മുട്ടുചിറ (കോട്ടയം)
ഉയരങ്ങൾ സ്വപ്നം കണ്ടവൾ നാടിന്റെ കണ്ണീർപ്പൂവായി കൊഴിഞ്ഞു. മുട്ടുചിറയിലെ വീട്ടുവളപ്പിലൊരുക്കിയ ചിതയിൽ ആ ശരീരം ആളിക്കത്തിയപ്പോൾ കെട്ടത് നാടിന്റെയും വീടിന്റെയും വിളക്കാണ്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ക്രൂരമായി കൊല്ലപ്പെട്ട ഹൗസ് സർജൻ ഡോ. വന്ദന ദാസിന് ജന്മനാട് കണ്ണീരോടെ വിടനൽകി. വ്യാഴം പകൽ 2.30ന് വീട്ടുവളപ്പിലായിരുന്നു സംസ്കാരം. വന്ദനയുടെ അമ്മാവൻ വിനോദിന്റെ മകൻ പന്ത്രണ്ടുകാരനായ നിവേദ് ചിതക്ക് തീകൊളുത്തി.
“കണ്ണ് തുറക്ക്മോളേ’ എന്ന അമ്മ വസന്തകുമാരിയുടെ അലറിക്കരച്ചിലിൽ നാടാകെ നനഞ്ഞു. തളർന്നുവീണ വസന്തകുമാരിയെയും കരച്ചിലടക്കാൻ കഴിയാതിരുന്ന അച്ഛൻ മോഹൻദാസിനെയും ബന്ധുക്കൾ താങ്ങി വീടിനുള്ളിലേക്ക് കൊണ്ടുപോയി.
നാട്ടിലെ സ്കൂളിലും അസീസിയ മെഡിക്കൽ കോളേജിലും വന്ദന ദാസിനൊപ്പം പഠിച്ചവർ പ്രിയപ്പെട്ടവളെ അവസാനമായി കാണാൻ ഓടിയെത്തി. അതിരാവിലെ വീട്ടിലെത്തിയ ആരോഗ്യമന്ത്രി വീണാ ജോർജ് വന്ദനയുടെ അമ്മയുടെ കൈചേർത്തുപിടിച്ച് ആശ്വസിപ്പിച്ചു. വികാരാധീനയായി കരഞ്ഞു. മന്ത്രി വി എൻ വാസവൻ, സ്പീക്കർ എ എൻ ഷംസീർ, മുതിർന്ന സിപിഐ എം നേതാവ് വൈക്കം വിശ്വൻ, ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റ് പി കെ ശ്രീമതി, നടൻ മമ്മൂട്ടി, സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനിൽകുമാർ, എംപിമാരായ ജോസ് കെ മാണി, തോമസ് ചാഴികാടൻ, മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കേന്ദ്രമന്ത്രി വി മുരളീധരൻ എന്നിവർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.















