കൊച്ചി> ബാങ്ക് എംപ്ലോയീസ് ഫെഡറേഷന് ഓഫ് ഇന്ത്യ മെയ് 3 മുതല് 13 വരെ സംഘടിപ്പിച്ച ജനകീയ ബാങ്കിംഗ് സംരക്ഷണ ജാഥയ്ക്ക് എറണാകുളത്ത് ഉജ്വല സമാപനം. പത്ത് ദിവസത്തെ പര്യടനം പൂര്ത്തിയാക്കി ഇരു ജാഥകളും എറണാകുളത്ത് സംഗമിച്ചു. ബാങ്ക് ജീവനക്കാരും കുടുംബാംഗങ്ങളും പങ്കെടുത്ത റാലിയില് ആയിരക്കണക്കിന് പേര് അണി നിരന്നു. തുടര്ന്ന് ടൗണ്ഹാളില് നടന്ന പൊതുസമ്മേളനം സി.ഐ.ടി.യു. അഖിലേന്ത്യ സെക്രട്ടറി കെ. ചന്ദ്രന്പിള്ള ഉദ്ഘാടനം ചെയ്തു.
ബാങ്കിംഗ് മേഖലയുടെ സംരക്ഷണത്തിന് ജനങ്ങളുടെ പങ്കാളിത്തം അനിവാര്യമാണെന്ന തിരിച്ചറിവ് കൂടിയാണ് ജാഥയുടെ വിജയം എന്ന് അദ്ദേഹം പറഞ്ഞു. ബാങ്ക് ദേശസാല്ക്കരണത്തിന് ശേഷം ഉണ്ടായ സാമൂഹ്യ പുരോഗതിയും വികസനവും രാജ്യം ചര്ച്ച ചെയ്തിട്ടുണ്ട്. പിന്നീട് ദേശസാല്ക്കരണത്തില് നിന്ന് പിന്നോട്ട് പോകാനുള്ള ശ്രമം ആരംഭിച്ചു. 8 മണിക്കൂര് ജോലി എന്ന അവകാശം അട്ടിമറിച്ച് 12 മണിക്കൂര് ജോലി എന്നത് നിയമവിധേയമാക്കുന്ന നടപടികള് ഉണ്ടായി. 2024 ല് വീണ്ടും ജനവിധി തേടുന്ന കേന്ദ്ര സര്ക്കാരിന്റെ സാമ്പത്തിക, ബാങ്കിംഗ് നയങ്ങള് ജനങ്ങളോടുള്ള വെല്ലുവിളിയാണ് എന്ന് സാധാരണക്കാരെ ബോധ്യപ്പെടുത്താന് ബാങ്ക് ജീവനക്കാര്ക്ക് ബാധ്യതയുണ്ട്. ബാങ്കിംഗ് മേഖലയില് ഉണ്ടായിട്ടുള്ള യോജിപ്പ് കൂടുതല് വിശാലമാക്കണം എന്നും ട്രേഡ് യൂണിയന് ആശയ പ്രചാരണത്തിന് കൂടുതല് പ്രാധാന്യം നല്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
ബി.ഇ.എഫ്.ഐ. ജനറല് സെക്രട്ടറി ദേബശിഷ് ബസു ചൗദരി മുഖ്യപ്രഭാഷണം നടത്തി. ബി.ഇ.എഫ്.ഐ. പ്രസിഡണ്ട് സി.ജെ. നന്ദകുമാര് അധ്യക്ഷത വഹിച്ച യോഗത്തില് സി.ഐ.ടി.യു ജില്ലാ സെക്രട്ടറി മുരളീധരന് സ്വാഗതം ആശംസിച്ചു. സി.ഐ.ടി.യു. സംസ്ഥാന കമ്മിറ്റി അംഗം അലി അക്ബര്, ജാഥാ ക്യപ്റ്റന്മാര് ആയിരുന്ന ബെഫി സംസ്ഥാന പ്രസിഡന്റ് ഷാജു ആന്റണി, ജനറല് സെക്രട്ടറി എന് സനില് ബാബു, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി സി. രാജീവന്, അഖിലേന്ത്യാ വനിതാ കണ്വീനര് കെ കെ രാജിതമോള്, സംസ്ഥാന വനിതാ കണ്വീനര് കെ എസ് രമ, ജാഥാ വൈസ് ക്യാപ്ടന്മാരായ പി.എച്ച്.വിനീത, മിഥുന് സി, ജാഥാ മാനേജര്മാരായ കെ.പി.ഷാ, പ്രശാന്ത് എസ്.ബി.എസ് എന്നിവരും ചടങ്ങില് സംബന്ധിച്ചു.
ജനകീയ ബാങ്കിംഗ് സംരക്ഷണ ജാഥയ്ക്ക് സംസ്ഥാനത്താകെ 62 സ്വീകരണ കേന്ദ്രങ്ങളില് ആവേശവജ്ജ്വലമായ സ്വീകരണമാണ് ലഭിച്ചത്. ജനപ്രതിനിധികള്, ട്രേഡ് യൂണിയന്, വര്ഗ്ഗ ബഹുജന സംഘടനാ നേതാക്കള്, പ്രവര്ത്തകര്, ബാങ്ക് ഇടപാടുകാര്, എന്നിങ്ങനെ സമൂഹത്തിന്റെ നാനാതുറയില് ഉള്ള വിവിധ ജനവിഭാഗങ്ങള് ജാഥയെ സ്വീകരിക്കാനും, കേള്ക്കാനും എത്തിച്ചേര്ന്നു. ജാഥയോടൊപ്പം ‘ഒക്കച്ചങ്ങാതി’ എന്ന തെരുവ് നാടകം എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും അരങ്ങേറി. ഭരണാധികാരികളുടെ സഹായത്തോടെ കോര്പ്പറേറ്റ് ഭീമന്മാര് രാജ്യത്തെ ബാങ്കുകളെ കുത്തിച്ചോര്ത്തി നാടുവിടുന്നതും ബാങ്കുകളിലെ കരാര്വത്ക്കരണവും സഹകരണ ഗ്രാമീണ ബാങ്കുകളിലെ പ്രശ്നങ്ങളും പ്രമേയമാക്കിയ നാടകം ഏറെ ജനശ്രദ്ധ ആകര്ഷിച്ചു. സുരേഷ്.പി.കുട്ടന് രചനയും സംവിധാനവും നിര്വ്വഹിച്ച നാടകത്തില് സുരേഷ് പി.കുട്ടന്, സുമേഷ് മണിത്തറ, സുധി വട്ടപ്പിന്നി, സച്ചിന് കോഴിക്കുന്ന്, ഭരതന് , പ്രസാദ്, എ.എ.ഷാജു എന്നിവരായിരുന്നു അഭിനേതാക്കള്. നാടക കലാകാരന്മാരെ പൊതുസമ്മേളന വേദിയില് വച്ച് ആദരിച്ചു.
ബാങ്ക് സ്വകാര്യവല്ക്കരണ നീക്കം ഉപേക്ഷിക്കുക, ശാഖകളില് ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക, ഇടപാടുകാര്ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുക, സഹകരണ മേഖലയ്ക്കെതിരായ അതിക്രമങ്ങള് അവസാനിപ്പിക്കുക, ഗ്രാമീണ ബാങ്കുകളുടെ ഓഹരികള് വിറ്റഴിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, പുറം കരാര് വല്ക്കരണം അവസാനിപ്പിക്കുക, താല്ക്കാലിക കരാര് ജീവനക്കാരെ സ്ഥിരപ്പെടുത്തുക, റിസര്വ് ബാങ്കിനെയും നബാര്ഡിനെയും ദുര്ബലപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള് ഉയര്ത്തിയാണ് ജാഥ സംഘടിപ്പിച്ചത്.