തിരുവനന്തപുരം
പാർലമെന്റ് പാസാക്കിയ ഉൾനാടൻ ജലഗതാഗത നിയമത്തിനായുള്ള പ്രത്യേക ചട്ടങ്ങൾ സംസ്ഥാനത്ത് തയ്യാറാക്കാനുള്ള പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിൽ. പുതിയ ചട്ടങ്ങളും വിവിധ കമീഷൻ നിർദേശങ്ങളും ഉൾപ്പെടുത്തും.
കേരളത്തെ ഞെട്ടിച്ച 2009 സെപ്തംബർ 30-ലെ തേക്കടി ബോട്ടപകടം കവർന്നത് 46 പേരുടെ ജീവനായിരുന്നു. അതിനുശേഷമുള്ള വലിയ ബോട്ടപകടമാണ് താനൂരിലേത്. ഇത്തരം അപകടങ്ങൾ എങ്ങനെ ഒഴിവാക്കാമെന്നതു സംബന്ധിച്ച നിർദേശങ്ങൾ സംയോജിപ്പിക്കാൻ വിവിധ ഘട്ടങ്ങളിലായി മൂന്ന് കമീഷനുകൾക്ക് സംസ്ഥാന സർക്കാർ രൂപംനൽകിയിരുന്നു.
2002 ജൂലൈ 27നു കുമരകത്ത് നടന്ന അപകടത്തിൽ ജസ്റ്റിസ് നാരായണ കുറുപ്പ് കമീഷൻ, -2007 ഫെബ്രുവരി 20-ന് തട്ടേക്കാട് നടന്ന അപകടത്തിൽ ജസ്റ്റിസ് പരീതുപിള്ള കമീഷൻ, 2009 -സെപ്തംബർ 30നു- നടന്ന അപകടത്തിൽ ജസ്റ്റിസ് മൊയ്തീൻ കുഞ്ഞ് കമീഷൻ എന്നിവരെയാണ് നിയോഗിച്ചത്. ഈ കമീഷനുകൾ മുന്നോട്ടുവച്ച വിവിധ നിർദേശങ്ങൾ അടിസ്ഥാനമാക്കി സുരക്ഷയുറപ്പാക്കാൻ സർക്കാർ മാർഗനിർദേശം നൽകിയിരുന്നു. ബോട്ടുകളുടെ പഴക്കവും അനുവദനീയമായതിലും കൂടുതൽ ആളുകളെ കയറ്റുന്നതും അപകടങ്ങളുടെ പ്രധാന കാരണമായി കമീഷനുകൾ ചൂണ്ടിക്കാട്ടിയിരുന്നു. സഞ്ചാരപാത കൃത്യമായി അടയാളപ്പെടുത്താത്തതും ആഴം, വീതി എന്നിവ പരിപാലിക്കാത്തതും അപകടസാധ്യത കൂട്ടും. ബോട്ട് തൊഴിലാളികളുടെയും യാത്രക്കാരുടെയും അറിവില്ലായ്മ, അശ്രദ്ധ, യാത്രക്കാരെ ജീവനക്കാർ നിയന്ത്രിക്കാത്തത്, നിർമാണപ്പിഴവ്, ലൈസൻസ് നൽകുന്ന പ്രക്രിയയിലെ പോരായ്മ, ബോട്ടിൽ കയറ്റിയിട്ടുള്ള ആളുകളുടെ എണ്ണം തുടങ്ങിയവയെല്ലാം അപകട കാരണങ്ങളായി കമീഷനുകൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.