കോട്ടയം
ഏഴൂപേർക്ക് പുതുജീവൻ നൽകി അവയവദാനത്തിന്റെ ജ്വലിക്കുന്ന മാതൃകയായ കൈലാസ് നാഥിന്റെ കുടുംബത്തിന് കൈത്താങ്ങായി ഡിവൈഎഫ്ഐ. സഹോദരിയുടെ പഠനവും തണലായി ഒരു വീടുമായിരുന്നു കൈലാസ് നാഥിന്റെ ജീവിത ലക്ഷ്യം. പ്രിയപ്പെട്ട സഹപ്രവർത്തകന്റെ സ്വപ്നം യാഥാർഥ്യമാക്കാൻ ഡിവൈഎഫ്ഐ രംഗത്തിറങ്ങിയതോടെ ആ ലക്ഷ്യത്തിന് നിറം പകർന്നു.
ഡിവൈഎഫ്ഐ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമാഹരിച്ച 21, 50,600 രൂപ മന്ത്രി വി എൻ വാസവനും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീമും ചേർന്ന് കുടുംബത്തിന് കൈമാറി. ഏഴ് പേർക്ക് പുതിയ ജീവിതം നൽകിയ കൈലാസ് നാഥ് മരണത്തിലൂടെ അനശ്വരനായി മാറിയെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു.
ഏപ്രിൽ 22ന് വാഹനാപകടത്തെ തുടർന്നാണ് കൈലാസ്നാഥിന് മസ്തിഷ്ക മരണം സംഭവിച്ചത്. ഹൃദയം, കരൾ, രണ്ട് വൃക്കകൾ, രണ്ട് കണ്ണുകൾ, പാൻക്രിയാസ് എന്നിവയാണ് ദാനം ചെയ്തത്. അച്ഛനും അമ്മയും സഹോദരിയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയം കൈലാസിന്റെ ജോലി മാത്രമായിരുന്നു. ചടങ്ങിൽ സിപിഐ എം ജില്ലാ സെക്രട്ടറി എ വി റസൽ, സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനിൽ കുമാർ, ഡിവൈഎഫ്ഐ അഖിലേന്ത്യാ സെക്രട്ടറിയറ്റംഗം ജെയ്ക് സി തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.