കോട്ടയം> കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കൊല്ലപ്പെട്ട ഡോക്ടർ വന്ദന ദാസിന് അന്ത്യമോപചാരമർപ്പിക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജ് എത്തി. വന്ദനയുടെ മൃതദേഹം പൊതുദർശനത്തിന് വെച്ചിരിക്കുന്ന കോട്ടയം മുട്ടുചിറയിലെ വീട്ടിലെത്തിയ മന്ത്രി മാതാപിതാക്കളെ ആശ്വസിപ്പിച്ചു.
നിരവധി പേരാണ് വന്ദനയെ അവസാനമായി ഒരു നോക്കു കാണാൻ വീട്ടിലേക്ക് ഒഴുകിയെത്തുന്നത്. തിരക്ക് കണക്കിലെടുത്ത് കടുത്തുരുത്തിക്കും, കുറുപ്പുന്തറയ്ക്കും ഇടയിൽ ഗതാഗത സഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. നിരവധി പൊലീസുകാരെയാണ് ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്. വന്ദനയുടെ സംസ്കാര ചടങ്ങുകൾ ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കും.
ഇന്നലെ പുലർച്ചെ നാലരയോടെയാണ് വന്ദന ദാസ് ആക്രമിക്കപ്പെടുന്നത്. ചികിത്സക്കായി പൊലീസ് എത്തിച്ച സ്കൂൾ അധ്യാപകനായ സന്ദീപ് വന്ദനയെ കത്രികകൊണ്ട് കുത്തുകയായിരുന്നു. വന്ദന ദാസിന്റെ ശരീരത്തിൽ 11 കുത്തുകളേറ്റിരുന്നു. മുതുകിലും തലയിലുമേറ്റ കുത്തുകളാണ് മരണത്തിനു കാരണമായതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.