കൊല്ലം
ഉള്ളുനീറുന്ന വേദനകൾ ഉള്ളിലൊതുക്കി ചിരിപ്പിക്കാൻ മാത്രമായാണ് കൊല്ലം സുധി അരങ്ങത്തെത്തിയത്. അടുത്ത സുഹൃത്തുക്കളോട് മാത്രം തന്റെ വേദനകളും സ്വപ്നങ്ങളും പങ്കുവച്ചു. മിമിക്രിയും ഹാസ്യ കലാപരിപാടികളുമായി വന്ന് സഹൃദയരെ ചിരിപ്പിക്കുമ്പോൾ പല ദിവസവും ഇരവിപുരം ചായക്കട മുക്കിനു സമീപത്തെ വീട്ടിൽ ദാരിദ്ര്യമായിരുന്നു. ഒപ്പം അവഗണനയും ആവോളം. എപ്പോഴും സുധി അരങ്ങത്ത് പ്രസന്നവദനനായിരുന്നു. മിമിക്രിയായിരുന്നു എന്നും ഹരം. മിമിക്സ് പരേഡുകളും മിമിക്സ് ഗാനമേളകളുമായി നടക്കുന്നതിനിടയിലാണ് ചില സുഹൃത്തുക്കളുമൊത്ത് കോമഡി ഷോ തുടങ്ങിയത്. സീസണിൽ മാത്രം കുറച്ച് പരിപാടികൾ ലഭിക്കുന്നതുകൊണ്ട് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഴിഞ്ഞിരുന്നില്ല. കലാരംഗത്ത് പിടിച്ചുനിൽക്കാൻ കഴിയാതെ വന്നപ്പോഴെല്ലാം ചേർത്തുനിർത്തിയത് കലാഭവൻ മണിയായിരുന്നു.
നടൻ ജഗദീഷിനെ അനുകരിക്കുന്നതിലെ മികവാണ് സുധിയെ ചാനൽ ഷോകളിൽ എത്തിച്ചത്. ആദ്യ വിവാഹബന്ധം ശിഥിലമായപ്പോൾ പിച്ചവച്ചു തുടങ്ങിയ തന്റെ കുഞ്ഞുമായാണ് സുധി പരിപാടികൾക്ക് എത്തിയിരുന്നത്. ചാനൽ ഷോകളിലൂടെ പേരും പ്രശസ്തിയുമായെങ്കിലും ബാധ്യതകളും ബുദ്ധിമുട്ടും വിട്ടുപോയില്ല. കഴിഞ്ഞ ഒമ്പതു വർഷമായി ഒരു പ്രമുഖ ചാനലിൽ സ്ഥിരമായി പരിപാടികൾ അവതരിപ്പിച്ചു. 2015 ല് പുറത്തിറങ്ങിയ ‘കാന്താരി’യിലൂടെ സിനിമയിലെത്തി. കട്ടപ്പനയിലെ ഋത്വിക് റോഷന്, കുട്ടനാടന് മാര്പാപ്പ, തീറ്റ റപ്പായി, വകതിരിവ്, ആന് ഇന്റര്നാഷനല് ലോക്കല് സ്റ്റോറി, കേശു ഈ വീടിന്റെ നാഥന്, എസ്കേപ്പ്, സ്വര്ഗത്തിലെ കട്ടുറുമ്പ് എന്നീ സിനിമകളിൽ അഭിനയിച്ചു. ജീവിതം മെച്ചപ്പെട്ടുവരുന്നതിനിടയിലാണ് അപകടം സുധിയുടെ ജീവൻ കവർന്നത്. പുനർവിവാഹിതനായ സുധി ഭാര്യയുടെ നാടായ കോട്ടയം വാകത്താനത്ത് വാടകവീട്ടിലായിരുന്നു താമസം. സ്വന്തമായൊരു വീടെന്ന സ്വപ്നം ബാക്കിയാക്കിയാണ് സുധി പോയത്.