കൊച്ചി
ലക്ഷദ്വീപ് നിവാസികളുടെ ജീവിതം പറയുന്ന ‘ഫ്ലഷ്’എന്ന സിനിമ റിലീസ് ചെയ്യാൻ നിർമാതാവ് അനുവദിക്കുന്നില്ലെന്ന് സംവിധായിക ഐഷ സുൽത്താന. കേന്ദ്ര സർക്കാരിനെതിരെ സംസാരിക്കുന്ന സിനിമ റിലീസ് ചെയ്യില്ലെന്ന് നിർമാതാവ് ബീന കാസിം പറഞ്ഞതായി ഐഷ സുൽത്താന പറഞ്ഞു. ലക്ഷദ്വീപിൽ സംഭവിക്കുന്നത് എന്തെന്ന് ജനങ്ങളെ അറിയിക്കാൻ സിനിമ യുട്യൂബിൽ റിലീസ് ചെയ്യുമെന്നും ഐഷ ഫെയ്സ്ബുക്കിൽ കുറിച്ചു.
ഐഷ രചനയും സംവിധാനവും നിർവഹിച്ച സിനിമ ഒന്നരവർഷംമുമ്പ് നിർമാണം പൂർത്തിയാക്കി സെൻസർ സർട്ടിഫിക്കറ്റ് നേടിയതാണ്. ബിജെപിയുടെ ലക്ഷദ്വീപ് ഘടകം ജനറൽ സെക്രട്ടറി മുഹമ്മദ് കാസിമിന്റെ ഭാര്യ ബീന കാസിമാണ് നിർമിച്ചത്. ഐഷയുടെ രാഷ്ട്രീയം അറിഞ്ഞുതന്നെയാണ് നിർമാണം ഏറ്റെടുത്തതെന്ന് പറഞ്ഞ ബീന കാസിം പിന്നീട് നിലപാട് മാറ്റി സിനിമ റിലീസ് ചെയ്യേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
പാട്ടും ട്രയിലറും റിലീസ് ചെയ്തശേഷം, സിനിമ ഒടിടിയിൽ റിലീസ് ചെയ്യാൻ പണമില്ലെന്നാണ് നിർമാതാവ് പറഞ്ഞിരുന്നത്. അതിനായി ഒരുടീമിനെ ശരിയാക്കി കൊടുത്തപ്പോഴും ഓരോ കാരണംപറഞ്ഞ് ഒഴിഞ്ഞുമാറി. ഒടുവിൽ ഒരു പുതിയ ഒടിടി ടീം വന്നപ്പോൾ സിനിമ കാണിക്കാൻപോലും തയ്യാറായില്ല. മീഡിയേറ്റർക്കൊപ്പം പോയി ബീന കാസിമിനോട് സംസാരിച്ചപ്പോഴാണ് കേന്ദ്രത്തിനെതിരെ സംസാരിക്കുന്ന സിനിമ റിലീസ് ചെയ്യില്ലെന്ന് പറഞ്ഞത് –-ഐഷ കുറിച്ചു. സിനിമ യുട്യൂബിൽ റിലീസ് ചെയ്യുമെന്ന് പറഞ്ഞപ്പോൾ കേസ് കൊടുക്കുമെന്ന് അവർ ഭീഷണി മുഴക്കി. രാജ്യദ്രോഹ കുറ്റത്തെക്കാളും വലിയ കേസ് തനിക്കിനി നേരിടേണ്ടിവരില്ലെന്നും ഐഷ കുറിപ്പിൽ പറഞ്ഞു.
വലിയ പ്രതിസന്ധികളെ നേരിട്ടാണ് ഐഷ സിനിമ ചിത്രീകരിച്ചത്. ലക്ഷദ്വീപ് അഡിമിനിസ്ട്രേഷനുമായുണ്ടായ ഏറ്റുമുട്ടലിന്റെ ഭാഗമായി പലപ്പോഴും ചിത്രീകരണം തടസ്സപ്പെട്ടു. രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ബിജെപി നേതൃത്വവും അവരെ വേട്ടയാടി.