കൽപ്പറ്റ > വെള്ളമുണ്ട പഞ്ചായത്തിലെ പൊതുവിദ്യാലയങ്ങളിൽനിന്ന് ആദിവാസി വിദ്യാർഥികളെ കൂട്ടത്തോടെ കൊല്ലത്തെ സ്വകാര്യ വിദ്യാലയത്തിലേക്ക് മാറ്റാനുള്ള നീക്കത്തിൽ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ (ടിഡിഒ) അന്വേഷണ റിപ്പോർട്ട് കൈമാറി. കലക്ടർക്കും പട്ടികവർഗവകുപ്പ് ഡയറക്ടർക്കുമാണ് റിപ്പോർട്ട് നൽകിയത്. മാനന്തവാടി ഡിടിഒ സി ഇസ്മായിലാണ് അന്വേഷണം നടത്തിയത്. കോളനികൾ സന്ദർശിച്ച് രക്ഷിതാക്കൾ, വിദ്യാർഥികൾ എന്നിവരുമായി സംസാരിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
ആവശ്യമെങ്കിൽ വിദ്യാർഥികളെ ജില്ലയിലെ മോഡൽ റസിഡൻഷ്യൽ വിദ്യാലയങ്ങളിലേക്ക് മാറ്റാമെന്ന് രക്ഷിതാക്കളെ അറിയിച്ചു. പൂക്കോട്, കണിയാമ്പറ്റ, തിരുനെല്ലി, നല്ലൂർനാട് എന്നിവിടങ്ങളിലെ റസിഡൻഷ്യൽ സ്കൂളുകളിൽ പ്രവേശനം നൽകാമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ നേരത്തെ വ്യക്തമാക്കിയിരുന്നു. പൊതുവിദ്യാലയത്തിൽനിന്ന് ഗോത്രവിദ്യാർഥികളെ വിദൂരജില്ലയിലെ സ്വകാര്യ സ്കൂളിലേക്ക് കൊണ്ടുപോകാനുള്ള ഇടപെടലുകളും താൽപ്പര്യങ്ങളും അന്വേഷിക്കണമെന്നും ടിഡിഒയുടെ റിപ്പോർട്ടിലുണ്ട്.
വാരാമ്പറ്റ ഗവ.ഹൈസ്കൂളിൽനിന്ന് മുപ്പത്തിയഞ്ചും വെള്ളമുണ്ട എയുപിയിൽനിന്ന് രണ്ടും മൊതക്കര ഗവ. എൽപി സ്കൂളിൽനിന്ന് ഒരുവിദ്യാർഥിയുടെയും ടിസിക്കാണ് അപേക്ഷ നൽകിയിട്ടുള്ളത്. വെള്ളമുണ്ടയിലെ വാളാരംകുന്ന്, കൊയറ്റുപാറ, നരിപ്പാറ, അംബേദ്കർ കോളനികളിലുള്ളവരാണ് കുട്ടികളെല്ലാം. രക്ഷിതാക്കളെ സ്വാധീനിച്ച് കൊല്ലം പാരിപ്പള്ളിയിലെ അൺഎയ്ഡഡ് വിദ്യാലയത്തിലേക്ക് കൊണ്ടുപോകാനാണ് ശ്രമം.
സംഭവത്തിൽ വെള്ളമുണ്ട ഗവ. ഹൈസ്കൂൾ പിടിഎ കലക്ടർക്ക് പരാതിനൽകിയിട്ടുണ്ട്. വിദ്യാഭ്യാസവകുപ്പും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. വിദ്യാർഥികൾക്ക് ജില്ലയിൽതന്നെ വിദ്യാഭ്യാസത്തിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് മന്ത്രി കെ രാധാകൃഷണൻ കലക്ടറോടും നിർദേശിച്ചിട്ടുണ്ട്.