തിരുവനന്തപുരം
23 ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാൻ അനുമതി തേടി മാധ്യമം ദിനപത്രം മാനേജ്മെന്റ് സമർപ്പിച്ച അപേക്ഷ സംസ്ഥാന സർക്കാർ തള്ളി. പത്രത്തിന്റെ നടത്തിപ്പുകാരായ കോഴിക്കോട് ഐഡിയൽ പബ്ലിക്കേഷൻ ട്രസ്റ്റിന്റെ അപേക്ഷയാണ് തൊഴിൽവകുപ്പ് നിരസിച്ചത്. ജീവനക്കാരുടെ ജീവിതം അനിശ്ചിതത്വത്തിലാകുന്നതും സ്ഥിരം ജീവനക്കാരെ പിരിച്ചുവിട്ട് കരാർ നിയമനം നടത്തുന്നത് നിയമപരമായ തൊഴിൽ രീതികൾക്ക് വിരുദ്ധമാണെന്നതും പരിഗണിച്ചാണ് മാധ്യമത്തിന്റെ ആവശ്യം സർക്കാർ തള്ളിയത്.
27 സ്ഥിരം പ്രൂഫ് റീഡർമാരിൽ 23 പേരെ അകാരണമായി ഒറ്റയടിക്ക് പിരിച്ചുവിടാനായിരുന്നു മാനേജ്മെന്റ് തീരുമാനം. ജൂൺ ഒന്നുമുതൽ ഇവരെ ജോലിയിൽനിന്ന് ഒഴിവാക്കുമെന്ന് കാണിച്ച് മാർച്ചിൽ നോട്ടീസും നൽകി. ഇതിനെതിരെ നോട്ടീസ് ലഭിച്ച ജീവനക്കാരും മാധ്യമത്തിലെ ജേർണലിസ്റ്റ് യൂണിയനും തൊഴിൽവകുപ്പിൽ പരാതി നൽകി. ഹൈക്കോടതിയെയും സമീപിച്ചു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഇരുഭാഗത്തിനും പറയാനുള്ളത് തൊഴിൽവകുപ്പ് കേട്ടത്.
പുതുതലമുറ ഡിജിറ്റൽ മാധ്യമ മേഖലയെ ആശ്രയിക്കുന്നതടക്കമുള്ള കാരണങ്ങളാൽ സ്ഥാപനം പ്രതിസന്ധിയിലായതിനാലാണ് പിരിച്ചുവിടൽ നടപടിയെന്നാണ് മാധ്യമം വാദിച്ചത്. പ്രൂഫ് റീഡർ അടക്കം എഡിറ്റോറിയൽ വിഭാഗത്തിലെ നിരവധി ഒഴിവുകളിൽ കരാർ നിയമനം നടക്കുന്നത് ജീവനക്കാരും ചൂണ്ടിക്കാട്ടി. ബിരുദാനന്തര ബിരുദം അടക്കം യോഗ്യതയുള്ള, ദീർഘകാല സർവീസുള്ളവരെയാണ് പിരിച്ചുവിടുന്നതെന്നതും ബോധ്യപ്പെടുത്തി.
പത്രപ്രവർത്തക യൂണിയൻ
സ്വാഗതം ചെയ്തു
സർക്കാർ തീരുമാനത്തെ കേരള പത്രപ്രവർത്തക യൂണിയൻ സ്വാഗതം ചെയ്തു. തൊഴിൽ സുരക്ഷയും സേവന, വേതന വ്യവസ്ഥകളും അട്ടിമറിക്കാൻ മാനേജ്മെൻറ് നിരത്തിയ കപട വാദങ്ങൾ തള്ളി തൊഴിലാളിപക്ഷത്ത് നിലയുറപ്പിച്ച സർക്കാർ നടപടി അരക്ഷിതാവസ്ഥ നേരിടുന്ന മാധ്യമ മേഖലയിലെ തൊഴിലാളികൾക്ക് പകരുന്ന ആശ്വാസവും ആത്മവിശ്വാസവും വലുതാണെന്ന് യൂണിയൻ പ്രസിഡന്റ് എം വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും പ്രസ്താവനയിൽ പറഞ്ഞു.