കൊച്ചി
വീണ്ടും കരുത്തുതെളിയിച്ച് ഐഎൻഎസ് വിക്രാന്തും നാവികസേനയും. എംഎച്ച് 60 ആർ ഹെലികോപ്റ്റർ വിജയകരമായി, ഇന്ത്യയുടെ ആദ്യ തദ്ദേശനിർമിത വിമാനവാഹിനി കപ്പലായ വിക്രാന്തിൽ പറന്നിറങ്ങി. ഈ നേട്ടം നാവികസേനയുടെ അന്തർവാഹിനിവേധ പോരാട്ടത്തിന് ഉത്തേജനം പകരുമെന്ന് സേന പ്രതികരിച്ചു.
അടുത്തിടെ മിഗ് 29 കെ യുദ്ധവിമാനം ഐഎൻഎസ് വിക്രാന്തിൽ രാത്രി ഇറങ്ങിയിരുന്നു. ഇതിനുപിന്നാലെയാണ് നേവി മറ്റൊരു സുപ്രധാന ലക്ഷ്യംകൂടി കൈവരിച്ചത്. അന്തർവാഹിനികൾ ഉന്നമിട്ടുള്ള പോരാട്ടത്തിന് ഉപയോഗിക്കുന്നതാണ് എംഎച്ച് 60 ആർ ഹെലികോപ്റ്ററുകൾ. ഏത് കാലാവസ്ഥയിലും ഉപയോഗിക്കാൻ കഴിയുന്നതാണിത്.
കഴിഞ്ഞവർഷമാണ് ഐഎൻഎസ് വിക്രാന്ത് രാജ്യത്തിന് സമർപ്പിച്ചത്. 20,000 കോടി രൂപയാണ് നിർമാണച്ചെലവ്. 62 മീറ്റർ നീളവും വീതിയും 59 മീറ്റർ ഉയരവുമുള്ള വിക്രാന്തിന്റെ മുകൾനിലയിൽ 10 യുദ്ധവിമാനങ്ങളും താഴെ 20 വിമാനങ്ങളും വിന്യസിക്കാം. 88 മെഗാവാട്ട് കരുത്തുള്ള നാല് വാതക ടർബൈൻ എൻജിനുകളുമുണ്ട്. 28 മൈൽ വേഗവും 18 മൈൽ ക്രൂസിങ് വേഗവുമുണ്ടാകും. ഒറ്റയാത്രയിൽ 7500 നോട്ടിക്കൽ മൈൽ ദൂരംവരെ സഞ്ചരിക്കാനും ശേഷിയുണ്ട്.