ചെറുതോണി
ദേശാഭിമാനി ഇടുക്കി ജില്ലാ ബ്യൂറോ ചീഫ് കെ ടി രാജീവ് രചിച്ച എം എം മണി എംഎൽഎയുടെ ജീവചരിത്രം ‘മണിയാശാൻ സഹ്യനിൽ പടർന്ന സമരജ്വാല’ എന്ന പുസ്തകം പ്രകാശിപ്പിച്ചു. ജോൺ ബ്രിട്ടാസ് എം പി മന്ത്രി റോഷി അഗസ്റ്റിന് കൈമാറി പുസ്തകം പ്രകാശിപ്പിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകൻ ടി എം ഹർഷൻ പുസ്തകം പരിചയപ്പെടുത്തി. ജനങ്ങളോടും അവരുടെ പ്രശ്നങ്ങളോടും ഒപ്പം നിൽക്കുന്ന പോരാളിയാണ് മണിയാശാൻ എന്നും ചേർത്തുനിൽപ്പിന്റെ അടയാളമായി കൂടിയാണ് കുടിയേറ്റ ജനത മണിയാശാനെ കാണുന്നതെന്നും ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള നേതാക്കൾ മാധ്യമങ്ങളുടെ സുഖലോലുപതയിൽ കഴിയുമ്പോൾ പത്രക്കാരുടെ തേരിൽ കയറാൻ തയ്യാറാകാതെ തന്റേതായ നിലപാടുകൾ വ്യക്തമാക്കുന്നതിനാലാണ് മണിയാശാൻ വ്യത്യസ്തനാകുന്നതെന്നും എംപി കൂട്ടിച്ചേർത്തു പറഞ്ഞു.
ജില്ലയുടെ സമഗ്രവികസനത്തിന് വലിയമുന്നേറ്റം നൽകിയ ജനപ്രതിനിധി കൂടിയാണ് ജില്ലയുടെ സ്വകാര്യ അഹങ്കാരമായ മണിയാശാൻ എന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. യോഗത്തിൽ അഡ്വ. എ രാജ എംഎൽഎ അധ്യക്ഷനായി. മന്ത്രി കെ രാധാകൃഷ്ണൻ, മുതിർന്ന സിപിഐ എം നേതാക്കളായ വൈക്കം വിശ്വൻ, എം എം മണി, ജില്ലാസെക്രട്ടറി സി വി വർഗീസ്, പി എസ് രാജൻ, ടി കെ ഷാജി എന്നിവർ സംസാരിച്ചു.