കൊച്ചി
പുതിയ അക്കാദമിക് വർഷം ആരംഭിക്കുന്നതിനുമുമ്പ് വിദ്യാർഥികൾക്ക് ഇടവേള ആവശ്യമായതിനാൽ വേനലവധി തടയാനാകില്ലെന്ന് ഹൈക്കോടതി. സംസ്ഥാനത്തെ സ്കൂളുകളിലെ അവധിക്കാല ക്ലാസുകൾ തടഞ്ഞ് പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിച്ച സർക്കുലറിനുള്ള സ്റ്റേ നീട്ടാനാകില്ലെന്നും കോടതി വ്യക്തമാക്കി. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ ചോദ്യം ചെയ്ത് കേരള സിബിഎസ്ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ അടക്കമുള്ളവർ നൽകിയ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്റെ ഉത്തരവ്.
അവധിക്കാലത്ത് കുട്ടികൾ ഗൃഹപാഠത്തെക്കുറിച്ച് ആശങ്കപ്പെടാതെ ഇഷ്ടമുള്ള ഭക്ഷണം കഴിക്കുകയും കളികളിൽ ഏർപ്പെടുകയും ചെയ്യട്ടെയെന്ന് കോടതി പറഞ്ഞു. വിദ്യാർഥികൾക്ക് പാഠപുസ്തകങ്ങൾമാത്രം പോര എന്നതാണ് അവധിക്കാലത്തിന്റെ ലക്ഷ്യം. അതിനാൽ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും കോടതി നിരീക്ഷിച്ചു.
കടുത്ത വേനൽച്ചൂടിൽ കുടിവെള്ളമടക്കമുള്ള സൗകര്യമൊരുക്കി രക്ഷിതാക്കളുടെ അനുമതിയോടെ അവധിക്കാല ക്ലാസുകൾ തുടരാമെന്ന് ഇടക്കാല ഉത്തരവിൽ വ്യക്തമാക്കിയ കോടതി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിന് താൽക്കാലിക സ്റ്റേ നൽകിയിരുന്നു. രക്ഷിതാക്കൾ എതിർപ്പ് അറിയിച്ചാൽ ക്ലാസ് മാറ്റിവയ്ക്കണമെന്നും നിർദേശിച്ചു. അവധിക്കാല ക്ലാസുകൾ സംബന്ധിച്ച് പത്തനംതിട്ട ഐഎസ്എസ് ഇംഗ്ലീഷ് മീഡിയം കേസിൽ ഹൈക്കോടതി പറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സ്റ്റേ അനുവദിച്ചത്.
കേരള വിദ്യാഭ്യാസ ചട്ടം അനുസരിച്ച് മാർച്ചിലെ അവസാന പ്രവൃത്തിദിവസം സ്കൂൾ അടച്ച് ജൂൺ ആദ്യ പ്രവൃത്തിദിവസം തുറക്കണമെന്നാണ് വ്യവസ്ഥ. ഈ ചട്ടം റദ്ദാക്കാത്തതിനാൽ അവധി റദ്ദാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. 10, 11 ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഇടവേള അനിവാര്യമാണെന്നും ഐഎസ്എസ് ഇംഗ്ലീഷ് മീഡിയം കേസിൽ പുനഃപരിശോധന ആവശ്യമാണെന്നും കോടതി വ്യക്തമാക്കി. ഉചിത തീരുമാനമെടുക്കാൻ ആക്ടിങ് ചീഫ് ജസ്റ്റിസ് എസ് വി ഭാട്ടിയുടെ പരിഗണനയ്ക്ക് അയക്കാനും രജിസ്ട്രിയോട് നിർദേശിച്ചു.