തിരുവനന്തപുരം > യുവപ്രതിഭകളെ ഉൾപ്പെടുത്തി ഫോബ്സ് തയ്യാറാക്കിയ ‘ഫോബ്സ് ഏഷ്യ 30-അണ്ടർ 30′ പട്ടികയിൽ ഇടം നേടിയ ജൻറോബോട്ടിക് ഇന്നോവേഷനെ അഭിനന്ദിച്ച് വ്യാസായമന്ത്രി പി രാജീവ്. മാൻഹോളുകൾ വൃത്തിയാക്കുന്നതിനായി ബാൻടിക്കൂട്ട് റോബോട്ടുകളെ വികസിപ്പിച്ച് ശ്രദ്ധനേടിയ സ്റ്റാർട്ടപ്പ് ആണ് ജൻറോബോട്ടിക് ഇന്നോവേഷൻ .പുതിയ സ്റ്റാർട്ടപ്പ് തുടങ്ങാനുള്ള സ്ഥലവും വർക്ക് ഷോപ്പിനുള്ള സ്ഥലവും ടെക്നോപാർക്കിൽ നൽകിയത് സംസ്ഥാന സർക്കാരായതിനാൽഈ നേട്ടം നാടിൻ്റെ അഭിമാനമായാണ് കാണുന്നതെന്നും മന്ത്രി ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.
പോസ്റ്റ് ചുവടെ
മാൻഹോളുകൾ വൃത്തിയാക്കുന്നതിനായി ബാൻടിക്കൂട്ട് റോബോട്ടുകളെ വികസിപ്പിച്ച ജെൻറോബോട്ടിക്സിനെ ഓർമ്മയില്ലേ. മനുഷ്യർ മാൻഹോളുകളിലിറങ്ങി മാലിന്യം വൃത്തിയാക്കിക്കൊണ്ടിരുന്ന ഇന്ത്യയിൽ വിപ്ലവകരമായ മാറ്റമാണ് ഈ കണ്ടുപിടുത്തം കൊണ്ടുവന്നത്. കേരള മോഡലായി രാജ്യമാകെ ഉയർത്തിക്കാട്ടിയ ബാൻടിക്കൂട്ടിന് പിന്നിലുള്ള ഈ സ്ഥാപനം ഇപ്പോൾ മറ്റൊരു സുപ്രധാന നേട്ടം കൂടി കൈവരിച്ചിരിക്കുകയാണ്. ഈ വർഷത്തെ മികച്ച യുവപ്രതിഭകളെ ഉൾപ്പെടുത്തി ഫോബ്സ് തയ്യാറാക്കിയ ‘ഫോബ്സ് ഏഷ്യ 30-അണ്ടർ 30′ പട്ടികയിൽ ഇടം നേടിയിരിക്കുകയാണ് ജെൻറോബോട്ടിക്സിൻ്റെ സ്ഥാപകർ.
2018ൽ കേരള ഗവൺമെന്റിന്റെ സഹകരണത്തോടുകൂടി തുടങ്ങിയ സ്റ്റാർട്ട്പ്പ് ആയ ജൻറോബോട്ടിക് ഇന്നോവേഷൻ ഇന്ന് ലോകത്തിലെ അറിയപ്പെടുന്ന റോബോട്ടിക് കമ്പനികളിൽ ഒന്നാണ്. ഇത്തരമൊരു ആശയവുമായി എത്തിയ ചെറുപ്പക്കാരെ പ്രോത്സാഹിപ്പിക്കുകയും കമ്പനി തുടങ്ങാനുള്ള സ്ഥലവും വർക്ക് ഷോപ്പിനുള്ള സ്ഥലവും ടെക്നോപാർക്കിൽ നൽകുകയും ചെയ്തത് സംസ്ഥാന സർക്കാരാണ്. അതുകൊണ്ട് തന്നെ ഈ നേട്ടം നാടിൻ്റെ അഭിമാനമായിട്ടാണ് ഞങ്ങൾ കാണുന്നത്.
ജെൻറോബോട്ടിക്സ് വികസിപ്പിച്ച ലോകത്തിലെ ആദ്യത്തെ റോബോട്ടിക് സ്കാവഞ്ചർ ആയ ബാൻടിക്കൂട്ട് ഇന്ന് ഇന്ത്യയിലെ 18ഓളം സംസ്ഥാനങ്ങളിൽ ഉപയോഗപ്പെടുത്തുന്നുണ്ട്. ഇതുകൂടാതെ ജെൻറോബോട്ടിക്സിന്റെ മിഷൻ റോബോ ഹോൾ പദ്ധതിയിലൂടെ 3000 അധികം ശുചീകരണ തൊഴിലാളികൾ റോബോട്ടിക് ഓപ്പറേറ്റർമാരായി മാറുകയും ചെയ്തു. കേരളത്തിന്റെ ന്യൂറോ റീഹാബിലിറ്റേഷൻ രംഗത്ത് ജെൻറോബോട്ടിക്സ് നൽകിയ അതിനൂതനമായ മറ്റൊരു സംഭവനയാണ് ജി -ഗൈറ്റർ. ഇതിലൂടെ പക്ഷാഘാതം സംഭവിച്ച രോഗികൾക്ക് ഏറെ സഹായകമായ ഈ കണ്ടുപിടുത്തത്തിലൂടെയാണ് ജെൻറോബോട്ടിക് ഇന്നോവഷൻ “ഏഷ്യ അണ്ടർ 30 “പട്ടികയിൽ ഇടം ലഭിച്ചത്.
ഏറെ അഭിമാനത്തോടെ ഇതോടൊപ്പം മറ്റൊരു കാര്യം കൂട്ടിച്ചേർക്കുകയാണ്. ജെൻറോബോറിക്സ് തങ്ങളുടെ സ്ഥാപനം വികസിപ്പിക്കുന്നതിനായി തീരുമാനമെടുത്തപ്പോൾ ആദ്യം സമീപിച്ചത് സംസ്ഥാന സർക്കാരിന് കീഴിലുള്ള കിൻഫ്ര ഫിലിം ആൻ്റ് വീഡിയോ പാർക്കിനെയാണ്. വളരെ പെട്ടെന്നു തന്നെ ഒരു ഏക്കർ സ്ഥലം ഇവർക്കായി പാർക്കിൽ അനുവദിക്കാൻ നമുക്ക് സാധിച്ചു. പുതിയ റോബോട്ടിക് ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ഈ യൂണിറ്റിൻ്റെ നിർമ്മാണം ഉടൻ തന്നെ ആരംഭിക്കും. ‘നിങ്ങളുടെ സംരംഭം നാടിൻ്റെ അഭിമാനം’ എന്ന ആപ്തവാക്യം യാഥാർത്ഥ്യമാക്കുകയാണ് ജെൻറോബോട്ടിക്സ്.