തിരുവനന്തപുരം
കട്ടപ്പുറത്തുള്ള ബസുകൾ ഘട്ടം ഘട്ടമായി നിരത്തിലിറക്കാൻ പദ്ധതിയുമായി കെഎസ്ആർടിസി. 980 ബസാണ് വിവിധ ജില്ലകളിലായി കട്ടപ്പുറത്തുള്ളത്. ഏറ്റവും കൂടുതൽ ബസുകൾ നിരത്തിൽ ഇറക്കാനുള്ളത് തിരുവനന്തപുരം ജില്ലയിലാണ് –-500.
5400 ബസുണ്ടെങ്കിലും ശരാശരി 4300–- 4400 ബസാണ് ദിവസം സർവീസ് നടത്തുന്നത്. ഇതിൽ 297 എണ്ണം സ്വിഫ്റ്റിന്റേതാണ്. മൊത്തം ബസിന്റെ 20 ശതമാനമാണ് കട്ടപ്പുറത്തുള്ളത്. അത് അഞ്ചുശതമാനമാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി മാവേലിക്കര, ആലുവ, കോഴിക്കോട്, എടപ്പാൾ റീജണൽ വർക്ഷോപ്പുകളുടെയും തിരുവനന്തപുരം സെൻട്രൽ വർക്ഷോപ്പിന്റെയും നവീകരണത്തിന് രൂപം നൽകി.
ബസുകൾ ചെറിയ കാര്യങ്ങൾക്ക് സർവീസിൽനിന്ന് ഒഴിവാക്കുന്നതിനുപകരം അറ്റകുറ്റപ്പണി കാര്യക്ഷമമാക്കാനാണ് ശ്രമം. ഡ്യൂട്ടിയിൽനിന്ന് ജീവനക്കാർ വിട്ടുനിൽക്കുന്നത് ആവർത്തിക്കാതിരിക്കാനും നടപടി സ്വീകരിക്കും. ഇതിനുള്ള പദ്ധതി നടപ്പാക്കാൻ ഗതാഗതമന്ത്രി ആന്റണി രാജു ഉന്നത ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. സംസ്ഥാനത്തിനു പുറത്തെ വിവിധ ആർടിസികളുടെ പ്രവർത്തനം പഠിച്ചശേഷമാണ് പദ്ധതിക്ക് രൂപം നൽകിയത്. ദിനംപ്രതി കലക്ഷൻ എട്ടുകോടിയാക്കി മുന്നേറാനുള്ള നടപടികൾക്കൊപ്പം കൂടുതൽ ബസുകൾ നിരത്തിൽ ഇറക്കുന്നതും നേട്ടമാകും. 15 വർഷം പൂർത്തിയായ 237 ബസ് സെപ്തംബർ പകുതിയോടെ നിരത്തിൽനിന്ന് പിൻവലിക്കുന്നതിന്റെ മുന്നോടിയായാണ് അറ്റകുറ്റപ്പണിക്ക് മാസ്റ്റർ പ്ലാൻ ഒരുക്കിയത്.
ബസുകൾ ആറുമാസത്തിലൊരിക്കൽ സർവീസ് നടത്തും. ഇതിന്റെ ഭാഗമായി വർക്ഷോപ്പുകളിൽ സർവീസ് തുടങ്ങി. ഗ്യാരേജുകളിലെ സ്റ്റോറിൽ സ്പെയർ സ്പാർട്സ് ഉറപ്പുവരുത്തും. പല മേഖലകളിൽ മെക്കാനിക്കൽ ജീവനക്കാരെ നിയമിക്കുന്നതിനുപകരം ശാസ്ത്രീയമായി ഡ്യൂട്ടി ക്രമീകരിക്കും. ടയർ തേയ്മാനം കുറയ്ക്കാൻ ശാസ്ത്രീയരീതി നടപ്പാക്കാനും പദ്ധതിയുണ്ട്.