കൊച്ചി > പോക്സോ, ഐടി നിയമങ്ങളനുസരിച്ച് ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്ക്കെതിരെ രജിസ്റ്റർ ചെയ്ത കേസിൽ തുടർനടപടികൾ ഹൈക്കോടതി റദ്ദാക്കി. രഹ്നയുടെ നഗ്ന ശരീരത്തിൽ മക്കൾ ചിത്രം വരയ്ക്കുന്ന വീഡിയോ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലെ തുടർനടപടികളാണ് സിംഗിൾ ബെഞ്ച് റദ്ദാക്കിയത്.
പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മുന്നിൽ ശരീരപ്രദർശനം നടത്തിയതിന് പോക്സോ നിയമപ്രകാരവും ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് ഐടി ആക്ട് പ്രകാരവുമാണ് കേസെടുത്തത്. തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം സൗത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് തുടർനടപടികൾ റദ്ദാക്കി ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഉത്തരവിട്ടത്. ലൈംഗിക ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് ഐടി ആക്ടിലെ 67 വകുപ്പ് പ്രകാരവും കുട്ടികളെ ദുരുപയോഗം ചെയ്തതിന് ബാലനീതി നിയമത്തിലെ 75 വകുപ്പ് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.