തിരുവനന്തപുരം> മലപ്പുറം തിരൂർ താലൂക്കിലെ താനൂർ തൂവൽ തീരം ബീച്ചിലുണ്ടായ ബോട്ട് അപകടത്തെക്കുറിച്ച് റിട്ട. ജസ്റ്റിസ് വി കെ മോഹനൻ ചെയർമാനായ ജുഡീഷ്യൽ കമ്മിഷൻ അന്വേഷിക്കും. നീലകണ്ഠൻ ഉണ്ണി (റിട്ട. ചീഫ് എഞ്ചിനീയർ, ഇൻലാന്റ് വാട്ടർവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യ), സുരേഷ് കുമാർ (ചീഫ് എഞ്ചിനീയർ, കേരള വാട്ടർവേയ്സ് ആന്റ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്) എന്നീ സാങ്കേതിക വിദഗ്ധർ കമ്മീഷൻ അംഗങ്ങളായിരിക്കും.
ദുരന്തത്തിൽ മരിച്ച 22 പേരുടെയും കുടുംബത്തിലെ അനന്തരാവകാശികൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷം രൂപാവീതം ധന സഹായം പ്രഖ്യാപിച്ചിരുന്നു. പരിക്കേറ്റവരുടെ ചികിത്സാചെലവ്, രക്ഷാപ്രവർത്തനം എന്നിവയ്ക്കായി 25 ലക്ഷം രൂപയും അനുവദിച്ചിരുന്നു. ഇതുകൂടാതെ പരിക്കേറ്റവരുടെ തുടർ ചികിത്സാ ചെലവ് വഹിക്കുവാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
മന്ത്രിസഭാ യോഗ തീരുമാനങ്ങൾ
ധനസഹായം
ദേശീയ സൈക്കിൾ പോളോ മത്സരത്തിൽ പങ്കെടുക്കുന്നതിന് നാഗ്പൂരിൽ എത്തി അവിടെ വെച്ച് അസുഖം ബാധിച്ച് മരണപ്പെട്ട ആലപ്പുഴ, അമ്പലപ്പുഴ നിദാ ഫാത്തിമയുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 5 ലക്ഷം രൂപ ധനസഹായം അനുവദിച്ചു. കുടുംബത്തിന്റെ സാമ്പത്തിക പരാധീനത കണക്കിലെടുത്താണ് തീരുമാനം.
ജോലി സമയത്തിൽ ഇളവ്
ഓട്ടിസം, സെറിബ്രൽ പാൾസി, ബഹുവൈകല്യം, മാനസിക വളർച്ചയില്ലായ്മ തുടങ്ങിയ അവസ്ഥകളിൽ 40 ശതമാനമോ അതിലധികമോ ഭിന്നശേഷിത്വമുള്ള കുട്ടികളുടെ മാതാപിതാക്കളായ സർക്കാർ ജീവനക്കാരിൽ ഒരാൾക്ക് ജോലി സമയത്തിൽ ഇളവു നൽകും. സർക്കാർ ജീവനക്കാർക്ക് നിലവിൽ അനുവദിച്ചിട്ടുള്ള ഇളവുകൾക്കു പുറമേ ഒരു മാസം ആകെയുള്ള ജോലി സമയത്തിൽ പരമാവധി 16 മണിക്കൂർ കൂടിയാണ് ഇളവ് അനുവദിക്കുന്നത്.
സ്ഥലം അനുവദിച്ചു
കേരള മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ ലിമിറ്റഡിന് (KMSCL) മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള കേന്ദ്രം നിർമ്മിക്കുന്നതിനും ആസ്ഥാനമന്ദിരം വിപുലീകരിക്കുന്നതിനുമായി സ്ഥലം അനുവദിച്ചു. തിരുവനന്തപുരം തൈക്കാട് വില്ലേജിലാണ് ഒരു ഏക്കർ 22 സെന്റ് സ്ഥലം 21,07,631 രൂപ വാർഷിക പാട്ടം ഈടാക്കി 30 വർഷത്തേക്ക് വ്യവസ്ഥകളോടെ പാട്ടത്തിന് നൽകുന്നത്.
കരട് ബില്ലിന് അംഗീകാരം
അബ്കാരി നിയമം 67 A പ്രകാരം രാജിയാക്കാവുന്ന കുറ്റകൃത്യങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ലാത്ത 55 H, 55 I സെക്ഷനുകൾ പ്രകാരമുള്ള കുറ്റകൃത്യങ്ങൾക്ക് പിഴത്തുക 50,000 രൂപയായി ഉയർത്തി അബ്കാരി നിയമം ഭേദഗതി ചെയ്യുന്നതിനുള്ള കരട് ബില്ലിന് അംഗീകാരം നൽകി. കുറ്റകൃത്യങ്ങളുടെ ഡിക്രിമിനലൈസേഷൻ നടപടികളുടെ ഭാഗമായി നടപടി.
തസ്തിക സൃഷ്ടിച്ചു
നാട്ടിക എസ്.എൻ. കോളേജിൽ മൂന്ന് പുതിയ മലയാള അദ്ധ്യാപക തസ്തികകൾ സൃഷ്ടിക്കും.
കേരള സ്റ്റേറ്റ് ഓർഗൻ ആന്റ് ടിഷ്യൂ ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷനിൽ മൂന്നു പുതിയ തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു. ജോയിന്റ് ഡയറക്ടർ, കൺസൾറ്റന്റ്, ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് എന്നീ തസ്തികകളാണ് സൃഷ്ടിക്കുക. ആദ്യത്തെ രണ്ട് തസ്തികകൾ കരാർ അടിസ്ഥാനത്തിലും മൂന്നാമത്തേത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ദിവസ വേതനത്തിലുമാണ്.
ശമ്പള പരിഷ്ക്കരണം
സപ്ലൈകോ ജീവനക്കാർക്ക് ധനകാര്യവകുപ്പ് അംഗീകരിച്ച ശമ്പള സ്കെയിലും നിബന്ധനകളും ഉൾപ്പെടുത്തി 11-ാം ശമ്പള പരിഷ്ക്കരണം അനുവദിച്ചു.
കുടിശ്ശിക നൽകും
പ്രളയാനന്തരം നദികളിൽ അടിഞ്ഞുകൂടിയ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിന് തയ്യാറാക്കിയ കരട് മാർഗ്ഗനിർദ്ദേശത്തിന് അംഗീകാരം നൽകി. 40,36,08,265 (നാല്പതു കോടി മുപ്പത്തിയാറുലക്ഷത്തി എണ്ണായിരത്തി ഇരുന്നുറ്റി അറുപത്തി അഞ്ചുരൂപ) രൂപയുടെ ഫണ്ടാണ് അനുവദിച്ചത്. പ്രളയാനന്തരം നദികളിൽ അടിഞ്ഞുകൂടിയ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിന് തയ്യാറാക്കിയ കരട് ബില്ലിനും മന്ത്രിസഭായോഗം അംഗീകാരം നൽകി.
പുതിയ ഫയർ ആന്റ് റസ്ക്യൂ സ്റ്റേഷൻ
കൊല്ലം ജില്ലയിലെ ഓയൂരിൽ പുതിയ ഫയർ ആന്റ് റസ്ക്യൂ സ്റ്റേഷൻ സ്ഥാപിക്കുന്നതിന് അനുമതി നൽകി.
വാഹനങ്ങൾ വാങ്ങുന്നതിന് അനുമതി
വിവര പൊതുജന സമ്പർക്ക വകുപ്പിലേക്ക് പുതിയ എട്ട് വാഹനങ്ങൾ വാങ്ങുന്നതിന് അനുമതി നൽകി.
പരിഹാര വനവൽക്കരണത്തിന് ഭൂമി കൈമാറാൻ അനുമതി
പാലക്കാട് ഐഐടിക്കുവേണ്ടി വനംവകുപ്പിൽ നിന്നും ഏറ്റെടുത്ത 18.14 ഹെക്ടർ ഭൂമിക്കു പകരം അട്ടപ്പാടി താലൂക്കിൽ 20.022 ഹെക്ടർ ഭൂമി വനം വകുപ്പിന് പരിഹാര വനവൽക്കരണത്തിനായി കൈമാറാൻ അനുമതി നൽകി.