ദി ഓവൽ
ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ് ഫൈനലിനായി നാളെ ഇറങ്ങുമ്പോൾ ഐപിഎൽ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് ഇന്ത്യയും ഓസ്ട്രേലിയയും. ഇന്ത്യൻ ടീമിലെ 15 കളിക്കാരിൽ 13 പേരും ഏപ്രിൽ, മെയ് മാസത്തിൽ നടന്ന ഐപിഎല്ലിൽ സജീവമായിരുന്നു. മറുവശത്ത്, ഓസീസ് ടീമിലെ രണ്ട് കളിക്കാർമാത്രമാണ് ഐപിഎൽ കളിച്ചത്. ഈ സാഹചര്യത്തിൽ കൂടുതൽ മത്സരങ്ങൾ കളിച്ചത് തളർച്ചയാകുമോ എന്ന ആശങ്കയുണ്ട് ഇന്ത്യൻ ടീമിന്. ഓസീസിനാകട്ടെ വേണ്ടത്ര മത്സരപരിചയം കിട്ടാത്തത് തിരിച്ചടിയായേക്കുമെന്ന ചിന്തയാണ്.
നാളെ ഇംഗ്ലണ്ടിലെ ഓവലിലാണ് ഫൈനൽ. ഇന്ത്യൻ സമയം പകൽ മൂന്നിന് കളി തുടങ്ങും.ഇന്ത്യൻ ടീമിൽ ചേതേശ്വർ പൂജാരമാത്രമാണ് ഐപിഎൽ കളിക്കാത്തത്. പൂജാര കൗണ്ടിയിൽ സജീവമായിരുന്നു. വിക്കറ്റ് കീപ്പർ ശ്രീകർ ഭരത് ഐപിഎൽ ടീം ഗുജറാത്ത് ടൈറ്റൻസിലുണ്ടായിരുന്നെങ്കിലും ഒരു കളിയിലും ഇറങ്ങിയില്ല. ഓപ്പണർ ശുഭ്മാൻ ഗിൽ ഫൈനൽ ഉൾപ്പെടെ 17 കളിക്കിറങ്ങി. പേസർ മുഹമ്മദ് ഷമിയും 17 എണ്ണത്തിൽ പന്തെറിഞ്ഞു. വിരാട് കോഹ്ലി 14 മത്സരങ്ങളിൽ ഇറങ്ങിയപ്പോൾ ഇഷാൻ കിഷനും ക്യാപ്റ്റൻ രോഹിത് ശർമയും 16 വീതം മത്സരങ്ങളാണ് കളിച്ചത്. രവീന്ദ്ര ജഡേജ (16), മുഹമ്മദ് സിറാജ് (14), അജിൻക്യ രഹാനെ (14), അക്സർ പട്ടേൽ (14), ശാർദുൽ ഠാക്കൂർ (11), ആർ അശ്വിൻ (13) എന്നിവരും പരാമവധി കളികളിലിറങ്ങി.
‘ഇന്ത്യൻ ടീമിലെ എല്ലാ കളിക്കാർക്കുംതന്നെ ഐപിഎല്ലിലൂടെ നല്ല മത്സരപരിചയം കിട്ടി. കൂടുതൽ കളിക്കാതെ ഇറങ്ങുന്നതിനെക്കാൾ നല്ലതാകുമോ എന്നത് കണ്ടറിയേണ്ട കാര്യമാണ്. അതേസമയം, കൂടുതൽ കളിച്ചത് തളർത്തുമോ എന്നതും വിഷയമാണ്’–- ഓസ്ട്രേലിയൻ ടീം മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ് പറഞ്ഞു.ഓസീസ് ടീമിൽ ഡേവിഡ് വാർണറും കാമറൂൺ ഗ്രീനുംമാത്രമാണ് ഐപിഎല്ലിൽ സജീവമായുണ്ടായത്. മിച്ചെൽ നെസെർ, സ്റ്റീവൻ സ്മിത്ത്, മാർകസ് ഹാരിസ്, മാർണസ് ലബുഷെയ്ൻ എന്നിവർ കൗണ്ടിയിൽ കളിച്ചിരുന്നു. എങ്കിലും ടീമിലെ ഭൂരിഭാഗം പേരും മാർച്ചിൽ ഇന്ത്യയിൽ നടന്ന ടെസ്റ്റ് പരമ്പരയ്ക്കുശേഷം മത്സരക്രിക്കറ്റ് കളിച്ചിട്ടില്ല. ഏത് ടീമാണ് ഏറ്റവും നന്നായി ഒരുങ്ങിയത് എന്ന ചോദ്യത്തിന് നാളെമുതൽ ഉത്തരം കിട്ടും.
ഇടവേള നല്ലതെന്നായിരുന്നു ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന്റെ പ്രതികരണം. കുടുംബപരമായ കാരണങ്ങൾ കൊണ്ട് ഇന്ത്യയുമായുള്ള ടെസ്റ്റ് പരമ്പരയ്ക്കിടെ നാട്ടിലേക്ക് മടങ്ങിയ കമ്മിൻസ് ഐപിഎല്ലിൽ ഇക്കുറി പങ്കെടുത്തിരുന്നില്ല. ‘അമിതാധ്വാനത്തേക്കാൾ നല്ലത് അൽപ്പാധ്വാനമാണ്. ഒരു ബൗളറുടെ കാഴ്ചപ്പാടിൽ നോക്കുകയാണെങ്കിൽ അധികമായുള്ള ഒരുക്കം നല്ലതല്ല എന്ന അഭിപ്രായമാണ്. എന്നെ സംബന്ധിച്ചടത്തോളം ശാരീരികമായി ഉന്മേഷത്തോടെ ഇരിക്കുക എന്നതാണ്. ഇടവേള ഗുണം ചെയ്യും’–- കമ്മിൻസ് പറഞ്ഞു. ഓവലിലേത് ഓസ്ട്രേലിയൻ പിച്ചുകൾക്ക് സമാനമായതിനാൽ കമ്മിൻസും കൂട്ടർക്കുമാണ് സാധ്യതയെന്നായിരുന്നു പോണ്ടിങ്ങിന്റെ പ്രതികരണം.
മാനസികമായി തയ്യാറെടുക്കൂ എന്നായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് സഹതാരങ്ങളോട് പറഞ്ഞത്. യുവതാരങ്ങൾ മാനസികമായി ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും രോഹിത് വ്യക്തമാക്കി. ഇംഗ്ലണ്ടിലെ സാഹചര്യം ബാറ്റർമാർക്ക് വെല്ലുവിളി ഉയർത്തുന്നതാണ്. എത്രസമയം ക്രീസിൽ നിൽക്കാൻ കഴിയുമെന്നതാണ് വെല്ലുവിളി. അത് അതിജീവിച്ചാൽ അനായാസമായി റണ്ണടിക്കാമെന്നും ക്യാപ്റ്റൻ പറഞ്ഞു. കഴിഞ്ഞ ഫൈനലിൽ ന്യൂസിലൻഡിനോടായിരുന്നു ഇന്ത്യയുടെ തോൽവി.