ഇന്ത്യൻ സമാന്തര സിനിമാരംഗത്ത് കാലത്തിനുമുമ്പേ സഞ്ചരിച്ച സംവിധായകനാണ് മൃണാൾ സെൻ. സെന്നിന്റെ ജന്മശതാബ്ദിയാണ് ഈവർഷം. അടിയുറച്ച മാർക്സിസ്റ്റ് ചലച്ചിത്രകാരൻ, ഇന്ത്യൻ സിനിമയിൽ ന്യൂ വേവിന് തുടക്കംകുറിച്ച സംവിധായകൻ, കൽക്കട്ട നഗരം സാക്ഷ്യംവഹിച്ച നിരവധി രാഷ്ട്രീയ പ്രക്ഷോഭങ്ങൾ സവിശേഷമായ രീതിയിൽ ആവിഷ്കരിച്ച സംവിധായകൻ, ലോക സിനിമയിൽ ഇന്ത്യയെ അടയാളപ്പെടുത്തുന്ന ചലച്ചിത്രകാരൻ, ഇങ്ങനെ നീണ്ടുപോകുന്നു മൃണാൾ സെന്നിന്റെ വിശേഷണങ്ങൾ.
സ്വാതന്ത്ര്യലബ്ധിക്കുശേഷം രാജ്യം നേരിട്ട രാഷ്ട്രീയ, -സാമൂഹ്യ, -സാംസ്കാരിക-, സാമ്പത്തിക പ്രശ്നങ്ങളോട് സിനിമയെന്ന മാധ്യമത്തിലൂടെ സന്ധിയില്ലാതെ പ്രതികരിക്കുമ്പോഴും അന്താരാഷ്ട്ര സിനിമയിലെ നൂതന പ്രവണതകൾ ഗൗരവത്തോടെ നോക്കിക്കണ്ട സെൻ, വളരെ ക്രിയാത്മകമായ രീതിയിൽ അവ തന്റെ ചിത്രങ്ങളിൽ ഉപയോഗിച്ചു. ആ വൈവിധ്യമാണ് മറ്റ് ഇന്ത്യൻ ചലച്ചിത്രകാരിൽനിന്ന് സെന്നിനെ വ്യത്യസ്തനാക്കുന്നത്. തന്റെ സ്വന്തം നഗരം കൽക്കട്ടയാണെന്ന് പ്രഖ്യാപിക്കുമ്പോഴും ഐസൻസ്റ്റീനും ഗൊദാർദും ബ്രഹ്തും ചാപ്ളിനും സെന്നിന് പ്രിയപ്പെട്ടവർ ആയിരുന്നു. ഇറ്റാലിയൻ നിയോ റിയലിസവും ഫ്രഞ്ച് നവതരംഗവും ലാറ്റിനമേരിക്കൻ വിപ്ലവ സിനിമയും അദ്ദേഹത്തെ സ്വാധീനിച്ചു. ഇന്ത്യയുടെ സാമൂഹ്യവും സാമ്പത്തികവും സംസ്കാരികവുമായ അവസ്ഥകളും പ്രതിസന്ധികളും തിരിച്ചറിയാൻ ഇവ തന്നെ സഹായിച്ചതായി സെൻ സൂചിപ്പിച്ചിട്ടുണ്ട്. സമൂഹത്തിലെ, വർഗപരവും ലിംഗപരവുമായ വേർതിരിവുകളും ഉച്ചനീചത്വങ്ങളും ബൂർഷ്വാസിയുടെ അമിതാഗ്രഹങ്ങളും അധികാരങ്ങളും ഭരണകൂടങ്ങളുടെ കടന്നുകയറ്റങ്ങളും തീവ്രമായി സെൻ സിനിമകളിൽ ആവിഷ്കരിച്ചു. സിനിമാ നിർമാണത്തിന്റെ ആദ്യഘട്ടങ്ങളിൽ കൽക്കട്ടയിലെ തെരുവുകളിലൂടെയും ചേരിപ്രദേശങ്ങളിലൂടെയും സഞ്ചരിച്ച സെന്നിന്റെ കാമറ, പിൽക്കാലത്ത് കഥാപാത്രങ്ങളുടെ മാത്രമല്ല, സ്വന്തം മനസ്സിനകത്തേക്കും കേന്ദ്രീകരിച്ചു.1943ലെ ബംഗാൾ ക്ഷാമം കണ്ട സെന്നിന്റെ മനസ്സിൽ തെരുവുകളിൽ മരിച്ചുകിടന്നവരുടെ ചിത്രങ്ങൾ മായാതെ കിടന്നു. ലക്ഷക്കണക്കിന് ആളുകൾ പട്ടിണിമൂലം മരിച്ച ഭക്ഷ്യക്ഷാമം, ബൈഷ്യേ ശ്രാവൺ, കൽക്കട്ട 71, അകലെർ സന്ധാനെ തുടങ്ങിയ സെൻ ചിത്രങ്ങളിൽ നേരിട്ടും അല്ലാതെയും കടന്നുവരുന്നു. എഴുപതുകളിൽ കൽക്കട്ട നഗരത്തെ പിടിച്ചുകുലുക്കിയ പ്രക്ഷോഭങ്ങളും അവയ്ക്കുനേരെ പൊലീസിന്റെ അതിക്രമങ്ങളും രേഖപ്പെടുത്തുന്ന സെന്നിന്റെ കൽക്കട്ട ചിത്ര ത്രയം ഇന്ത്യൻ രാഷ്ട്രീയ സിനിമയിൽ പുതുമ നശിക്കാതെ നിലനിൽക്കുന്നു.

തെക്കൻ ബംഗ്ലാദേശിൽപ്പെടുന്ന, ഫരീദ്പുറിൽ, 1923 മെയ് പതിനാലിനാണ്, സുഹൃത്തുക്കൾ സ്നേഹപൂർവം ‘മൃണാൾദാ’ എന്നുവിളിക്കുന്ന മൃണാൾകാന്തി സെൻ ജനിച്ചത്. ഉപരിപഠനത്തിനായി കൽക്കട്ടയിൽ എത്തിയ അദ്ദേഹം തിയറ്റർ ഗ്രൂപ്പായ ഐപിടിഎയുടെ സജീവപ്രവർത്തകനായി. ആകസ്മികമായാണ് സിനിമാരംഗത്ത് എത്തുന്നത്. അരനൂറ്റാണ്ടിലധികം നീണ്ടുനിന്ന സെന്നിന്റെ ചലച്ചിത്ര ജീവിതത്തിൽ, സംവിധാനം നിർവഹിച്ച 27 ഫീച്ചർ ഫിലിമുകൾ, ഡോക്യുമെന്ററികൾ/ഷോർട്ട് ഫിലിമുകൾ എന്നിവയ്ക്ക് പുറമെ ചലച്ചിത്രഗ്രന്ഥങ്ങൾ, ലേഖനങ്ങൾ എന്നിവ ഇപ്പോഴും വിലയിരുത്തപ്പെട്ടുകൊണ്ടിരിക്കുന്നു. രാത് ഭോർ (1955) മുതൽ അമർ ഭുവൻ (2002 ) വരെയുള്ള സെന്നിന്റെ ചിത്രങ്ങൾ കാൻ, വെനീസ് തുടങ്ങി ലോകത്തിലെ എല്ലാ ചലച്ചിത്രമേളകളിലും പ്രദർശിപ്പിച്ച് പുരസ്കാരങ്ങൾ നേടി. പല അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും സെൻ ജൂറി അംഗമായിരുന്നു. 2017ൽ അദ്ദേഹം ഓസ്കർ അക്കാദമി അംഗമായി തെരഞ്ഞെടുക്കപ്പെട്ടു, 2003ൽ ‘ദാദാ സാഹെബ് ഫാൽക്കെ’ അവാർഡ്,1981ൽ ‘പത്മ ഭൂഷൺ’ എന്നിവ സമ്മാനിച്ച് രാജ്യം സെന്നിനെ ആദരിച്ചു. നിരവധി തവണ സെൻ മികച്ച സംവിധായകനുള്ള ദേശീയ /സംസ്ഥാന അവാർഡുകൾ നേടി.
2002നു ശേഷം സജീവ സിനിമാ പ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിന്ന സെൻ, തെക്കൻ കൽക്കട്ടയിലെ ഭവാനിപുറിലെ വസതിയിൽ വിശ്രമജീവിതം നയിക്കവെ 2018 ഡിസംബർ 30ന് 95–-ാം വയസ്സിൽ അന്തരിച്ചു. സെന്നിന്റെ മിക്ക ചിത്രത്തിലും അമ്മയുടെ വേഷങ്ങൾ ചെയ്ത, അദ്ദേഹത്തിന്റെ ഭാര്യ ഗീത സെൻ നേരത്തേ നിര്യാതയായി. സെൻ ദമ്പതികളുടെ ഏകമകൻ കുനാൽ സെൻ അമേരിക്കയിൽ ശാസ്ത്രജ്ഞനാണ്. ഇന്ത്യൻ സിനിമയിൽ ഉജ്വല സംഭാവനകൾ നൽകിയ സെൻ, രാഷ്ട്രീയ-പരീക്ഷണ ചലച്ചിത്രകാരനെന്ന നിലയിൽ സാമാന്തര സിനിമാ രംഗത്ത് എക്കാലവും ഓർമിക്കപ്പെടും.