ഒന്നാം ലോകയുദ്ധത്തിനുശേഷം രണ്ടാം ലോകയുദ്ധം അവസാനിക്കുന്നതുവരെയുള്ള കാലത്ത് ഹോളിവുഡ് കഴിഞ്ഞാൽ ഏറ്റവും വലിയ സിനിമാ വ്യവസായമുണ്ടായിരുന്നത് ജർമനിയിലായിരുന്നു. ഈ കാലയളവിന്റെ രണ്ടാം പകുതിയിലാണ് നാസികൾ അധികാരത്തിൽ പിടിമുറുക്കുന്നത്.
‘വാക്കുകളെക്കാൾ ചിത്രങ്ങൾക്കുള്ള സാധ്യതകൾ സിനിമയുൾപ്പെടെ അതിന്റെ എല്ലാ രൂപത്തിലും വളരെ വലുതാണ്. അത് മനസ്സിലാക്കാൻ ഒരു മനുഷ്യന്റെ ചെറിയ ബൗദ്ധികാധ്വാനം മതിയാകും. ഒരു നോട്ടത്തിൽ ഏറിയാൽ ഒരു അടിക്കുറിപ്പിന്റെ സഹായത്തിൽ ചിത്രങ്ങളിലൂടെ ആവിഷ്കരിക്കപ്പെടുന്ന എന്തിനെയും നിരവധിപ്പേർ എളുപ്പത്തിൽ അംഗീകരിക്കും. ദീർഘ ലേഖനങ്ങളെക്കാൾ ചിത്രങ്ങൾ പെട്ടെന്ന് ഉള്ളിലേക്കെത്തും. കഠിനമായ വായനയിലൂടെ മാത്രം ലഭ്യമായ ജ്ഞാനോദയത്തെ ഒറ്റ ബ്രഷ് സ്ട്രോക്കിലൂടെ കൊണ്ടുവരാൻ സാധിക്കും എന്നുതന്നെ ഞാൻ പറയും’ എന്ന് ഹിറ്റ്ലർ തന്റെ ആത്മകഥയിൽ എഴുതുന്നുണ്ട്. കലാകാരൻ എന്ന നിലക്ക് പരാജയമായിരുന്നുവെങ്കിലും കാര്യമായ വിദ്യാഭ്യാസം പോലുമില്ലാതിരുന്ന ഹിറ്റ്ലർ എന്ന ഡ്രോപ്പ്ഔട്ടിനെ ജർമൻ ചാൻസലർ പദവിയിലേക്ക് മത്സരിക്കാനും പിന്നീട് ലോകത്തെ വിറപ്പിച്ച സ്വേച്ഛാധിപതിയായി വാഴാനും സഹായിച്ചത് ഒന്നാം ലോകയുദ്ധം ഒരുക്കിക്കൊടുത്ത ചരിത്രസാഹചര്യങ്ങളും അയാളുടെ തീവ്രവാദനിലപാടുകളും മാത്രമല്ല പ്രചാരണത്തെക്കുറിച്ചുള്ള മികച്ച ഗ്രാഹ്യവും കൂടിയാണ്. സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ച് യാതൊരു ധാരണയുമില്ലാതിരുന്ന ഹിറ്റ്ലർ പണപെരുപ്പത്തെയും സാമ്പത്തിക മാന്ദ്യത്തെയുമെല്ലാം അതിജീവിച്ച് അധികാരം ആഘോഷിച്ചത് പ്രചാരണ തന്ത്രം കൊണ്ടുതന്നെയാണ്. മനുഷ്യമനസ്സുകളിൽ പ്രചാരണം ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് മനഃശാസ്ത്രപരമായ ജ്ഞാനമുണ്ടായിരുന്ന ഗീബൽസും നാസി ഉദ്യോഗസ്ഥരും പ്രചാരണ പരിപാടികളെ കൂടുതൽ വിജയത്തിലെത്തിച്ചു.
നല്ലൊരു നടൻ കൂടിയായിരുന്നു ഹിറ്റ്ലർ എന്നതിന് അയാളുടെ പേഴ്സണൽ ഫോട്ടോഗ്രാഫർ ആയിരുന്ന ഒലശിൃശരവ ഒീളളാമിി എടുത്ത് ജർമൻ തെരുവുകളിലെമ്പാടും, കൂടാതെ പോസ്റ്റ് കാർഡുകൾ വഴിയും പ്രചരിപ്പിക്കപ്പെട്ട ഹിറ്റ്ലറുടെ ഫോട്ടോകൾ തന്നെ തെളിവുകളാണ്. ഇത്തരത്തിൽ പ്രചാരണത്തെയും ദൃശ്യങ്ങളെയും വിദഗ്ധമായി ഉപയോഗിച്ചിരുന്ന നാസി ജർമനിയിലെ സിനിമാ വ്യവസായത്തെക്കുറിച്ചുള്ള നിരവധി പഠനങ്ങൾ ഉണ്ടായിട്ടുണ്ട്. സൂസൻ ടെഗൽ രചിച്ച ‘നാസീസ് ആൻഡ് സിനിമ’ പോലെയുള്ളവ ഉദാഹരണം. ഒന്നാം ലോകയുദ്ധത്തിനുശേഷം രണ്ടാം ലോകയുദ്ധം അവസാനിക്കുന്നതുവരെയുള്ള കാലത്ത് ഹോളിവുഡ് കഴിഞ്ഞാൽ ഏറ്റവും വലിയ സിനിമാ വ്യവസായമുണ്ടായിരുന്നത് ജർമനിയിലായിരുന്നു. ഈ കാലയളവിന്റെ രണ്ടാം പകുതിയിലാണ് നാസികൾ അധികാരത്തിൽ പിടി മുറുക്കുന്നത്. അക്കാലത്ത് ഇറങ്ങിയ പല സിനിമകളും പ്രത്യക്ഷവും പരോക്ഷവുമായ പ്രചാരണോദ്ദേശ്യങ്ങൾ ഉള്ളവയായിരുന്നു.
1940ൽ നാസി ജർമനിയിൽ നിർമിക്കപ്പെട്ട പ്രൊപ്പഗണ്ട സിനിമയാണ് ‘ദ ഇറ്റേണൽ ജ്യൂ’. ഇപ്പോഴത്തെ ഇന്ത്യൻ സാഹചര്യങ്ങളോട്, അത്ഭുതപ്പെടുത്തുന്ന ചില സാദൃശ്യങ്ങളുണ്ട് ആ സിനിമക്കും അതിന്റെ നിർമാണത്തിനും. വാർത്താചിത്രത്തിന്റെയും കഥാചിത്രത്തിന്റെയും ഴാനറുകൾ കൂട്ടിക്കലർത്തി ജൂത വിദ്വേഷം വളർത്തുകയായിരുന്നു ‘ഇറ്റേണൽ ജ്യൂവിന്റെ’ ലക്ഷ്യം. പോളണ്ടിലെ നാസി അധിനിവേശത്തെ തുടർന്നാണ് ഈ സിനിമ നിർമിക്കുന്നത്. 10 ശതമാനമായിരുന്നു അന്ന് പോളണ്ടിലെ ജൂതജനസംഖ്യ. ന്യൂനപക്ഷവിദ്വേഷം ആളിക്കത്തിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കുന്ന തന്ത്രത്തിന്റെ പാഠശാലയായിരുന്നല്ലോ നാസി ജർമനി!
പൊതുജനാഭിപ്രായം തങ്ങൾക്കനുകൂലമാക്കാൻ പറ്റിയ മാധ്യമമാണ് സിനിമയെന്ന് ഹിറ്റ്ലറും ഗീബൽസും ഉറച്ചുവിശ്വസിച്ചിരുന്നു. അതുകൊണ്ട് 1930ൽ തന്നെ നാസികൾ പ്രത്യേക ചലച്ചിത്ര വകുപ്പ് തുടങ്ങുന്നുണ്ട്. ദ ഇറ്റേണൽ ജ്യൂവിലെ പോലെ വെട്ടിത്തുറന്നുള്ള പ്രചാരണത്തെക്കാൾ ഫലപ്രദം ഭംഗ്യന്തരേണയുള്ള ആശയപ്രചാരണമാണ് എന്ന് വിശ്വസിച്ചിരുന്ന ഗീബൽസിന് ജനപ്രിയമായ ഏതെങ്കിലും കഥാചിത്രത്തിലൂടെ ആശയപ്രചാരണം നടത്തുന്ന ശൈലിയായിരുന്നു കൂടുതൽ ഇഷ്ടം. എന്നാൽ ‘ദ ഇറ്റേണൽ ജ്യൂ’ നിർമിക്കാൻ മറ്റൊരു പ്രേരണ കൂടി ഉണ്ടായിരുന്നു. 1937ൽ പ്രചാരണ വിഭാഗം ഇതേ പേരിൽ മ്യൂനിച്ചിൽ ഒരു ആർട്ട് എക്സിബിഷൻ നടത്തുകയുണ്ടായി. തുടർന്ന് മാധ്യമങ്ങൾ വഴിയും ഹിറ്റ്ലർ ജൂത വിരോധം ആളിക്കത്തിച്ചു.
ഈ പ്രചാരണങ്ങളായിരുന്നു ‘ക്രിസ്റ്റൽ നാഷ്’ എന്നും നവംബർ കൂട്ടക്കൊല എന്നും കുപ്രസിദ്ധമായ 1938 നവംബർ 9 മുതൽ 10വരെ നടന്ന ജൂതവംശഹത്യക്ക് കാരണം. ജർമൻ പൊലീസും പാരാ മിലിറ്ററിയും ഹിറ്റ്ലർ യൂത്ത് എന്നറിയപ്പെട്ട നാസി സംഘവുമാണ് കൂട്ടക്കൊലക്ക് നേതൃത്വം നൽകിയത്. ആക്രമികൾ എറിഞ്ഞുതകർത്ത ജൂതരുടെ കടകളുടെയും സിന്നഗോഗിന്റെയും ജനൽ ചില്ലുകൾ തെരുവിൽ ചിതറിയതിൽനിന്നാണ് ‘കുപ്പിച്ചില്ലുകളുടെ രാത്രി’ എന്ന അർഥത്തിലുള്ള ‘ക്രിസ്റ്റൽ നാഷ് ‘ എന്ന പേര് ഈ കൂട്ടക്കൊലക്ക് ലഭിക്കുന്നത്. ഈ കൂട്ടക്കൊലയിൽ അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഉൾപ്പെടെ ഹിറ്റ്ലർക്കെതിരായ വിമർശനങ്ങൾ ഉയർന്നുവന്ന പശ്ചാത്തലത്തിൽ കൂടിയായിരുന്നു ‘ദ ഇറ്റേണൽ ജ്യൂ’വിന്റെ നിർമാണം.
പബ്ലിക് ഡോമൈനിൽ ലഭ്യമായ ഈ സിനിമ കാണുമ്പോൾ വെറുപ്പിന്റെ ആഴം അറിഞ്ഞ് നമ്മൾ അന്തംവിട്ടിരുന്നുപോകും. കാറൽ മാർക്സും റോസാ ലക്സംബർഗും ചാർളി ചാപ്ലിനും തുടങ്ങി തങ്ങളുടെ കണ്ണിൽ കരടായ സകലരും ജൂതരോ ജൂതബന്ധമുള്ളവരോ കൂടിയാണ് എന്നും സിനിമ ആരോപിക്കുന്നു. ജൂതരാവട്ടെ ചുറ്റും നടക്കുന്ന സകല കൊള്ളരുതായ്മക്കും ഉത്തരവാദികളും, ഒന്നും ഉല്പാദിപ്പിക്കാത്തവരും, കച്ചവടത്തിലൂടെ കൊള്ളലാഭമുണ്ടാക്കുന്നവരും, പണമുണ്ടെങ്കിലും അത് മറച്ചുവച്ച് ചേരികളിൽ കഴിയുന്നവരുമൊക്കെയായി ചിത്രീകരിക്കപ്പെടുന്നു.
ജൂത മതാചാരങ്ങളെയും സംശയത്തിന്റെ നിഴലിൽ നിർത്തുന്നു. മറ്റ് ആളുകൾക്ക് മനസ്സിലാവാത്ത ഭാഷയിൽ പ്രാർഥനകൾ ചൊല്ലുന്ന ജൂതർ ഏത് നാട്ടിൽ ചെന്നാലും ആ നാട്ടിലെ ഉത്തമ പൗരരായി അഭിനയിക്കുക മാത്രമേ ചെയ്യൂ, രാജ്യത്തോട് കൂറ് കാട്ടില്ല എന്ന് തുടങ്ങി മുതലാളിത്തവും ദേശരാഷ്ട്രങ്ങളും സൃഷ്ടിച്ച സകല കുഴപ്പങ്ങളുടെയും പ്രതിസന്ധികളുടെയും കാരണക്കാരായി ജൂതരെ ചിത്രീകരിക്കുന്ന നരേറ്റീവാണ് സിനിമ പിന്തുടരുന്നത്.
അവസാനരംഗങ്ങളിലേക്ക് എത്തുമ്പോൾ പ്രേക്ഷകരെ വൈകാരികമായി സ്വാധീനിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ള ദൃശ്യങ്ങളാണ്. ജൂതർ കന്നുകാലികളെ കശാപ്പ് ചെയ്യുന്ന രീതിയിലെ നിഷ്ഠൂരതയാണ് സ്ക്രീനിൽ നിറയുന്നത്. മാംസഭുക്കുകൾ മാത്രമുള്ള ഒരു നാട്ടിൽ, കന്നുകാലികളെ കൊല്ലുന്നതിൽ യാതൊരു പ്രശ്നവുമില്ലാത്ത നാട്ടിൽ, ഇഷ്ടമില്ലാത്ത അച്ചി കൊല്ലുന്ന ‘രീതി’ ശരിയായില്ല എന്ന ‘വാദ’ത്തെ ദൃശ്യങ്ങളിലൂടെ സ്ഥാപിച്ചെടുക്കുന്നതിൽ സിനിമോട്ടോഗ്രഫി അക്കാലത്തും വിജയിച്ചിരുന്നു എന്നുതന്നെ പറയണം. അവസാന രംഗത്തിൽ കഴുത്തിൽ നിന്ന് ചോര ഒലിപ്പിച്ച് പ്രേക്ഷകർക്കുനേരെ നോക്കുന്ന നാൽക്കാലിയുമായി നമ്മളും താദാത്മ്യപ്പെട്ടു പോകും. നാളെ വരാനിരിക്കുന്ന ഗ്യാസ്ചേമ്പറുകളുടെ വാർത്തയെ ‘ഹാ കഷ്ടം ആ കന്നുകാലികളുടെ ശാപമായിരിക്കും!’ എന്ന് സമാധാനിക്കുന്ന നിർഗുണ പരബ്രഹ്മങ്ങളെ സൃഷ്ടിച്ചെടുക്കാൻ ഓടുന്ന പട്ടിക്ക് ഒരു മുഴം മുന്നേ എറിഞ്ഞ കല്ല് തന്നെയായിരുന്നു നാസികൾക്ക് ആ സിനിമ.
ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെയും സൗന്ദര്യശാസ്ത്ര ആലോചനകളുടെയുംമാത്രം കണ്ണടവച്ചു നോക്കി കാണാവുന്ന ഒന്നല്ല ഒരു കലാസൃഷ്ടിയും. സിനിമ വിശേഷിച്ചും. ഫാസിസ്റ്റുകൾ കലാസൃഷ്ടികളെ അവഗണിച്ചുകൊണ്ടല്ല തങ്ങളുടെ അജണ്ട നടപ്പിലാക്കിയത്. മറിച്ച് ഗ്രേറ്റ് ജർമൻ ആർട്ട് എക്സിബിഷൻ (1937മുതൽ 1944 വരെ) പോലെയുള്ള കലാപ്രദർശനങ്ങൾ സംഘടിപ്പിച്ചുകൊണ്ടാണ്. തങ്ങൾ അനുകൂലിക്കാത്ത കലാരൂപങ്ങളെ അധിക്ഷേപിക്കാനും കലാപ്രദർശനം സംഘടിപ്പിക്കുക തന്നെയാണ് അവർ ചെയ്തത്. ഡീജനറേറ്റ് ആർട്ട് എക്സിബിഷൻ
ഡീജനറേറ്റ് ആർട്ട് എക്സിബിഷനിൽ നിന്ന്
(ഉലഴലിലൃമലേ അൃേ ഋഃവശയശശേീി) അത്തരത്തിൽ മോഡണിസ്റ്റ് ആർട്ടിനെ തരംതാഴ്ത്തി കാണിക്കാൻ നാസികൾ സംഘടിപ്പിച്ചതായിരുന്നു. പിക്കാസോ അടക്കമുള്ളവരുടെ കലാസൃഷ്ടികൾ ദൈവ നിന്ദ, ജൂത വംശവെറി, സ്ത്രീകൾക്കും കർഷകർക്കുമെതിരായ അധിക്ഷേപം എന്നൊക്കെയുള്ള അടിക്കുറിപ്പുകളോടെയാണ് ഡീജനറേറ്റ് ആർട്ട് എക്സിബിഷനിൽ പ്രദർശിപ്പിച്ചിരുന്നത്.
അടിക്കുറിപ്പുകൾക്ക് ആസ്വാദകരെ സൃഷ്ടിക്കാനും നിഗ്രഹിക്കാനും ശേഷി ഉണ്ടല്ലോ! ജർമനിയിൽ ‘ ബ്രഡ്ഡിനേക്കാൾ വില നൽകി’ ഇത്തരം കലാസൃഷ്ടികൾ സൂക്ഷിച്ചുവച്ചിരിക്കുന്നതിനെയും ഹിറ്റ്ലറും നാസികളും എതിർത്തിരുന്നു. അതുകൊണ്ടുതന്നെ അത്തരം കലാസൃഷ്ടികൾ വിറ്റഴിക്കാനും ആവശ്യക്കാരില്ലാത്ത അവസരത്തിൽ ഒരു കിലോക്ക് 10 സെന്റ് എന്ന നിരക്കിൽ യു എസ് ക്യൂറേറ്റർമാരുടെ തലയിൽ കെട്ടിവയ്ക്കാൻപോലും അവർ സന്നദ്ധരായി. എങ്കിലും നാസി ജർമനിയെപ്പറ്റി പഠിക്കാൻ ആഗ്രഹിക്കുന്ന ഒരാൾക്ക് അതിനുള്ള ചരിത്രപരമായ തെളിവുകൾക്ക് ക്ഷാമമൊന്നും നേരിടുന്നില്ല. ആ നിലയിൽ ചരിത്രം മായ്ച്ചുകളയാൻ നാസികൾക്ക് സാധിച്ചിട്ടില്ല. എന്നാൽ സമകാലിക ഇന്ത്യയിൽ ചരിത്രം തേച്ചു മായ്ച്ചുകളയുന്ന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് ഭരണകൂടം നേരിട്ട് ഇടപെട്ടതിന്റെ ഭാഗമായിട്ടായിരുന്നു.
കേരളാ സ്റ്റോറി പോലെയുള്ള സിനിമകൾ ഇവിടെ നിരോധിക്കാൻ പുറപ്പെടുന്നത് വിഡ്ഢിത്തമാവും എന്നതിൽ സംശയമില്ല. മാളികപ്പുറം പോലെ നിർദോഷ നാട്യമുള്ള സംഘി സിനിമകൾ മാത്രമല്ല ഇത്തരം പ്രൊപ്പഗാണ്ട സിനിമകൾ കൂടി ഇവിടെ പ്രദർശിപ്പിക്കപ്പെടണം. ഇസ്ലാമോഫോബിയ ഒളിച്ചു കടത്തുന്ന വാർത്തകൾ ‐ പാക്കിസ്ഥാനിൽ സ്ത്രീകളുടെ ഖബറിന് ഗ്രിൽസിടുന്നു എന്നതുപോലെയുള്ളവ ‐ മലയാളത്തിലെ മുഖ്യധാരാ പത്രങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ അതിന്റെ ഫാക്ട് ചെക്ക് നടത്താനെങ്കിലും പൊതുജനത്തിന് തോന്നാൻ അത് ഉപകരിക്കും.
തനി നിറം വെളിവാക്കാൻ പ്രൊപ്പഗാണ്ട സിനിമകൾ പെട്ടെന്ന് സഹായിക്കുമല്ലോ! അല്ലെങ്കിലും കേരള സ്റ്റോറി കേരളത്തെ ലക്ഷ്യം വച്ചുള്ളതല്ല എന്നും കേരളത്തിനു പുറത്തു മാത്രമേ ആ നരേറ്റീവിന്റെ പരിപ്പ് വേവുകയുള്ളൂ എന്നും മനസ്സിലാക്കാൻ മാത്രം ബുദ്ധിയില്ലാത്തവരല്ലല്ലോ അതിന്റ അണിയറ പ്രവർത്തകരെപ്പോലെ മലയാളികളും. ‘മോഡി ക്വസ്റ്റ്യൻ’ പ്രദർശിപ്പിക്കാൻ അനുമതി ലഭിക്കാതിരിക്കുകയും കേരള സ്റ്റോറി നിലവിളക്ക് കൊളുത്തി അധികൃതർ തന്നെ പ്രദർശിപ്പിക്കുകയും ചെയ്ത ജവഹർലാൽ നെഹ്റു സർവകലാശാലയുടെ അനുഭവം തന്നെയാണ് ഗൗരവപൂർവം ചർച്ച ചെയ്യപ്പെടേണ്ടത് .