തിരുവനന്തപുരം
മതരാഷ്ട്രവാദം ഉയർത്തി ജനങ്ങളെ ഭിന്നിപ്പിക്കാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സിന്റെ ദേശീയ സമ്മേളനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബിജെപി ഭരണത്തിൽ ഭരണഘടനാ മൂല്യങ്ങൾ നിരന്തരം ചോദ്യം ചെയ്യപ്പെടുകയാണ്. ഭരണഘടനയുടെ പരമാധികാരികളായ ജനങ്ങൾക്ക് ഒരു സ്ഥാനവും ലഭിക്കുന്നില്ല. ഇപ്പോൾ എവിടെ നിന്നോ ഒരു ചെങ്കോലും പൊക്കിപ്പിടിച്ച് വന്നിരിക്കുകയാണ്. തുഗ്ലക്കിന്റെ കിരീടംകൂടി കിട്ടിയാൽ എല്ലാം തികയുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി ജി ആർ അനിൽ അധ്യക്ഷനായി. കെ പ്രകാശ് ബാബു, ബിനോയ് വിശ്വം എംപി, സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, അസോസിയേഷൻ ഓഫ് ലോയേഴ്സ് പ്രസിഡന്റ് കെ പി ജയചന്ദ്രൻ, ജനറൽ സെക്രട്ടറി സി ബി സ്വാമിനാഥൻ തുടങ്ങിയവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം വെള്ളി പകൽ 11.30 ന് മൗണ്ട് കാർമൽ കൺവൻഷൻ സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.