കണ്ണൂർ > വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ 370 ഗ്രാമ പഞ്ചായത്തുകളും 30 മുനിസിപ്പാലിറ്റികളും പൊതുസ്ഥല മാലിന്യ രഹിത പ്രദേശങ്ങളാകുന്നു. ഇതിന്റെ സംസ്ഥാനതല പ്രഖ്യാപനം ജൂൺ ഒന്ന് വ്യാഴാഴ്ച നിയമസഭാ സ്പീക്കർ എ എൻ ഷംസീർ നിർവഹിക്കും.
നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ക്യാമ്പയിൻ പുരോഗമിക്കുന്നത്. സംസ്ഥാനത്ത് മെയ് 10ന് ആദ്യമായി പൊതുസ്ഥല മാലിന്യ രഹിത തദ്ദേശസ്ഥാപനമായി പ്രഖ്യാപിച്ച ആന്തൂർ മുനിസിപ്പാലിറ്റിയിലാണ് പ്രഖ്യാപന ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. നൂറു ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് പരിപാടി.
വൈകുന്നേരം 3ന് ചേരുന്ന യോഗത്തിൽ ആന്തൂർ മുനിസിപ്പൽ ചെയർമാൻ ടി മുകുന്ദൻ അധ്യക്ഷത വഹിക്കും. ഡോ വി ശിവദാസൻ എംപി മുഖ്യാതിഥിയാകും. പ്രദേശങ്ങളെ പൊതുഇട മാലിന്യരഹിതമാക്കുന്നതിൽ മികച്ച പ്രവർത്തനം കാഴ്ച വച്ചവർക്ക് ഉപഹാരം സമർപ്പിക്കും. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ മുഖ്യ പ്രഭാഷണം നടത്തും. നവകേരളം കർമ്മ പദ്ധതി അസിസ്റ്റന്റ് കോർഡിനേറ്റർ ടി പി സുധാകരൻ റിപ്പോർട് അവതരിപ്പിക്കും. ജില്ലാ കോർഡിനേറ്റർ ഇ പി സോമശേഖരൻ ആശംസ അറിയിക്കും. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്നദ്ധ പ്രവർത്തകരും പങ്കെടുക്കും.