കാഞ്ഞിരപ്പള്ളി> നിർദ്ദിഷ്ട ശബരിമല വിമാനത്താവളം യാഥാർഥ്യമാകുന്നതിന് സ്ഥലം ഏറ്റെടുപ്പ് നടപടികളുടെ പ്രാഥമിക പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. ചെറുവള്ളി എസ്റ്റേറ്റും സമീപപ്രദേശങ്ങളും ഉൾപ്പെടെ 2570 ഏക്കർ സ്ഥലമാണ് ഏറ്റെടുക്കുന്നത്. ഇതിനായി വിജ്ഞാപനം പുറപ്പെടുവിച്ചു. തുടർന്ന് സർക്കാർ ചുമതലപ്പെടുത്തിയ തിരുവനന്തപുരത്തെ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് സാമൂഹ്യ ആഘാത പഠനം നടത്തി കരട് പഠന റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
ഈ റിപ്പോർട്ട് പ്രകാരം 12ന് എരുമേലി റോട്ടറി ഹാളിലും 13 ന് മുക്കട കമ്യൂണിറ്റി ഹാളിലും പബ്ലിക് ഹിയറിങ് നടത്തും. ജനങ്ങളുടെ ഭാഗം കൂടി കേട്ട ശേഷം അന്തിമ റിപ്പോർട്ട് സമർപ്പിക്കും. സർക്കാർ രൂപീകരിക്കുന്ന വിദഗ്ധസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പുനരധിവാസം ഉൾപ്പെടെയുള്ള അനന്തര നടപടികൾ സ്വീകരിക്കുകയെന്നും എംഎൽഎ അറിയിച്ചു.