കൊല്ലം > കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി സന്ദീപ് ലഹരിക്ക് അടിമയെന്ന് പൊലീസ്. നെടുമ്പന യുപി സ്കൂള്‍ അധ്യാപകനായ പൂയപ്പള്ളി സ്വദേശി സന്ദീപ് സസ്പെന്‍ഷനിലായിരുന്നു. എംഡിഎംഎ ഉപയോഗിച്ചതിനാണ് പ്രതിയെ സസ്പെന്‍ഡ് ചെയ്തത്. വീടിന് സമീപമുള്ളവരുമായി അടിപിടി നടത്തിയതിനായിരുന്നു ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
വൈദ്യപരിശോധനയ്ക്കായാണ് സന്ദീപിനെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിയതു മുതല്‍ പ്രതി അക്രമാസക്തനായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് വനിതാ ഡോക്ടറെ പ്രതി ആക്രമിച്ചത്. കത്രിക ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമിക്കുന്നത് കണ്ട് തടയാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരേയും പ്രതി ആക്രമിച്ചു. നാലുപേര്‍ക്ക് കുത്തേറ്റിട്ടുണ്ട്.
ഡോക്ടർ വന്ദനയുടെ കഴുത്തിനും നെഞ്ചിനുമാണ് കുത്തേറ്റത്. ശരീരത്തിൽ അഞ്ചോളം കുത്തുകൾ ഏറ്റിട്ടുണ്ട്. കഴുത്തിനേറ്റ മുറിവ് ഗുരുതരമായിരുന്നു. വന്ദനയെ ഉടൻ തന്നെ തിരുവനന്തപുരത്ത് എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്ന് രാവിലെയോടെയാണ് ദാരുണമായ സംഭവമുണ്ടായത്. കോട്ടയം കടുത്തുരുത്തി സ്വദേശിനിയാണ് മരിച്ച വന്ദന. വ്യാപാരിയായ മോഹന്‍ദാസിന്റെ ഏകമകളാണ്. കൊല്ലം അസീസിയ മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജനാണ്. ഹൗസ് സര്‍ജന്‍സിയുടെ ഭാഗമായുള്ള ഒരുമാസത്തെ പോസ്റ്റിങ്ങിന്റെ ഭാഗമായാണ് വന്ദന കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കെത്തിയത്. ചൊവ്വാഴ്ച നൈറ്റ് ഷിഫ്റ്റിലായിരുന്നു ഡ്യൂട്ടി. ഇതിനിടെയാണ് ദാരുണമായ സംഭവമുണ്ടായത്.
സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. 7 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം