കണ്ണൂർ > വിദ്യാഭ്യാസ രംഗത്ത് കേരളം രാജ്യത്തിനൊട്ടാകെ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ 97 സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂർ ധർമ്മടം ജിഎച്ച്എസ്എസ് മുഴപ്പിലങ്ങാട് വെച്ചായിരുന്നു സംസ്ഥാനതല ഉദ്ഘാടനം.
വിദ്യാഭ്യാസ രംഗത്ത് കേരളം പുതുമാതൃക തീർക്കുകയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പൊതുവിദ്യാലയങ്ങളിൽ 3800 കോടിയുടെ നിക്ഷേപം നടത്തിയതായും അറിയിച്ചു. കിഫ്ബി ഫണ്ട് മുഖേനയാണ് നിലവിൽ സ്കൂൾ കെട്ടിടങ്ങളുടെ നിർമാണം പൂർത്തിയാക്കിയത്. ഇതുവരെ കിഫ്ബി ഫണ്ട് ഉപയേഗിച്ച് 5 കോടി രൂപ നിരക്കിൽ 126 സ്കൂൾ കെട്ടിടങ്ങളും 3 കോടി രൂപ നിരക്കിൽ 153 സ്കൂൾ കെട്ടിടങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. ഇതിനു പുറമെയാണ് 97 പുതിയ കെട്ടിടങ്ങൾ കൂടി പൂർത്തീകരിക്കുന്നത്.
കിഫ്ബിയെ വിമർശിച്ചവർ കേരളത്തിന്റെ ഈ പുരോഗതി കൂടി കാണണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ‘കിഫ്ബിയെ മലർപ്പൊടിക്കാരന്റെ സ്വപ്നമെന്ന് ചിലർ പറഞ്ഞു. മലർപ്പൊടിക്കാരന്റെ സ്വപ്നവും കേരളത്തിൽ യാഥാർഥ്യമാകും’- മുഖ്യമന്ത്രി പറഞ്ഞു
കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയുടെ നേട്ടങ്ങൾ എടുത്തുപറഞ്ഞ മുഖ്യമന്ത്രി കുട്ടികൾ ലഹരിക്ക് അടിപ്പെടുന്നതിനെ സംബന്ധിച്ച് ജാഗ്രത പുലർത്തണമെന്നും കൂട്ടിച്ചേർത്തു. ചടങ്ങിൽ പൊതു വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായി.