തൃശൂര് > സുതാര്യവും അഴിമതിരഹിതവുമായ രീതിയിൽ തൊഴിലുറപ്പ് പദ്ധതി രാജ്യത്ത് മികച്ചതായി നടപ്പാക്കുന്ന സംസ്ഥാനം കേരളമാണെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. സംസ്ഥാന സർക്കാരിന്റെ 100 ദിനകർമ പരിപാടിയുടെ ഭാഗമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തിയായ 53 അങ്കണവാടികളുടെ പൂർത്തീകരണ പ്രഖ്യാപനം പാഞ്ഞാളിലെ 23–-ാം നമ്പർ അങ്കണവാടി ഉദ്ഘാടനം ചെയ്ത് നിര്വഹിക്കുകയായിരുന്നു മന്ത്രി.
തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി രാജ്യത്ത് ആദ്യമായി കൊണ്ടുവരുന്ന സംസ്ഥാനമാകാൻ പോകുകയാണ് കേരളം. തൊഴിലുറപ്പ് പദ്ധതി വഴി 438 അംഗൻ വാടികളുടെ നിർമാണം പൂർത്തിയാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം 9.56 കോടി തൊഴിൽദിനങ്ങൾ പ്രദാനം ചെയ്തു. രാജ്യത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ആദ്യമായി സോഷ്യൽ ഓഡിറ്റ്, ഓംബുഡ്സ്മാന്റെ പ്രവർത്തനം എന്നിവ കൊണ്ടുവരാൻ കേരളത്തിന് കഴിഞ്ഞു മന്ത്രി പറഞ്ഞു.
ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തിയാൽ മാത്രമേ കുട്ടികൾ അങ്കണവാടിയിൽ വരികയുള്ളൂ എന്നും തൊഴിലുറപ്പ് പദ്ധതി വഴി നിർമിച്ച അങ്കണവാടികൾ അക്കാര്യത്തിൽ വിജയിച്ചതായും അധ്യക്ഷത വഹിച്ച മന്ത്രി കെ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു.
പൂർത്തിയാക്കിയ അങ്കണവാടിയുടെ താക്കോൽ മന്ത്രി എം ബി രാജേഷ് പാഞ്ഞാൾ പഞ്ചായത്ത് പ്രസിഡന്റ് വി തങ്കമ്മയ്ക്ക് നൽകി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷ്റഫ്, ജില്ലാ പഞ്ചായത്ത് അംഗം കെ ആർ മായ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കൃഷ്ണൻകുട്ടി, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ പി കൃഷ്ണൻകുട്ടി, രമണി തലച്ചിറ,നിർമല രവികുമാർ, എ കെ ഉണ്ണിക്കൃഷ്ണൻ , ബ്ലോക്ക് അംഗം എ ഇ ഗോവിന്ദൻ, ലത ഭാസ്കരൻ, ബിഡിഒ എ ഗണേഷ്, ഡിഡിപി ഒ കോമളവല്ലി, പാഞ്ഞാൾ പഞ്ചായത്ത് സെക്രട്ടറി ആൽഫ്രഡ് സോജൻ, ഡബ്ല്യുസി ഡി ഓഫീസർ പി മീര, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി അസിസ്റ്റന്റ് ഡയറക്ടർ ബാലകൃഷ്ണൻ, ജോയിന്റ് പ്രോഗ്രാം കോർഡിനേറ്റർ എം കെ ഉഷ എന്നിവർ സംസാരിച്ചു.















