കൊച്ചി
വൈദ്യുത വാഹനങ്ങൾ ചാർജ് ചെയ്യാൻ സംവിധാനമൊരുക്കാൻ ഉടമകളുടെ കൂട്ടായ്മ രംഗത്ത്. ഇലക്ട്രിക്കൽ വെഹിക്കിൾ ഓണേഴ്സ് അസോസിയേഷൻ– -കേരള (ഇവോക്) സംസ്ഥാനത്ത് 30 ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും.
സംസ്ഥാനത്തെ 1500 വൈദ്യുത കാർ ഉടമകൾ അംഗങ്ങളായ ഇവോക് ഒന്നാം വാർഷികത്തോടനുബന്ധിച്ചാണ് ഒരുമാസത്തിനകം ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചാർജ് മോഡ് എന്ന രാജ്യാന്തര സ്റ്റാർട്ടപ്പുമായി സഹകരിച്ചാണ് ചാർജിങ് സ്റ്റേഷനുകളും അത് ബന്ധിപ്പിക്കുന്ന ആപ്പും നിലവിൽവരുന്നത്. 28ന് കളമശേരി ആഷിക് കൺവൻഷൻ സെന്ററിൽ ചേരുന്ന ഒന്നാംവാർഷികത്തിൽ പദ്ധതി മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. വാർഷികസമ്മേളനവും സെമിനാറും മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും.
ഇവോക് സെക്രട്ടറി ഡോ. വി രാജസേനൻനായർ, ട്രഷറർ എം ഐ വിശ്വനാഥൻ, റെജിമോൻ അഞ്ചൽ, ചാർജ് മോഡ് സിഇഒ രാമനുണ്ണി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.