ഓവൽ
ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിന് ഇനി നാലുനാൾ. അവസാന ഒരുക്കത്തിലാണ് ഇന്ത്യയും ഓസ്ട്രേലിയയും. ഇന്ത്യയുടെ ബൗളിങ് നിര ഏതാകുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഓസ്ട്രേലിയയും ഇന്ത്യയുടെ ബൗളിങ് നിര എങ്ങനെയായിരിക്കുമെന്ന ആശങ്കയിലാണ്. ഓസീസ് ആദ്യ 11 പേരുടെ കാര്യത്തിൽ ഏറെക്കുറെ വ്യക്തത വരുത്തി. ഓവലിൽ രണ്ട് സ്പിന്നർമാരെ പരിശീലകൻ രാഹുൽ ദ്രാവിഡ് ഇറക്കുമോ എന്നത് കണ്ടറിയണം. പിച്ച് അവസാനഘട്ടത്തിൽ സ്പിന്നിന് അനുകൂലമാകുമെന്നാണ് വിലയിരുത്തൽ.
ഓസീസിനെതിരെ നടന്ന അവസാന ടെസ്റ്റ് പരമ്പരയിൽ മൂന്ന് സ്പിന്നർമാരെയാണ് ഇന്ത്യ അണിനിരത്തിയത്. ഇതിൽ 25 വിക്കറ്റുമായി ആർ അശ്വിനും 22 വിക്കറ്റുമായി രവീന്ദ്ര ജഡേജയുമാണ് ഇന്ത്യക്ക് പരമ്പരജയം ഒരുക്കിയത്. അക്സർ പട്ടേലായിരുന്നു മൂന്നാംസ്പിന്നർ. അതേസമയം, 2021ൽ ന്യൂസിലൻഡിനെതിരായ ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ അശ്വിനും ജഡേജയ്ക്കും സ്വാധീനമുണ്ടാക്കാനായില്ല.
അതിനാൽതന്നെ ഓസീസിനെതിരെ ഇറങ്ങുമ്പോൾ രണ്ട് സ്പിന്നർമാരെ കളിപ്പിക്കുന്ന കാര്യത്തിൽ ഇന്ത്യൻ ടീം മാനേജ്മെന്റ് കൂടുതൽ ചിന്തിക്കും.
നിലവിലെ സാഹചര്യത്തിൽ ഒരു സ്പിന്നറെമാത്രമേ കളിപ്പിക്കുന്നുള്ളൂവെങ്കിൽ ജഡേജയ്ക്കായിരിക്കും സാധ്യത. ഓസീസും ജഡേജയെ നേരിടാനുള്ള പരിശീലനത്തിലാണ്. എന്നാൽ, അശ്വിന്റെ സാധ്യത തള്ളിക്കളയാനാകില്ല. ഇംഗ്ലണ്ടിൽ ഭേദപ്പെട്ട പ്രകടനമാണ് മുപ്പത്താറുകാരന്റേത്. 28.11 ശരാശരിയിൽ 18 വിക്കറ്റ്. പക്ഷേ, ഓവലിൽ ഒരു മത്സരംമാത്രമാണ് കളിക്കാനായത്. ഈ കളിയിൽ മൂന്ന് വിക്കറ്റെടുത്തു. 2014ലായിരുന്നു മത്സരം. 474 വിക്കറ്റുമായി ഇന്ത്യയുടെ ഏറ്റവും മികച്ച രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരന് വിദേശ മണ്ണിൽ അവസരം കൊടുക്കാത്തതിൽ വിമർശവുമുണ്ട്.
ഇരുവരുടെയും ഓൾ റൗണ്ടർ മികവാണ് മറ്റൊരു ഘടകം. വാലറ്റത്ത് അശ്വിനും ജഡേജയും ചേർന്ന് പല കളികളും രക്ഷിച്ചെടുത്തിട്ടുണ്ട്. അതേസമയം, മറ്റൊരു ബൗളിങ് ഓൾ റൗണ്ടർ ശാർദുൽ ഠാക്കൂറിനെ ഉൾപ്പെടുത്താനും സാധ്യതയുണ്ട്. മീഡിയം പേസറായ ശാർദുൽ നിർണായകഘട്ടത്തിൽ ബാറ്റ് കൊണ്ടും പന്തുകൊണ്ടും ടീമിന് സഹായമൊരുക്കാറുണ്ട്. ശാർദുൽ കളിക്കുകയാണെങ്കിൽ അശ്വിൻ പുറത്താകും. അശ്വിൻ അവിശ്വസനീയ പ്രകടനം പുറത്തെടുക്കുന്ന ബൗളറെന്നായിരുന്നു ഓസീസ് ടീം സഹ പരിശീലകൻ ഡാനിയേൽ വെട്ടോറിയുടെ പ്രതികരണം. ‘ഏതൊരു ടീമിന്റെയും ആദ്യ പരിഗണന അശ്വിനായിരിക്കും. എന്നാൽ, ഇന്ത്യൻ ടീമിന്റെ സന്തുലനം പരിഗണിക്കുമ്പോൾ ചിലപ്പോൾ അശ്വിന് സ്ഥാനം കിട്ടില്ലായിരിക്കും’–-വെട്ടോറി പറഞ്ഞു. പേസ് നിരയെ മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജുമായിരിക്കും നയിക്കുക. മൂന്നാംപേസറായി ഉമേഷ് യാദവോ ജയദേവ് ഉനദ്ഘട്ടോ കളിച്ചേക്കും.