തിരുവനന്തപുരം> എഐ കാമറ വിവാദത്തിൽ പ്രതിപക്ഷത്തിനും മാധ്യമങ്ങൾക്കുമെതിരെ നിയമനടപടിയുമായി എസ്ആർഐടി. വസ്തുതാ വിരുദ്ധവും അപകീർത്തികരവുമായി ആരോപണങ്ങൾ പ്രചരിപ്പിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഏഷ്യാനെറ്റ് ന്യൂസ്, മനോരമ ന്യൂസ് എന്നിവർക്കാണ് വക്കീൽ നോട്ടീസ് അയച്ചത്. സുപ്രീംകോടതി അഭിഭാഷകൻ കെ ആർ സുഭാഷ് ചന്ദ്രൻ വഴിയാണ് നോട്ടീസ് അയച്ചതെന്നും സിഇഒ ഡോ. മധു നമ്പ്യാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കമ്പനിക്കെതിരായ അപവാദ പ്രസ്താവനകൾ പിൻവലിച്ച് പര്യസമായി ഖേദം പ്രകടിപ്പിക്കുകയും ഏഴു ദിവസത്തിനുള്ളിൽ തെറ്റായ വാർത്ത തിരുത്തുകയും വേണം. ഇല്ലാത്തപക്ഷം നിയമ നടപടികളിലേക്ക് നീങ്ങുമെന്നും നോട്ടീസിൽ പറയുന്നു. അപകീർത്തികരവും വസ്തുതാവിരുദ്ധവുമായ പ്രസ്താവനകളും വാർത്തകളും കമ്പനിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്. ഇതിനു ശേഷം കമ്പനിയുടെ സർക്കാർ സ്ഥാപനങ്ങളടക്കമുള്ള ബിസിനസ് കക്ഷികളിൽനിന്ന് ചോദ്യങ്ങൾ ഉയരുന്നു. കമ്പനി നൽകിയ വിശദീകരണം പോലും വളച്ചൊടിച്ചാണ് വാർത്ത നൽകിയതെന്നും നോട്ടീസിൽ പറയുന്നു.
തലസ്ഥാനത്ത് കമ്പനി അധികൃതർ നടത്തിയ രണ്ടു മണിക്കൂറിലേറെ നീണ്ട വാർത്താസമ്മേളനത്തിൽ മാധ്യമങ്ങൾ ഉയർത്തിയ എല്ലാ ചോദ്യങ്ങൾക്കും വിശദമായ മറുപടി നൽകി. കമ്പനിക്കെതിരെ വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാജനകവുമായ വാർത്തകളാണ് നൽകിയതെന്ന് മധു നമ്പ്യാർ പറഞ്ഞു. വസ്തുത അന്വേഷിക്കാൻ മാധ്യമങ്ങളും പ്രതിപക്ഷ നേതാക്കളും തയ്യാറായില്ല. എല്ലാ വിവരവും രേഖകളും നൽകാൻ തയ്യാറായിരുന്നു. എന്നാൽ, അതിനായി ആരും ബന്ധപ്പെട്ടില്ല. നൽകിയ വിശദീകരണംപോലും വളച്ചൊടിച്ചാണ് വാർത്ത നൽകിയതെന്നും അദ്ദേഹം പറഞ്ഞു. എസ്ആർഐടി ഡയറക്ടർ പി സി മാർട്ടിൻ, അഭിഭാഷകൻ കെ ആർ സുഭാഷ് ചന്ദ്രൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.