തിരുവനന്തപുരം
കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ പകപോക്കലിൽ കഴിഞ്ഞ നാലുവർഷത്തിൽമാത്രം സംസ്ഥാനത്തിന്റെ വരുമാന നഷ്ടം 67,310 കോടി രൂപ. ഭരണഘടനാനുസരണമായി സംസ്ഥാനത്തിന് ലഭിക്കേണ്ടതും കേന്ദ്രം മനപ്പൂർവം നിഷേധിച്ചതുമായ തുകയാണിത്.
വായ്പ എടുക്കാനുള്ള അവകാശത്തിൽമാത്രം 45,864 കോടി രൂപ നിഷേധിച്ചു. കോവിഡ് പ്രതിസന്ധി പരിഗണിച്ച് വായ്പാനുവാദത്തിൽ വലിയ ഇളവ് പ്രഖ്യാപിച്ചശേഷം കടമെടുക്കാൻ അനുവദിക്കാതെയും കേരളത്തെ കബളിപ്പിച്ചു. 2020–-21ൽ 45,217 കോടി കടാമെടുക്കാമെന്ന് അറിയിച്ചു. സമ്മതിച്ചത് 30,694 കോടിക്കും. 2021–-22ൽ വായ്പത്തുക നിശ്ചയിച്ചത് 36,087 കോടി. അനുവദിച്ചത് 28,619 കോടിയും. 2022–-23ൽ 5863 കോടിയുടെ അനുവാദവും നിഷേധിച്ചു. ഈവർഷം ജിഎസ്ഡിപി അനുപാതത്തിൽ ലഭിക്കേണ്ട 33,432 കോടി രൂപയുടെ വായ്പാവകാശത്തിൽ അനുമതി 15,390 കോടിക്കുമാത്രം. 18,030 കോടിയുടെ കുറവ്.
കഴിഞ്ഞവർഷം ജിഎസ്ടി നഷ്ടപരിഹാരത്തിൽ 9000 കോടി കുറഞ്ഞു. ഈവർഷം നഷ്ടപരിഹാരമേയില്ല. റവന്യുകമ്മി ഗ്രാന്റിൽ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഈവർഷം 8425 കോടി രൂപയുടെ കുറവുണ്ട്. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ സംസ്ഥാന വിഹിതത്തിൽ കഴിഞ്ഞ മൂന്നുവർഷത്തെ വെട്ടിക്കുറവ് 4020 കോടിയാണ്. 2020ൽ 1220 കോടിയും 2021ൽ 1340 കോടിയും 2022ൽ 1460 കോടിയും വെട്ടി. കേന്ദ്ര നികുതി വിഹിതത്തിലെ വെട്ടിക്കുറവുമൂലം സംസ്ഥാനത്തിന് നേരിടേണ്ടിവരുന്ന വരുമാന നഷ്ടത്തിന്റെ കണക്ക് ഇതിൽ ഉൾപ്പെടുന്നില്ല.