കൊച്ചി
സഹോദരനിൽനിന്ന് ഗർഭിണിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ഗർഭഛിദ്രത്തിന് ഹൈക്കോടതിയുടെ അനുമതി. ഗർഭം ധരിച്ച് 32 ആഴ്ച പിന്നിട്ടിട്ടുണ്ട്. പെൺകുട്ടി, കുഞ്ഞിന് ജന്മം നൽകിയാലുണ്ടാകുന്ന സാമൂഹിക, മാനസികാരോഗ്യ പ്രശ്നങ്ങളും വൈദ്യശാസ്ത്രപരമായ സങ്കീർണതകളും കണക്കിലെടുത്താണ് അനുമതി നൽകുന്നതെന്ന് കോടതി വ്യക്തമാക്കി. പെൺകുട്ടിയുടെ അച്ഛന്റെ ഹർജി പരിഗണിച്ച് ജസ്റ്റിസ് എ എ സിയാദ് റഹ്മാനാണ് ഉത്തരവിട്ടത്.
ഗർഭധാരണം തുടർന്നാൽ കുട്ടിയുടെ ശാരീരിക, മാനസികാരോഗ്യത്തെ ബാധിക്കാനിടയുണ്ടെന്ന് മെഡിക്കൽ ബോർഡ് കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. നിലവിൽ പെൺകുട്ടിക്ക് ശാരീരികമായോ മാനസികമായോ പ്രശ്നങ്ങളില്ലാത്തതിനാൽ ഗർഭഛിദ്രം നടത്താം. 32 ആഴ്ച പിന്നിട്ടാൽ ജീവനുള്ള കുഞ്ഞിനെ പ്രസവിക്കാൻ സാധ്യതയുണ്ടെന്നും കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങളുണ്ടാകാമെന്നും റിപ്പോർട്ടിലുണ്ട്.
ഗർഭഛിദ്രത്തിന് നടപടി ആരംഭിക്കാൻ മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർക്കും മഞ്ചേരി മെഡിക്കൽകോളേജ് സൂപ്രണ്ടിനും നിർദേശം നൽകി. ഇതുസംബന്ധിച്ച റിപ്പോർട്ട് ഹൈക്കോടതിക്ക് നൽകണം. ഹർജി ഒരാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും.