മുംബൈ> സൂര്യകുമാർ യാദവിന്റെ ആറാട്ടിൽ മുംബൈ ഇന്ത്യൻസിന് തകർപ്പൻ ജയം. ഐപിഎൽ ക്രിക്കറ്റിൽ ആറ് വിക്കറ്റിന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ തോൽപ്പിച്ചു. 35 പന്തിൽ 83 റണ്ണുമായി താണ്ഡവമാടിയ സൂര്യകുമാർ ആറ് സിക്സറും ഏഴ് ഫോറും പറത്തി വിജയമുറപ്പിച്ചു. സ്കോർ: ബാംഗ്ലൂർ 6–-199, മുംബൈ 4–-200 (16.3).
ഓപ്പണർമാരായ ഇഷാൻ കിഷനെയും (21 പന്തിൽ 42) രോഹിത് ശർമയെയും (എട്ട് പന്തിൽ 7) ഒറ്റ ഓവറിൽ വീഴ്ത്തി വണീന്ദു ഹസരങ്ക ബാംഗ്ലൂരിനായി കളി പിടിക്കാൻ ശ്രമിച്ചതാണ്. എന്നാൽ, മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന സൂര്യകുമാറും നേഹൽ വധേരയും കളിയുടെ നിയന്ത്രണം സ്വന്തമാക്കി. ഇരുവരും ചേർന്ന് 140 റണ്ണടിച്ചു. നാലം അർധസെഞ്ചുറി നേടിയ സൂര്യകുമാർ സെഞ്ചുറിയിലേക്ക് കുതിക്കവെ വിജയകുമാർ വൈശാഖിന്റെ പന്തിൽ കേദാർ ജാദവ് പിടിച്ച് പുറത്തായി.
അപ്പോഴേക്കും മുംബൈ വിജയത്തിന് എട്ട് റൺ അകലെ എത്തിയിരുന്നു. തൊട്ടുത്ത പന്തിൽ ടിം ഡേവിഡ് റണ്ണെടുക്കാതെ മടങ്ങിയതൊന്നും വിജയം വൈകിപ്പിച്ചില്ല. 21 പന്ത് ബാക്കിയിരിക്കെ നേടിയ ജയത്തോടെ മുംബൈ പട്ടികയിൽ മൂന്നാമതെത്തി. 34 പന്തിൽ 52 റണ്ണെടുത്ത നേഹൽ വധേര സിക്സറടിച്ചാണ് വിജയമൊരുക്കിയത്.
ആദ്യ ഓവറിൽ വിരാട് കോഹ്ലിയെ (1) നഷ്ടമായശേഷം അർധസെഞ്ചുറികളുമായി ഫാഫ് ഡു പ്ലെസിസും ഗ്ലെൻ മാക്സ്വെലുമാണ് ബാംഗ്ലൂരിന് മികച്ച സ്കോർ സമ്മാനിച്ചത്. ക്യാപ്റ്റൻ ഡു പ്ലെസിസ് 41 പന്തിൽ 65 റണ്ണുമായി ഈ സീസണിലെ ആറാം അർധസെഞ്ചുറി സ്വന്തമാക്കി. അതിൽ അഞ്ച് ഫോറും മൂന്ന് സിക്സറും ഉൾപ്പെട്ടു. മാക്സ്വെൽ 33 പന്തിൽ 68 റൺ നേടി. എട്ട് ഫോറും നാല് സിക്സറും നിറഞ്ഞ ഇന്നിങ്സ്.
മൂന്നാം ഓവറിൽ 16 റണ്ണെടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടശേഷമാണ് ബാംഗ്ലൂർ തിരിച്ചുവന്നത്. മൂന്നാംവിക്കറ്റിൽ ഡു പ്ലെസിസും മാക്സ്വെലും അടിച്ചുതകർത്തു. ഇരുവരും ചേർന്ന് നേടിയത് 120 റൺ.
ദിനേഷ് കാർത്തിക് 18 പന്തിൽ 30 റണ്ണടിച്ചു. നാല് ഫോറും ഒരു സിക്സറും നിറഞ്ഞ ഇന്നിങ്സ് സ്കോർ ഉയർത്തുന്നതിൽ നിർണായകമായി.
മുംബൈയ്ക്കായി ഓസ്ട്രേലിയൻ പേസർ ജാസൻ ബെഹറെൻഡോർഫ് മൂന്ന് വിക്കറ്റെടുത്തു.