തിരുവനന്തപുരം > കായികമേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 1500 കോടിയുടെ പദ്ധതികൾ നടപ്പാക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സ്പോർട്സ് കൗൺസിൽ ഏർപ്പെടുത്തിയ ജി വി രാജ പുരസ്കാരങ്ങൾ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്തുതോറും കളിക്കളം, എല്ലാവർക്കും ആരോഗ്യ-കായിക ശാരീരികക്ഷമത ലക്ഷ്യമിട്ടുള്ള കമ്യൂണിറ്റി സ്പോർട്സ്, തദ്ദേശ അടിസ്ഥാനത്തിൽ സ്പോർട്സ് കൗൺസിലുകളുടെ രൂപീകരണം എന്നിവയെല്ലാം മേഖലയുടെ വികസനത്തിനുള്ള പദ്ധതികളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി വി അബ്ദുറഹ്മാൻ അധ്യക്ഷനായി. മന്ത്രി ആന്റണി രാജു, സ്പോർട്സ് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് യു ഷറഫലി, എസ് പ്രേംകുമാർ എന്നിവർ പങ്കെടുത്തു. ജി വി രാജ അവാർഡ് സ്ത്രീകളുടെ വിഭാഗത്തിൽ ബാഡ്മിന്റൺ താരം അപർണ ബാലനും പുരുഷ വിഭാഗത്തിൽ ലോങ്ജമ്പ് താരം മുരളി ശ്രീശങ്കറിന് വേണ്ടി അമ്മ കെ എസ് ബിജിമോളും ഏറ്റുവാങ്ങി. ഒളിമ്പ്യൻ സുരേഷ് ബാബു മെമ്മോറിയൽ ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്കാരം മുൻ ദേശീയ ഫുട്ബോൾ താരം ടി കെ ചാത്തുണ്ണിക്ക് സമ്മാനിച്ചു. മികച്ച പരിശീലകൻ പി എസ് വിനോദിനും മികച്ച കായിക കോളേജായ പാല അൽഫോൻസയ്ക്കും മാധ്യമ പ്രവർത്തകർക്കുമുള്ള അവാർഡുകളും സമ്മാനിച്ചു.