തിരുവനന്തപുരം
കോൺഗ്രസിലെ പുനഃസംഘടനയിൽ സമവായത്തിനായി ഹൈക്കമാൻഡ് നിർദേശിച്ച മാനദണ്ഡം ലംഘിച്ചതിൽ പ്രതിഷേധം വ്യാപകം. പഴയ ഗ്രൂപ്പുകളെ ശക്തമാക്കാനാണ് എ, ഐ വിഭാഗങ്ങൾ തയ്യാറെടുക്കുന്നത്. എ ഗ്രൂപ്പിനായി ബെന്നിബെഹനാൻ അത് പരസ്യമായി പ്രഖ്യാപിച്ചു. ഐ ഗ്രൂപ്പ് നേതാക്കളുടെയും മനസ്സിലിരുപ്പ് മറ്റൊന്നല്ല. ഡിസിസി യോഗങ്ങളിൽ പങ്കെടുക്കില്ലെന്നും മണ്ഡലം പുനഃസംഘടനയിൽ സഹകരിക്കില്ലെന്നും നേതാക്കൾ പറയുന്നു. എല്ലാവിഭാഗക്കാർക്കും തൃപ്തികരമാകുന്ന 200 പേരുടെ പട്ടിക ഉപസമിതി കെപിസിസി അധ്യക്ഷനെ ഏൽപ്പിച്ചതാണെന്നും അതിൽ തിരിമറി നടത്തിയാണ് പ്രഖ്യാപനം വന്നതെന്നും ഐ ഗ്രൂപ്പ് നേതാവ് പറഞ്ഞു.
ഉപസമിതിയെ നോക്കുകുത്തിയാക്കിയും എംപിമാർക്ക് നൽകിയ ഉറപ്പ് ലംഘിച്ചും പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി അധ്യക്ഷൻ കെ സുധാകരനും ബ്ലോക്ക് പ്രസിഡന്റുമാരെ നിശ്ചയിച്ചെന്നാണ് ഗ്രൂപ്പുകളുടെ പൊതുവികാരം. എന്നാൽ, മണ്ഡലം പുനഃസംഘടന വേഗത്തിൽ പൂർത്തിയാക്കാനാണിതെന്ന് ഔദ്യോഗിക വിഭാഗം വ്യക്തമാക്കി.ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടികയിൽ മാറ്റമില്ലാതെ പറ്റില്ലെന്ന നിലപാടിലാണ് എ,- ഐ ഗ്രൂപ്പുകൾ. താരിഖ് അൻവറിന് പരാതി അയച്ചെങ്കിലും കെ സി വേണുഗോപാൽ പറയാതെ ഹൈക്കമാൻഡ് അനങ്ങില്ല.
എന്നാൽ, പ്രതിഷേധങ്ങളെ കണക്കിലെടുക്കേണ്ടെന്ന നിലപാടിലാണ് സതീശനും സുധാകരനും. മുമ്പ് ഇവർ പറയുന്ന സമവായങ്ങൾ ഉണ്ടായിട്ടില്ല. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവുംകൂടി ഗ്രൂപ്പുകാരെ വയ്ക്കുകയായിരുന്നു. അതിന് തങ്ങൾക്കും അധികാരമുണ്ടായിട്ടും ചർച്ചയ്ക്ക് തയ്യാറായെന്നും പറയുന്നു. പുറത്തിറക്കിയ ഒരു പട്ടികയും പുനഃപരിശോധിക്കില്ല. വേണുഗോപാലിന്റെ പിന്തുണയും ഇവർക്കാണ്. ആദ്യത്തെ 197 പേരുടെ പട്ടികയ്ക്കെതിരായ പ്രതിഷേധം വകവയ്ക്കാതെ ബാക്കിയുള്ള മൂന്നു ജില്ലയിലേത് പുറത്തിറക്കിയതും ഇതിന്റെ പിൻബലത്തിലാണ്. തിരുവനന്തപുരം 28, മലപ്പുറം 32, കോട്ടയം 18 ബ്ലോക്ക് പ്രസിഡന്റുമാരെയാണ് തീരുമാനിച്ചത്.
ഗ്രൂപ്പില്ലാതാക്കുമെന്ന് പറഞ്ഞ് നേതൃത്വത്തിലെത്തിയ സംഘം സ്വന്തം ഗ്രൂപ്പുണ്ടാക്കാനാണ് പുനഃസംഘടന ഉപയോഗിച്ചത്. കെ സി ജോസഫിനെപ്പോലെ മുതിർന്ന നേതാക്കളെയും ഇവർ വിശ്വാസത്തിലെടുത്തില്ലെന്ന് എ ഗ്രൂപ്പും വിലയിരുത്തുന്നു.
വാട്സാപ് പുനഃസംഘടന
അംഗീകരിക്കില്ല: ബെന്നി ബഹനാൻ
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരെ കെ സുധാകരനും വി ഡി സതീശനും ചേർന്ന് ഏകപക്ഷീയമായി നിയമിച്ചതിനെതിരെ പരസ്യ പ്രതികരണവുമായി എ ഗ്രൂപ്പ്. സമവായം അട്ടിമറിക്കപ്പെട്ടെന്നും അർധരാത്രി വാട്സാപ്പിലൂടെ നടത്തിയ പുനഃസംഘടന ജനാധിപത്യ പാർടിക്ക് ചേർന്നതല്ലെന്നും എ ഗ്രൂപ്പ് നേതാവ് ബെന്നി ബഹനാൻ എംപി മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസിലെ ഐക്യശ്രമങ്ങൾക്ക് എതിരാണ് ഇപ്പോൾ പ്രഖ്യാപിച്ച പട്ടിക. കെ സുധാകരനോട് പരാതി പറഞ്ഞിട്ട് കാര്യമില്ല. ഉമ്മൻചാണ്ടിയുടെ മനസ്സറിയാതെയുള്ള പുനഃസംഘടനയാണിത്. ഓരോരുത്തരെയും അടർത്തി ചിലർ പുതിയ ഗ്രൂപ്പുണ്ടാക്കുകയാണ്–-ബെന്നി ബഹനാൻ തുറന്നടിച്ചു.
പ്രതിപക്ഷനേതാവ് വി ഡി സതീശൻ സ്വന്തം ജില്ലയായ എറണാകുളത്ത് ബ്ലോക്ക് പ്രസിഡന്റ് സ്ഥാനങ്ങളെല്ലാം തട്ടിയെടുത്തതോടെയാണ് പ്രതിഷേധം. ജില്ലയിൽ 28ൽ 12 എണ്ണം എ ഗ്രൂപ്പിനെന്നായിരുന്നു ധാരണ. എന്നാൽ, എല്ലായിടത്തും സതീശന്റെ വിശ്വസ്തരെ നിയമിച്ചു. എ ഗ്രൂപ്പിന്റെ കൈയിലുള്ള തൃക്കാക്കര ബ്ലോക്ക് തട്ടിയെടുക്കാനുള്ള സതീശന്റെ ശ്രമം കെ സി ജോസഫിനെ ഇടപെടീച്ച് തൽക്കാലത്തേക്ക് തടഞ്ഞു. ശനിയാഴ്ച എറണാകുളം ഡിസിസി എക്സിക്യൂട്ടീവ് യോഗം ബഹിഷ്കരിച്ച എ ഗ്രൂപ്പ് നേതാക്കൾ രഹസ്യയോഗം ചേർന്നു. പരിഹാരമില്ലെങ്കിൽ സമരങ്ങളിൽനിന്ന് വിട്ടുനിൽക്കാനാണ് എ ഗ്രൂപ്പ് തീരുമാനം. ഇരുപത്തെട്ടിൽ 16 ബ്ലോക്ക് പ്രസിഡന്റുമാരുണ്ടായിരുന്ന രമേശ് ചെന്നിത്തല വിഭാഗത്തിന് ഇത്തവണ അഞ്ചെണ്ണമാണ് ലഭിച്ചത്. ഇതോടെ ഐ ഗ്രൂപ്പും രഹസ്യയോഗങ്ങൾ ചേർന്ന് പ്രതിഷേധം കെപിസിസിയെ അറിയിക്കുകയാണ്.
അതൃപ്തി പരസ്യമാക്കി
എം എം ഹസ്സൻ
കെപിസിസി പുനഃസംഘടനയിൽ അതൃപ്തിയറിയിച്ച് എം എം ഹസ്സൻ. ഇത് സംബന്ധിച്ച് ഹസ്സൻ എഐസിസിക്ക് കത്തയച്ചു. പുനഃസംഘടനയിൽ വ്യാപകമായ പരാതിയുണ്ടെന്ന് ഹസൻ പ്രതികരിച്ചു. കത്തിന് മറുപടി ലഭിച്ച ശേഷം കൂടുതൽ കാര്യങ്ങൾ പറയുമെന്നും ഹസൻ പറഞ്ഞു.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരുടെ പുനഃസംഘടനയിൽ അമർഷം പരസ്യമാക്കി എ ഗ്രൂപ്പ് രംഗത്തെത്തിയതിന് പിന്നാലെയാണ് ഹസ്സനും തുറന്നടിച്ചിരിക്കുന്നത്.
യുഡിഎഫ് പാലക്കാട്
ജില്ലാ ചെയർമാൻ രാജിവച്ചു
കോൺഗ്രസ് പുനഃസംഘടനയിൽ അർഹമായ പരിഗണന ലഭിക്കാത്തതിൽ പ്രതിഷേധിച്ച് യുഡിഎഫ് പാലക്കാട് ജില്ലാ ചെയർമാൻ പി ബാലഗോപാൽ സ്ഥാനം രാജിവച്ചു. രാജിക്കത്ത് യുഡിഎഫ് കൺവീനർ എം എം ഹസന് കൈമാറി. പ്രതിഷേധമുണ്ടെങ്കിലും കെപിസിസി സെക്രട്ടറിസ്ഥാനം ഒഴിയാൻ ബാലഗോപാൽ തയ്യാറായില്ല. ജില്ലയിൽ 10 മണ്ഡലങ്ങളിലായി 20 ബ്ലോക്ക് കമ്മിറ്റികളിലേക്കാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. കൊല്ലങ്കോട്, നെന്മാറ ബ്ലോക്കുകളിലേക്ക് ഭാരവാഹികളായില്ല. 20 ബ്ലോക്കിലും ഷാഫി പറമ്പിൽ എംഎൽഎയുടെ ഇഷ്ടക്കാരെ നിയമിച്ചതിൽ പ്രതിഷേധിച്ചാണ് ബാലഗോപാലിന്റെ രാജി. സംസ്ഥാന നേതൃത്വത്തിന്റെ നിലപാടും മാനദണ്ഡങ്ങളും പാലിക്കാതെയാണ് ജില്ലയിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരെ നിയോഗിച്ചതെന്നാണ് ആരോപണം. വി കെ ശ്രീകണ്ഠൻ എംപി, മുൻ എംപി വി എസ് വിജയരാഘവൻ, മുൻമന്ത്രി വി സി കബീർ എന്നിവർക്കും പുനഃസംഘടനയിൽ അതൃപ്തിയുണ്ടെന്നാണ് വിവരം.