ഏതൻസ്
മലയാളി ലോങ്ജമ്പ് താരം എം ശ്രീശങ്കറിന് ഈ സീസണിൽ തുടർച്ചയായ രണ്ടാം രാജ്യാന്തര മീറ്റിലും സ്വർണം. ഏതൻസിലെ കല്ലിതിയയിൽ നടന്ന ജമ്പ്സ് മീറ്റിൽ 8.18 മീറ്റർ ചാടിയാണ് നേട്ടം. ആറ് ചാട്ടത്തിൽ അഞ്ചും എട്ട് മീറ്ററിന് മുകളിലായിരുന്നു. ഏഷ്യൻ മീറ്റിനും ഏഷ്യൻ ഗെയിംസിനും യോഗ്യത നേടി. റാങ്കിങ്ങിന്റെ അടിസ്ഥാനത്തിൽ ലോക മീറ്റിനും അവസരമൊരുങ്ങും.
ആദ്യ ചാട്ടം 7.94 മീറ്ററായിരുന്നു. തുടർന്ന് 8.17, 8.11, 8.04, 8.01 മീറ്റർ താണ്ടിയ ശേഷമാണ് സ്വർണച്ചാട്ടം. ദേശീയ റെക്കോഡുകാരൻ ജസ്വിൻ ആൽഡ്രിൻ 7.85 മീറ്ററിൽ വെള്ളി നേടി. ശ്രീശങ്കർ അമേരിക്കയിൽ നടന്ന ചുലവിസ്ത മീറ്റിൽ 8.29 മീറ്ററോടെ സ്വർണം നേടിയിരുന്നു. ലോങ്ജമ്പിൽ ജസ്വിന്റെ പേരിലുള്ള ദേശീയ റെക്കോഡ് 8.42 മീറ്ററാണ്. ശ്രീശങ്കറിന്റെ മികച്ച ദൂരം 8.36 മീറ്റർ. ജൂൺ ഒമ്പതിന് നടക്കുന്ന പാരിസ് ഡയമണ്ട് ലീഗിൽ പങ്കെടുക്കുമെന്ന് പരിശീലകനായ അച്ഛൻ എസ് മുരളി പറഞ്ഞു.















