ടോക്യോ
പ്രായം മുപ്പത്തൊമ്പതായിട്ടും ആന്ദ്രെ ഇനിയേസ്റ്റയ്ക്ക് ഫുട്ബോൾ കളിച്ച് മതിയാകുന്നില്ല. ജപ്പാൻ ക്ലബ്ബായ വിസെൽ കൊബെയിൽനിന്ന് ഈ സീസണിൽ പടിയിറങ്ങുന്ന മുൻ സ്പാനിഷ് മധ്യനിരക്കാരൻ കളി തുടരുമെന്ന് പ്രഖ്യാപിച്ചു. 22 വർഷത്തെ ബാഴ്സലോണ കളിജീവിതത്തിനുശേഷം 2018ലാണ് ഇനിയേസ്റ്റ വിസെൽ കൊബെയിൽ എത്തിയത്. ഇതുവരെ 133 തവണ കുപ്പായമണിഞ്ഞു.
ജൂലൈ ഒന്നിന് അവസാന മത്സരം കളിക്കും. ഈ സീസണിൽ പകരക്കാരന്റെ വേഷത്തിലാണ് കളത്തിലെത്തിയത്. അതും വെറും മൂന്ന് മത്സരത്തിൽ. ‘കളി തുടരാനാണ് താൽപ്പര്യം. വിരമിക്കാൻ സമയമായിട്ടില്ല. പുതിയ ഇടം തേടുകയാണ്’–-ഇനിയേസ്റ്റ പറഞ്ഞു. 2010 ലോകകപ്പിൽ സ്പെയ്നിന്റെ വിജയഗോൾ നേടിയ ഇനിയേസ്റ്റ 2018ൽ രാജ്യാന്തര മത്സരത്തിൽനിന്ന് വിരമിച്ചിരുന്നു. ബാഴ്സയ്ക്കായി 674 കളിയിലിറങ്ങി. 32 ട്രോഫികൾ നേടി.