കരിപ്പൂർ> കരിപ്പൂർ വിമാനത്താവളം വഴി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ച ഏകദേശം 1 കോടി 20 ലക്ഷം രൂപ വില മതിക്കുന്ന രണ്ടു കിലോഗ്രാം പിടിച്ചു. ജിദ്ദയിൽനിന്നും വന്ന രണ്ടുപേരിൽനിന്നാണ് കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ സ്വർണം പിടിച്ചത്. ഞായർ രാത്രി എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ വന്ന പാലക്കാട് മണ്ണാർക്കാട് സ്വദേശി തെക്കേതിൽ മുഹമ്മദ് ഷെരീഫ് (34) ശരീരത്തിനുള്ളിൽ ഒളിപ്പിച്ച 1061 ഗ്രാം സ്വർണ്ണമിശ്രിതം അടങ്ങിയ നാലു ക്യാപ്സൂളുകളും തിങ്കൾ രാവിലെ ഇൻഡിഗോ എയർ ലൈൻസ് വിമാനത്തിൽ വന്ന മലപ്പുറം കരുവാരകുണ്ട് സ്വദേശി പയ്യാശ്ശേരി തണ്ടുപാറയ്ക്കൽ സഫ്വാനിൽ (35) നിന്നും 1159ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതമടങ്ങിയ നാലു ക്യാപ്സൂളുകളുമാണ് പിടിച്ചത്.
കള്ളക്കടത്തുസംഘം സഫ്വാന് ടിക്കറ്റടക്കം 50000 രൂപയും ഷെരീഫിന് 80000 രൂപയുമാണ് വാഗ്ദാനം ചെയ്തിരുന്നതെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പറയുന്നത്. അസിസ്റ്റന്റ് കമ്മിഷണർ സിനോയി കെ മാത്യുവിന്റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ ബഷീർ അഹമ്മദ്, ബാബു നാരായണൻ, മനോജ് എം., അഭിലാഷ് സി., മുരളി പി, വിനോദ് കുമാർ, ഇൻസ്പെക്ടർമാരായ അർജുൻ കൃഷ്ണ, ആർ എസ് സുധ, ദിനേശ് മിർധ ഹെഡ് ഹവൽദാർമാരായ അലക്സ് ടി.എ., വിമല പി, M.K. വത്സൻ എന്നിവർ ചേർന്നാണ് ഈ കള്ളക്കടത്ത് പിടികൂടിയത്.