കാഞ്ഞിരപ്പള്ളി > കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളജ് വിദ്യാർഥിനി ശ്രദ്ധ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി സിനിമാ താരങ്ങളായ അനശ്വര രാജനും ഷെയ്ൻ നിഗമും.
വിദ്യാർഥികളുടെ രണ്ടാമത്തെ വീടായി പറയപ്പെടുന്ന കലാലയങ്ങളിൽ നിന്ന് ഇങ്ങനെ സംഭവിക്കരുതെന്ന് നടി അനശ്വര രാജൻ പറഞ്ഞു. മാനസികമായി കുട്ടികളെ തകർക്കുന്ന ഇടങ്ങളെ വീടായി കരുതാനാകില്ലെന്നും അധ്യാപകരാൽ ജീവിതം അവസാനിപ്പിക്കേണ്ടി വന്ന ശ്രദ്ധയ്ക്ക് ആത്മശാന്തി നേരുന്നതായും അനശ്വര കുറിച്ചു. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടരുതെന്നും ശ്രദ്ധയ്ക്ക് നീതി ലഭിക്കണമെന്നും അനശ്വര കൂട്ടിച്ചേർത്തു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു നടിയുടെ പ്രതികരണം. അമൽജ്യോതി കോളജിൽ സമരം ചെയ്യുന്ന വിദ്യാർഥികളുടെ വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്.
ഇതൊരു ഒറ്റപ്പെട്ട സംഭവമായി കാണരുതെന്നായിരുന്നു നടൻ ഷെയ്ൻ നിഗത്തിന്റെ പ്രതികരണം. തങ്ങളുടെ കുട്ടികളെ നല്ലൊരു ഭാവി മുൻകൂട്ടി കണ്ട് കോളേജ് അധികാരികളെ തൻ്റെ മക്കളെ ഏൽപ്പിക്കുമ്പോൾ അവരുടെ ഓരോരുത്തരുടെയും സുരക്ഷക്കൊപ്പം അവരുടെ മാനസിക ആരോഗ്യത്തിനും ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. തങ്ങളുടെ പ്രശ്നങ്ങൾ ഉയർത്തി രംഗത്ത് വന്ന ആ ചുണക്കുട്ടികളെ കേരളം കേൾക്കണം, വേണ്ടപ്പെട്ട അധികാരികൾ കാണണം…. ഐക്യദാര്ഢ്യം നൽകണം… ഷെയ്ൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിയാണ് ശ്രദ്ധ വെള്ളിയാഴ്ച രാത്രിയാണ് കോളേജ് ഹോസ്റ്റലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. എന്നാൽ കുട്ടി തലകറങ്ങി വീണതാണ് എന്നാണ് കോളേജ് അധികൃതർ ഡോക്ടറോട് പറഞ്ഞത്. ആത്മഹത്യാശ്രമമാണ് എന്ന് പറഞ്ഞിരുന്നെങ്കിൽ ആ സാഹചര്യം അനുസരിച്ചുള്ള ചികിത്സ ലഭിച്ചേനേയെന്നും ശ്രദ്ധയുടെ ബന്ധു പറഞ്ഞു.
കോളേജിലെ ലാബില് ഉപയോഗിച്ച മൊബൈല് ഫോൺ അധ്യാപകര് പിടിച്ചെടുത്തിരുന്നു.അന്ന് രാത്രി ഒമ്പതോടെ കോളജ് ഹോസ്റ്റലിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ ശ്രദ്ധയെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ പ്രതിഷേധവുമായി എസ്.എഫ്.ഐയും രംഗത്തുണ്ട്.
സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുകയാണ്. ശ്രദ്ധയുടെ മരണം സംബന്ധിച്ച് അന്വേഷിച്ച് അടിയന്തിരമായി വിശദറിപ്പോർട്ടു നൽകാൻ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു നിർദ്ദേശം നൽകിയിരുന്നു.