തിരുവനന്തപുരം> കാട്ടാക്കട ക്രിസ്ത്യൻ കോളേജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുറ്റക്കാരനായ ഡോ. ജി ജെ ഷൈജുവിനെ പ്രിൻസിപ്പൽ സ്ഥാനത്തുനിന്ന് കേരള സർവകലാശാല നീക്കി. കോണ്ഗ്രസ് അധ്യാപക സംഘടനാ ഭാരവാഹിയാണ് ഷൈജു. ജീവനക്കാർക്ക് ശമ്പളം നൽകാൻ വാഴ്സിറ്റി നൽകിയിരുന്ന ഡിഡിഒ ചുമതലയും റദ്ദാക്കിയതായി വിസി ഡോ. മോഹനൻ കുന്നുമ്മേൽ അറിയിച്ചു. പരീക്ഷാ ജോലികൾ ഉൾപ്പെടെയുള്ള ചുമതലകളിൽനിന്ന് അഞ്ചുവർഷത്തേക്ക് ഡീബാർ ചെയ്യാനും നിർദേശിച്ചു. സർവകലാശാലയെ കബളിപ്പിച്ചതിന് ക്രിമിനൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിൽ റിപ്പോർട്ട് നൽകാൻ രജിസ്ട്രാറെ ചുമതലപ്പെടുത്തി. യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ട അനഘയ്ക്ക് പകരം എ വിശാഖ് എന്ന വിദ്യാർഥിയുടെ പേരുൾപ്പെടുത്തി സർവകലാശാലയ്ക്ക് പട്ടിക നൽകിയ സംഭവത്തിലാണ് നടപടി.
തെരഞ്ഞെടുപ്പ് വരണാധികാരി, എ വിശാഖ് എന്നിവരുടെ പങ്ക് തെളിഞ്ഞിട്ടില്ല. ഇവരുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ സമർപ്പിക്കാനും ആവശ്യപ്പെട്ടു. വീണ്ടും തെരഞ്ഞെടുപ്പ് നടത്താനുള്ള സർവകലാശാലാ ചെലവ് പരിഗണിച്ച് പിഴയൊടുക്കുന്നതിനുള്ള നടപടികളിൽ ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം. അധ്യാപകനെന്ന നിലയിൽ ഷൈജുവിനെതിരെ അച്ചടക്ക നടപടിയെടുക്കേണ്ടത് മാനേജ്മെന്റാണ്. അതിനാൽ, ക്രമക്കേട് കാട്ടിയതിന് സസ്പെൻഷനടക്കം ശിക്ഷാനടപടി സ്വീകരിച്ച് സർവകലാശാലയെ അറിയിക്കാൻ മാനേജ്മെന്റിനോട് സിൻഡിക്കറ്റ് നിർദേശിച്ചു. അല്ലാത്തപക്ഷം കോളേജിന്റെ അഫിലിയേഷൻ റദ്ദാക്കും. പ്രിൻസിപ്പലിനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് സിൻഡിക്കറ്റ് യോഗത്തിൽ അംഗങ്ങളായ കെ എച്ച് ബാബുജാൻ, എ അജികുമാർ എന്നിവർ ആവശ്യപ്പെട്ടിരുന്നു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോളേജുകളിൽ നിന്നയച്ച പട്ടികകൾ പുനഃപരിശോധിക്കാൻ സർവകലാശാല തീരുമാനിച്ചു. തുടർന്ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. പരാതികൾ അറിയിക്കാൻ അവസരവും നൽകിയശേഷം സർവകലാശാലാ യൂണിയൻ തെരഞ്ഞെടുപ്പ് നടത്തും. കാട്ടാക്കട കോളേജ് തെരഞ്ഞെടുപ്പ് റദ്ദാക്കില്ലെന്നും യോഗത്തിൽ തീരുമാനിച്ചു.