയും പേരിൽതന്നെയാണ് ദ്വീപുകളിൽ തുടരെത്തുടരെയുള്ള അധിനിവേശങ്ങളും യുദ്ധത്തോളമെത്തിയ തർക്കങ്ങളും കീഴടക്കലുകളും നടന്നിട്ടുള്ളതെന്ന് യഥാർഥ ചരിത്രം. ഉറാവിയ ഒൽമാരം പൂത്തത് കാണാനെത്തുന്നതുവരെയുള്ള രംഗദൂരം തീരുന്നത് കാറ്റുവിളിപ്പാട്ടുകളുടെ ഓളങ്ങളിലൂടെയാണ്. ഒരു പെൺകുട്ടിയുടെ വിചാരധാരകളും ആശങ്കകളും ഒപ്പം വളർന്നുമുറുകുന്നുണ്ട്.
ഞാനും പോട്ടെ ബാപ്പാ ഒൽമാരം കാണു-വാൻ നാടകത്തിൽ നിന്ന്
കൗമാരകൗതുകങ്ങളും യൗവനാരംഭത്തിന്റെ തീക്ഷ്ണതകളും അതിൽ ചാലിച്ചെടുക്കുന്നുണ്ട് സംവിധായിക. ഈയിടങ്ങളെല്ലാം വളരെ സൂക്ഷ്മതയോടെയാണ് പാട്ടും നൃത്തവുമൊക്കെയായി നാടകത്തിലേക്ക് സന്നിവേശിപ്പിച്ചിരിക്കുന്നത്. പാട്ടിന്റെ ആലാപനമാകട്ടെ, മാപ്പിളപ്പാട്ടിന്റെ സ്ഥിരം ശൈലിയിലേക്ക് വീണുപോകാത്തവിധം അറബിക് രീതിയും സൂഫി സംഗീതവും ലയിപ്പിച്ചുകൊണ്ടുള്ള സംവേദനരീതിയാണ് പ്രകടമാക്കുന്നത്. കരയോടും കടലിനോടും ഊഞ്ഞാലാടി സംവദിക്കുന്ന ശാരീരത്തോളം അത് അലകൾ തീർക്കുന്നു. ലക്ഷദ്വീപിന്റെ പ്രത്യേകമായ മലയാളത്തിൽ ചാഞ്ഞും ചെരിഞ്ഞും വീശിയടിക്കുന്ന കാറ്റുപോലെ അത് അനുഭവവേദ്യമാക്കുന്നു.
പ്രണയമാണ് ഈ നാടകത്തിന്റെ പ്രധാന കഥാതന്തു. സർവചരാചരങ്ങളെയും അങ്ങോളമിങ്ങോളം ഒരു പ്രണയച്ചരടിൽ കോർത്തുകൊണ്ട് അപ്പോൾ സംഗീതം അലയടിക്കുന്നു. അപ്പലും കുഞ്ഞിച്ചെടിയും മീനും പവിഴപ്പുറ്റും തിരയും കാറ്റും കരയും മഴയും ഇടിയുമെല്ലാം മുത്തുകളെപ്പോലെ അതിൽ സ്വയം കോർത്തുകെട്ടുന്നു.
പ്രണയമാണ് ഈ നാടകത്തിന്റെ പ്രധാന കഥാതന്തു. സർവചരാചരങ്ങളെയും അങ്ങോളമിങ്ങോളം ഒരു പ്രണയച്ചരടിൽ കോർത്തുകൊണ്ട് അപ്പോൾ സംഗീതം അലയടിക്കുന്നു. അപ്പലും കുഞ്ഞിച്ചെടിയും മീനും പവിഴപ്പുറ്റും തിരയും കാറ്റും കരയും മഴയും ഇടിയുമെല്ലാം മുത്തുകളെപ്പോലെ അതിൽ സ്വയം കോർത്തുകെട്ടുന്നു. പ്രകൃതിയുടെ പ്രണയത്തെ ആവാഹിക്കുന്ന നാടോടിപ്പാട്ടിന്റെ ഹൃദയം ഉറാവിയയുടെ ഒൽമാരത്തോടുള്ള പ്രണയത്തോളമെത്തുന്നു. അവളുടെ ഉള്ളറിയുന്ന കുഞ്ഞിച്ചെടിയും കൂട്ടുകാരനായ അപ്പലുമാണ് പ്രധാന ആഖ്യാതാക്കളായി ആ പ്രണയത്തിന്റെ ചാരുതയെയും സൗന്ദര്യത്തെയും നാടകത്തിൽ കൊണ്ടുപോകുന്നത്. ഉപ്പയുടെ വരവിനും സമ്മതത്തിനുമായി കാത്തുകാത്ത് ഒടുവിൽ ഉപ്പ ഊന്നിപ്പറയുന്ന നിരവധി നിബന്ധനകൾക്ക് വഴങ്ങിക്കൊണ്ട് അവൾ ഒൽമാരം കാണാൻ പോകുന്നു. ആദികുലത്തിൻ ഉറവപ്പൊട്ടിച്ചെടുക്കുന്ന ഇത്തരം കഥകൾ ഏത് കാലദേശത്തുമുണ്ട്. ഒപ്പം നിബന്ധനകളുടേതായ ചരിത്രവും.
ആൺകുലത്തിന്റെ കൺവെട്ടത്തിൽ കളങ്കിതയാകാതിരിക്കാൻ നിർമിക്കുന്നവയൊക്കെയും അവൻ തന്നെ തകർത്ത് അവളെ പതിതയാക്കുന്നതിലെ വൈരുധ്യം ഏത് ചരിത്രവും പേറുന്നുണ്ട്. പക്ഷേ ഇവിടെ ഒൽമാരത്തിൽ കയറി പഴങ്ങൾ പറിക്കുന്നവൾ ഗർഭിണിയാകുന്നത് പുരുഷനെ കാണാതെയും സ്പർശിക്കാതെയുമാണ്.
കൈയിൽ പിടിച്ചാൽ
മണക്കുമേ ഇപ്പളം
വായിൽ പിടിച്ചാൽ രുചിക്കുമേ ഇപ്പളം
ഇട്ടുകളഞ്ഞാൽ തൈയ് മുളയ്ക്കുമേ
പള്ളയിൽ വീണാൽ
കുഞ്ഞുപിറക്കുമേ
എന്നാണ് കോറസ് പാടുന്നത്.
സഖിയായ കുഞ്ഞിച്ചെടിയാണ് ഓടിച്ചെന്ന് ആദ്യം മരത്തിൽ കയറുന്നത്. മറുവശത്ത് ഇലകളാൽ മറഞ്ഞിരിക്കുന്ന കുഞ്ഞിച്ചെടിയെയും കവച്ച് ഉറാവിയ കൂടുതൽ ഉയരത്തിലെത്തുന്നു. ലോകരെല്ലാം വിലക്കുമ്പോഴും അവൾ മായാമരത്തെ കൈവിടുന്നില്ല. ഒടുവിൽ ഒൽമാരത്തിന്റെ ഇലച്ചാർത്തുകൾക്കിടയിൽ ഒരു ഗൂഢസ്മിതത്തോടെ ഇരിക്കുന്ന ബീവി ഉറാവിയയിലേക്ക് അരങ്ങ് ചുരുങ്ങുന്നു. അവളുടെ വായിലും കൈയിലും മടിക്കുത്തിലുമായി മൂന്ന് ചുവന്ന കനികൾ. പിന്നിൽ പ്രകാശവലയവുമായി കുഞ്ഞിച്ചെടിയും. ഉറാവിയയുടെ നെറുക തലോടുന്ന കുഞ്ഞിച്ചെടിക്കൊപ്പം ഒരു താരാട്ടിന്റെ സിംഫണി ഉയരുന്നു. കുഞ്ഞിച്ചെടിയുടെ ഈണത്തിൽ അത് മെല്ലെ അമരുന്നു. ഈണം നേർത്ത് നിശ്ശബ്ദമാകുന്നതിനൊപ്പം പ്രകാശവും നേർത്ത് ഇരുളിലെത്തുന്നു.
നിശ്ശബ്ദത ഭേദിക്കപ്പെടുന്നത് പത്തും തികഞ്ഞവളുടെ വാർത്തയുടെ വരവോടെയാണ്. ഉറാവിയ പെറ്റത് ഒരാൺ പൈതലിനെ. പിറവിയെക്കുറിച്ചുള്ള പരമ്പരാഗതമായ എല്ലാ അറിവുകൾക്കും വിലങ്ങിടുന്ന രഹസ്യവുമായി അത് ലോകരുടെ മുന്നിലെത്തുന്നു.
കുഞ്ഞിനെ കൊന്നുകളയാൻ പറയുന്ന ഉമ്മയെയും ബാപ്പയെയും എങ്ങനെ ഞാങ്കാല്ലും ഞാമ്പെറ്റ പൈതലിനെ എന്ന മറുചോദ്യവുമായി നേരിടുകയാണ് ഉറാവിയ. അലിയാരുടെ വാളാൽ അറക്കപ്പെട്ടാലും പൈതലിനെ കൊല്ലില്ലായെന്നവൾ പ്രഖ്യാപിക്കുന്നു. വാപ്പയെയും വാല്യക്കാരെയും അകത്താക്കി വാതിലടക്കുന്ന അവൾ ചോദ്യം തുടരുന്നു.
കുഞ്ഞിനെ കൊന്നുകളയാൻ പറയുന്ന ഉമ്മയെയും ബാപ്പയെയും എങ്ങനെ ഞാങ്കാല്ലും ഞാമ്പെറ്റ പൈതലിനെ എന്ന മറുചോദ്യവുമായി നേരിടുകയാണ് ഉറാവിയ. അലിയാരുടെ വാളാൽ അറക്കപ്പെട്ടാലും പൈതലിനെ കൊല്ലില്ലായെന്നവൾ പ്രഖ്യാപിക്കുന്നു. വാപ്പയെയും വാല്യക്കാരെയും അകത്താക്കി വാതിലടക്കുന്ന അവൾ ചോദ്യം തുടരുന്നു.
എല്ലാ കണക്കും തീർത്ത് കണ്ണടക്കുന്ന ദിവസം, ഒരു ചാൺ ഇടവിട്ട് ശ്വാസം നിറുത്തി ഖബറകം പൂകുന്ന ദിവസം ഇതിനൊക്കെ ഉത്തരം ആരു നല്കും? കന്നിപ്പെണ്ണിന് ഒൽമാരത്തിലുണ്ടായ കുഞ്ഞിനെ കൊല്ലുന്നത് ശരിയാണോ എന്നറിയാൻ ബീവിക്കും സുൽത്താനും മാത്രമല്ല ദില്ലിക്കും ആളെ വിട്ടെങ്കിലും ഒരു മറുപടിയും വന്നില്ല. ദ്വീപിന്റെ യഥാർഥ പ്രശ്നങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുന്ന പഴയതും പുതിയതുമായ ഭരണരീതികളിൽ നിസ്സഹായരാകുന്ന ദ്വീപ് ജനതയെ മുഴുവൻ നാടകം ഇങ്ങനെ കൂട്ടിപ്പിടിക്കുന്നു.
ഉറാവിയയുടെ സന്ദേഹങ്ങൾക്ക് അവൾ തന്നെ മറുപടിയാകുമ്പോൾ ആകാശത്തുനിന്ന് ഒരു തൊട്ടിലെത്തി ഉറാവിയയെയും കുഞ്ഞിനെയും സ്വീകരിക്കുന്നു. ഊഞ്ഞാലാട്ടുന്ന സംഗീതമാണപ്പോൾ വേദിയിൽ. അത് നേർക്കുമ്പോൾ ഒരു പൈതലിന്റെ സ്വരം ഉയരുന്നുണ്ട്. കാണാമറയത്തുള്ള ബാപ്പയോടല്ല, കൺമുന്നിലുള്ള ഉമ്മയോടാണ് പൈതലിന്റെ ചോദ്യം. ഞാനും പോട്ടേ ഉമ്മാ ഒൽമാരം കാണുവാൻ? ആ ചോദ്യം ഏറ്റെടുക്കുന്ന ഒരു ജനതയിലേക്ക് നാടകം അവസാനിക്കുന്നു.
(ദേശാഭിമാനി വാരികയിൽ നിന്ന്)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..