തിരുവനന്തപുരം
സർവമേഖലയിലും അഭിമാനാർഹമായ നേട്ടങ്ങൾ തേടിയെത്തുന്ന കേരളത്തെ ഇകഴ്ത്തിക്കാട്ടാൻ കൊണ്ടുപടിച്ച ശ്രമം. സംസ്ഥാനത്തിന്റെ വരുമാനസ്രോതസ്സുകളെ ലക്ഷ്യമിട്ടാണ് നുണപ്രചാരണം. കണക്കുകളും വസ്തുതകളും മറച്ചുവച്ചാണ് സമൂഹമാധ്യമങ്ങളിലടക്കം വ്യാജപ്രചാരണം.
ഏറ്റവും കൂടുതൽ വൈദ്യുതിനിരക്ക് കേരളത്തിലാണെന്നാണ് ഒരു പ്രചാരണം. മഹാരാഷ്ട്ര, രാജസ്ഥാൻ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഉയർന്ന നിരക്കുകൾ മറച്ചുവച്ചാണിത്. രാജസ്ഥാനിൽ 4.75 മുതൽ 7.35 രൂപവരെയാണ് യൂണിറ്റ് ചാർജ്. മഹാരാഷ്ട്രയിൽ 3.46 മുതൽ 7.43 രൂപവരെയും. കേരളത്തിൽ പരമാവധി അഞ്ചു രൂപയും. രാജസ്ഥാനിലും മധ്യപ്രദേശിലും പെട്രോളിന് 33 ശതമാനം നികുതിയും ഒരു ശതമാനം സെസും നൽകണം. ഡീസലിന്റെ നികുതി 23 ശതമാനവും സെസ് ഒരുശതമാനവും. കേരളത്തിൽ പെട്രോൾ നികുതി 30.08 ശതമാനവും ഡീസൽ നികുതി 22.76 ശതമാനവും മാത്രമാണ്.
കർണാടകത്തിൽ 13 മുതൽ 20 ശതമാനംവരെയാണ് വാഹന നികുതി. ആന്ധ്രയിൽ 14 ശതമാനംവരെയും. കേരളത്തിൽ ശരാശരി എട്ടുശതമാനം. 20 ലക്ഷത്തിനുമുകളിൽ വിലയുള്ള ആഡംബര കാറുകൾക്കുമാത്രമാണ് ഉയർന്ന നികുതി. മദ്യം വിറ്റാണ് കേരളം ജീവിക്കുന്നതെന്ന് ആക്ഷേപിക്കുന്നവർ സംസ്ഥാന വിൽപ്പന നികുതി വരുമാനത്തിൽ എട്ടു ശതമാനം മാത്രമാണ് മദ്യത്തിൽനിന്നുള്ളതെന്ന വസ്തുത മറച്ചുവയ്ക്കുന്നു. യുപിയുടെ എക്സൈസ് വരുമാനം 22 ശതമാനവും കർണാടകത്തിന്റേത് 21 ശതമാനവുമാണ്. തമിഴ്നാട്, ആന്ധ്ര, ഡൽഹി, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളുടെ പത്തുശതമാനത്തിലധികം വരുമാനം എക്സൈസിൽനിന്നാണ്.
ട്രാൻസ്പേരൻസി ഇന്റർനാഷണൽ വാച്ച്ഡോഗ് ഏജൻസിയുടെ പഠനത്തിൽ കേരളം രാജ്യത്തെ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമാണ്. മുന്നിൽ രാജസ്ഥാനും ബിഹാറും ജാർഖണ്ഡും ഉത്തർപ്രദേശുമൊക്കെയാണ്. എന്നിട്ടും കേരളത്തിലാണ് കൂടുതൽ അഴിമതിയെന്ന് വരുത്തിത്തീർക്കാനാണ് ശ്രമം. ഏറ്റവും പുതിയ രോഗങ്ങൾ ഉണ്ടാകുന്നത് കേരളത്തിലാണെന്നാണ് വാട്സാപ് യൂണിവേഴ്സിറ്റിയിലെ കണ്ടെത്തലുകൾ!
രാജ്യത്ത് മദ്യം കഴിക്കുന്നവർ കൂടുതലുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ആദ്യ പത്തിൽ പോലുമില്ല. എന്നിട്ടും ആദ്യസ്ഥാനം കേരളമെന്നാണ് പ്രചാരണം.ഏറ്റവും കുറവ് ലഹരിമരുന്നുകൾ ഉപയോഗിക്കുന്ന സംസ്ഥാനമാണ് കേരളം. തൊഴിലില്ലായ്മ കൂടുതലുള്ള ആദ്യ പത്തുസംസ്ഥാനങ്ങളിൽ കേരളമില്ല. ഭൂവിസ്തൃതിയുടെ അടിസ്ഥാനത്തിൽ തമിഴ്നാടിനേക്കാൾ കൂടുതൽ വ്യവസായം കേരളത്തിലുണ്ട്. റോഡ് അപകടങ്ങളുടെ കാര്യത്തിലും കേരളം ആദ്യ പത്തിലേ ഇല്ല. ഇതെല്ലാം മറച്ചുവച്ചാണ് അപവാദപ്രചാരണം.