കെ ഫോൺ എന്ത്
സർക്കാർ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യ ബ്രോഡ്ബാൻഡ് കണക്ഷനാണ് കെ ഫോൺ. കെഎസ്ഇബിയും കെഎസ്ഐടിഐഎല്ലും (കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്) ചേർന്ന് നടപ്പാക്കുന്ന പദ്ധതിയിലൂടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 20 ലക്ഷം കുടുംബത്തിന് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും ഇന്റർനെറ്റ് ലഭ്യമാകും. മുപ്പതിനായിരത്തോളം സർക്കാർ സ്ഥാപനങ്ങളിലും ഇന്റർനെറ്റ് എത്തും. 75 ലക്ഷം കുടുംബത്തിൽ ഇന്റർനെറ്റ് സേവനം നൽകാമെന്നാണ് കണക്കുകൂട്ടൽ.
ഈ മാസം എല്ലാ സർക്കാർ ഓഫീസുകളിലും
ആദ്യ ഘട്ടത്തിൽ ഒരു നിയമസഭാ മണ്ഡലത്തിലെ നൂറു വീട് എന്ന നിലയിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 14,000 വീടുകളിൽ കണക്ഷൻ ലഭിക്കും. ഈ മാസം അവസാനത്തോടെ നിലവിൽ ലഭിച്ച പട്ടികയനുസരിച്ച് എല്ലാ സർക്കാർ സ്ഥാപനങ്ങളിലും കണക്ഷൻ എത്തിക്കും. 2023 ആഗസ്തോടെ ആദ്യഘട്ടം പൂർത്തിയാക്കി വാണിജ്യ കണക്ഷൻ നൽകിത്തുടങ്ങും. ആദ്യ വർഷം രണ്ടരലക്ഷം വാണിജ്യ കണക്ഷൻ നൽകാനാകും.
ഐടി ഇൻഫ്രാസ്ട്രക്ചർ ഇതുവരെ
കെ ഫോൺ പദ്ധതിയുടെ ജീവനാഡി ഒപിജിഡബ്ല്യു കേബിളുകളാണ്. 2600 കിലോമീറ്റർ ദൂരം വലിക്കാനുള്ളതിൽ 2519 കിലോമീറ്റർ ജോലികൾ പൂർത്തിയായി. 22,876 കിലോമീറ്റർ വലിക്കാനുള്ള എഡിഎസ്എസ് കേബിൾ 19,118 കിലോമീറ്റർ പൂർത്തിയാക്കി. കൊച്ചി ഇൻഫോപാർക്കിൽ സജ്ജമാക്കിയ നെറ്റ്വർക്ക് ഓപ്പറേറ്റിങ് സെന്ററാണ് കെ ഫോണിന്റെ തലച്ചോറെന്ന് വിശേഷിപ്പിക്കാവുന്ന സെന്റർ ഹബ്ബ്. ഇവിടെനിന്ന് 376 കെഎസ്ഇബി സബ് സ്റ്റേഷനിലായുള്ള പോയിന്റ് ഓഫ് പ്രസൻസ് കേന്ദ്രങ്ങൾ വഴി കേരളത്തിലുടനീളമുള്ള സ്ഥലങ്ങളിൽ ഇന്റർനെറ്റ് ലഭ്യമാകും. 373 പോയിന്റ് ഓഫ് പ്രസൻസ് കേന്ദ്രവും പ്രവർത്തനസജ്ജമാണ്. മൂന്നെണ്ണത്തിന്റെ നിർമാണം അന്തിമ ഘട്ടത്തിലും.
40 ലക്ഷം കണക്ഷന് സജ്ജം
40 ലക്ഷത്തോളം ഇന്റർനെറ്റ് കണക്ഷൻ നൽകാൻ പര്യാപ്തമായ ഐടി അടിസ്ഥാനസൗകര്യം കെ ഫോൺ സജ്ജീകരിച്ചിട്ടുണ്ട്. 20 എംബിപിഎസ് വേഗത്തിൽ സേവനങ്ങൾ ഉപയോഗിക്കാം. ഇത് ഒരു ജിബിപിഎസ് വർധിപ്പിക്കാനാകും.
സർക്കാരിന് മികച്ച വരുമാനവും
ഇന്റർനെറ്റ് സേവന പദ്ധതിയെന്നതിലുപരി സർക്കാരിന് വിപുലമായ വരുമാന പദ്ധതിയാണ് കെ ഫോൺ. സേവനദാതാക്കൾ എത്തിപ്പെടാത്ത ഇടങ്ങളിലെല്ലാം ബൃഹത്തായ നെറ്റ്വർക്കുള്ളതിനാൽ സേവനദാതാക്കളിൽനിന്ന് പാട്ടം ഇനത്തിൽ കെ ഫോണിലേക്ക് വരുമാനം കണ്ടെത്താനാകും. സംസ്ഥാനത്തുടനീളം വിന്യസിച്ച ഡാർക്ക് ഫൈബറാണ് പാട്ടത്തിന് നൽകുക. സർക്കാർ സ്ഥാപനങ്ങളിൽ കണക്ഷൻ നൽകുന്നതിൽനിന്ന് സർവീസ് ചാർജ് ഈടാക്കുക, ട്രഷറിയുൾപ്പെടെയുള്ള കേന്ദ്രീകൃത സ്ഥാപനങ്ങൾക്ക് പ്രത്യേകം ഇന്റർനെറ്റ് നെറ്റ്വർക്ക് നൽകുക, വീടുകളിലേക്ക് വ്യാവസായിക അടിസ്ഥാനത്തിൽ ഇന്റർനെറ്റ് കണക്ഷൻ നൽകുക, കോർപറേറ്റുകൾക്കായി പ്രത്യേകം കണക്ഷനുകളും മൾട്ടിപ്രോട്ടോകോൾ ലേബൽ സ്വിച്ചിങ് നെറ്റ്വർക്കും നൽകുക തുടങ്ങിയവയും വരുമാനം എത്തിക്കും. 14,000 റേഷൻ കട, രണ്ടായിരത്തിലധികം സപ്ലൈകോ ഔട്ട്ലെറ്റുകൾ, കേരള ബാങ്ക് പോലുള്ള മറ്റ് സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും വാണിജ്യ അടിസ്ഥാനത്തിൽ കണക്ഷൻ നൽകുന്നതിലൂടെ വരുമാനം കണ്ടെത്താം.
കൺസോർഷ്യത്തിൽ ആരെല്ലാം
കെഎസ്ഐടിഐഎൽ മുന്നോട്ടുവച്ച നിബന്ധനകൾക്ക് വിധേയമായി യോഗ്യരായ മൂന്ന് ബിഡർമാരിൽനിന്ന് കൃത്യമായ ടെൻഡർ പ്രക്രിയക്കുശേഷമാണ് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ (ബെൽ) നേതൃത്വത്തിലുള്ള കൺസോർഷ്യത്തെ തെരഞ്ഞെടുത്തത്. ബെല്ലിനുപുറമെ റെയിൽടെൽ, എസ്ആർഐടി, എൽഎസ് കേബിൾ എന്നിവയും അടങ്ങുന്നതാണ് കൺസോർഷ്യം. പൊതുമേഖലാ സ്ഥാപനമായ ബെല്ലിനാണ് ആസൂത്രണം, നിർവഹണം, നിയന്ത്രണം, സംഭരണം, മോണിറ്ററിങ് എന്നിവയുടെ ഉത്തരവാദിത്വം. മറ്റൊരു പൊതുമേഖലാ സ്ഥാപനമായ റെയിൽടെൽ ഐടി ഘടകങ്ങളുടെ വിതരണം, ഇൻസ്റ്റലേഷൻ, ടെസ്റ്റിങ്, കമീഷൻ ചെയ്യൽ, ഓപ്പറേഷൻ, മെയിന്റനൻസ് എന്നീ കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കും.
ട്രായി ലൈസൻസും
കേന്ദ്ര ടെലികോം മന്ത്രാലയത്തിനുകീഴിലെ ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരത്തോടെയാണ് കെ ഫോൺ ഉപയോക്താക്കളിലേക്ക് എത്തുന്നത്. ഡിപ്പാർട്ട്മെന്റ് ഓഫ് ടെലികമ്യൂണിക്കേഷൻസിന്റെ ഐപി ഒന്ന് സർട്ടിഫിക്കേഷനും ഐഎസ്പിബി ലൈസൻസും കെ ഫോണിന് ലഭിച്ചിട്ടുണ്ട്.
കണക്ഷന് എങ്ങനെ അപേക്ഷിക്കാം
കെ ഫോൺ മൊബൈൽ ആപ്ലിക്കേഷൻ ആപ് സ്റ്റോറിലും പ്ലേസ്റ്റോറിലും ലഭ്യമാകും. ബിസിനസ് സപ്പോർട്ട് സെന്ററിൽനിന്ന് ഉപയോക്താക്കളെ നേരിട്ട് ബന്ധപ്പെട്ട് കണക്ഷൻ നൽകുന്നതുമായി ബന്ധപ്പെട്ട തുടർനടപടി സ്വീകരിച്ച് പിൻകോഡ് അടിസ്ഥാനത്തിൽ ലോക്കൽ നെറ്റ്വർക്ക് പ്രൊവൈഡർമാരെ കണക്ഷൻ നൽകാൻ ചുമതലപ്പെടുത്തും. സംശയങ്ങൾ ദൂരീകരിക്കാൻ എഫ്എക്യു സെക്ഷനും നിരക്കുകൾ മനസ്സിലാക്കാൻ താരിഫ് സെക്ഷനും ആപ്പിലുണ്ട്.