ന്യൂഡൽഹി > ഇരുചക്ര വാഹനങ്ങളിൽ ചെറിയ കുട്ടികളെപ്പോലും മൂന്നാമത്തെ യാത്രക്കാരായി അനുവദിക്കാൻ സാധിക്കില്ല എന്ന് വ്യക്തമാക്കികൊണ്ട് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ നിലവിലുള്ള വ്യവസ്ഥകൾ ഭേദഗതി ചെയ്തുകൊണ്ട് പത്ത് വയസ് വരെയെങ്കിലും ഉള്ള കുട്ടികളെ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് മാതാപിതാക്കളോടൊപ്പം യാത്രചെയ്യാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് സിപിഐ എം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി നൽകിയ കത്തിനുള്ള മറുപടിയിലാണ് കേന്ദ്ര സർക്കാർ നിലപാട് മന്ത്രി വ്യക്തമാക്കിയത്.
കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ 128ാം വകുപ്പ് പ്രകാരം ഇരുചക്ര മോട്ടോർ വാഹനങ്ങളിൽ രണ്ടുപേർക്ക് മാത്രമേ യാത്രചെയ്യാൻ അനുമതിയുള്ളൂ. അച്ഛനമ്മമാരോടൊപ്പം ചെറിയ കുട്ടികൾ ഹെൽമെറ്റ് ധരിച്ച് യാത്ര ചെയ്യുന്നതുപോലും നിയമ ലംഘനത്തിന്റെ പരിധിയിൽ വരികയും അവരിൽ നിന്ന് പിഴ ഈടാക്കേണ്ട സാഹചര്യം ഉണ്ടാക്കുകയും ചെയ്യുന്നതാണ് നിലവിലെ വ്യവസ്ഥ. ലക്ഷക്കണക്കിന് സാധാരണ കുടുംബങ്ങളെയാണ് ഈ വ്യവസ്ഥ ദോഷകരമായി ബാധിക്കുന്നത്. ഇത് കേരളത്തിലുൾപ്പെടെ നിരവധിയായ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും വഴിവെക്കുകയുണ്ടായി.
ഈ സാഹചര്യത്തിലാണ് നിയമം ഭേദഗതി ചെയ്ത് കുട്ടികളുടെ യാത്ര അനുവദിക്കാൻ കേന്ദ്രസർക്കാർ തയ്യാറാവണം എന്ന് ആവശ്യപ്പെട്ടത്. ഇളവ് തേടി സംസ്ഥാന സർക്കാർ നൽകിയ കത്തിനു കേന്ദ്രം ഇതുവരെ മറുപടി നൽകിയിട്ടില്ല. നിലവിൽ 12 വയസ്സിൽ താഴെയുള്ള ഒരുകുട്ടിക്ക് മാതാപിതാക്കൾക്കൊപ്പം ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുന്നതിന് പിഴ ചുമത്തേണ്ടതില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.
എന്നാൽ ഈ ആവശ്യം സ്വീകരിക്കാൻ സർക്കാർ തയ്യാറായില്ല. ഒരു വാഹനത്തിന്റെ സീറ്റിങ് കപ്പാസിറ്റി നിർണയിക്കുന്നത് അതിലെ ലഭ്യമായ സൗകര്യം, അതിന് താങ്ങാൻ കഴിയുന്ന പരമാവധി ഭാരം, വാഹനത്തിന്റെയും യാത്രക്കാരുടെയും സുരക്ഷ മുതലായ ഘടകങ്ങൾ മുൻനിർത്തിയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ടുപേർക്ക് മാത്രം യാത്രചെയ്യാൻ പറ്റുന്ന രീതിയിൽ നിർമിച്ചവയാണ് ഇരുചക്ര വാഹനങ്ങൾ. ലോകത്തെല്ലായിടത്തും ഇരുചക്ര വാഹനങ്ങളിൽ രണ്ടുപേർക്കുമാത്രമേ യാത്രചെയ്യാൻ അനുമതിയുള്ളൂ. അതിനാൽ നിലവിലെ നിയമത്തിൽ ഭേദഗതി വരുത്താനോ കുട്ടികളെ മൂന്നാമത്തെ യാത്രികരായി അനുവദിക്കാനോ സാധ്യമല്ല എന്ന് മന്ത്രി കത്തിൽ വ്യക്തമാക്കി.